Friday, April 1, 2011

"ഫസ്റ്റ് ഡേറ്റ്"

വലിയ പട്ടണത്തില്‍-
വെറും കയ്യായി എത്തിയവന്‍!
പുതിയ ചായം തേച്ച-
പഴയ പാദുകം!
പൊടിപിടിച്ച കണ്ണാടിയില്‍-
ചിരിച്ചു പഠിക്കുന്ന മുഖം!
വെള്ളയടിച്ച ചുവരില്‍-
കാഴ്ച അനാഥമാകുമ്പോള്‍,
മണ്ണ് മണമുള്ള ഇത്തിരി സ്വപ്‌നങ്ങള്‍!

അവള്‍ നടന്നു കയറുമ്പോള്‍,
ശാട്ട്യം പിടിക്കും  കുട്ടിപോല്‍-
കുഴഞ്ഞ പാദുകജല്പനം!

ചാണകം മെഴുകിയ-
മനസ്സിന്‍ ഊടുവഴിയില്‍-
നഗരവും-ഞാനും, "ഫസ്റ്റ് ഡേറ്റ്"!

കീശയില്‍ പഴഞ്ജന്‍-
വിലയില്ലാ നാണയപ്പെരുപ്പം.
നിരത്തുകള്‍ ചിരിച്ചു തളളും വിശപ്പ്‌-
വെറും നാണം കെട്ട വേദന!

സംഗീതക്കൊഴുപ്പില്‍-
"റോക്കും റാപ്പും" പാടി-
മദിരശാലകള്‍!

അന്തിയായ്,
"ക്യാന്‍റ്റില്‍ ലൈറ്റ് ഡിന്നര്‍"...

അവള്‍ ഞാന്‍ നീട്ടും പരുപരുത്ത-
കരം... വെറുത്തു...
"ഡിസ്ഗസ്റ്റട്‌.....വാട്ട്‌ ജോബ്‌?
നോ മണി, നോ മാനേര്സ്"!!

എന്റെ കൈ അപ്പോഴും-
മണ്ണ് മണക്കുന്നുണ്ടായിരുന്നു......! 
പ്രിയ സഖിക്കായ്-
തുളസി തറയില്‍ നിന്നും-
അമ്മ തന്ന മണ്ണ്!