Saturday, November 27, 2010

ഏദേനില്‍ പാര്‍ക്കുന്നവര്‍

അവന്‍  അവളോട്‌,
എദേന്‍തോട്ടത്തിലെ-
സ്വപ്നങ്ങളില്‍ പിറന്നവളെ,
നിനക്ക് നല്‍കാന്‍ ഞാന്‍ കരുതിവച്ച-
കുഞ്ഞുപൂവ്-
കിളച്ചു മറിച്ച ഈ കറുത്ത മണ്ണില്‍-
ഒരു കൊച്ചു ചെടിയായി വളരുന്നു!
കള പറിച്ചും ജലമൊഴിച്ചും,
എന്റെ വിയര്‍പ്പിന്റെ-
കാലങ്ങളില്‍ ശിശിര ഗ്രീഷ്മ-
വസന്ത ഹേമന്തങ്ങള്‍ ഇവിടെ  വിരിയും!
നിന്നെ മറക്കുന്ന-
ഈ ദിനങ്ങളില്‍-
ഞാന്‍ നിന്നെ കാത്തിരിക്കുകയായിരിക്കും!
നമ്മള്‍  കണ്ടുമുട്ടുമ്പോള്‍-
ഒരു പുഷ്പമല്ല, ഒരു വസന്തമാണ്-
നിനക്കായി ഞാന്‍ കരുതുക!
അന്ന് ഞാന്‍ പഴയ ആദമായിരിക്കും!
സായംകാലം ഏദനില്‍-
നമ്മളിരുവരും യാഹോവക്കൊപ്പം-
നടക്കാനിറങ്ങും! 
അവള്‍ അവനോട്‌,
ഞാനെന്നും ഉത്തമഗീതങ്ങള്‍-
പാടിയാണ് ഉറങ്ങുക.
നിന്നില്‍ പിറന്ന-
 കുഞ്ഞിനെ പാലൂട്ടുമ്പോള്‍-
അവന്‍ എദേന്‍ തോട്ടത്തെക്കുറിച്ചാണ്-
എന്നോട് പറയുന്നത്!
നിന്നെ എന്നും ഓര്‍ക്കാന്‍-
എന്റെ മുലകള്‍ക്ക്-
ആദവും ഹവ്വയും എന്ന് പേരിട്ടിരിക്കുന്നു!
അത് കുടിച്ചാണ് നമ്മുടെ-
മകന്‍ വളരുന്നത്‌!
അവന്‍ ഇത്തിരി വളരുമ്പോള്‍-
ക്രൂരയായ അമ്മയായി-
അവനെ ഏതോ നയില്‍നദിയില്‍-
ഒഴുക്കും!
എന്നിട്ട് പൊട്ടിക്കരയും...
നമ്മുടെ മകനെക്കുറിച്ചിട്ടല്ല, 
നമുക്ക് നഷ്ടപ്പെട്ട എദേന്‍ തോട്ടത്തെക്കുറിച്ച്  !! 



  

Thursday, November 25, 2010

കറുത്ത കിളി

നിന്നില്‍ ചിറകു പകുതി വെട്ടി-
അടച്ചിട്ടിരുന്ന കറുത്ത കിളിയാണ്-
ഇന്ന് നിന്നെ കൊത്തിപ്പറിച്ചു-
നിന്റെ ജീവന് വിലചോദിക്കുന്നത്!

ഈ കറുത്ത കിളി തന്നെ-
കൂട്ടില്‍ നിന്നിറങ്ങിവന്ന്- 
നസ്രത്ത്കാരന്റെ  ചീട്ടു കൊത്തി-
നിന്റെ കയ്യില്‍ തന്നതും!

ആരോ പണിതുവച്ച-
വാഴ്വിന്റെ തൂക്കുയന്ത്രത്തില്‍-
നിനക്കടുക്കിവക്കാന്‍-
പുണ്ണ്യശിലകളുടെ   ഭാരം-
ഇല്ലാതെ പോയി!
നിന്റെ വിലകെട്ട-
ജീവിത പുസ്തകം മറിച്ച്‌നോക്കി-
ഒരു ചുംബനം നല്‍കാന്‍-
ഒരമ്മയും ഇല്ലാതെ പോയി!
പിന്‍വിളി കേള്‍ക്കാതെ-
ഇരുട്ടിലിറങ്ങി നടക്കുമ്പോള്‍-
നീ വെളിച്ചത്തെ മറന്നുവോ?

ഇത് കറുപ്പുകള്‍ കനംവച്ചു-
യൂദാസാവുന്നത്......!

നീയവന്റെ പിറകെ നടന്നത്? !
അവന്‍ വിളിച്ചത്?! 
മുപ്പതു വെള്ളിക്കാശിലേക്ക്-
നിന്റെ വിലപേശല്‍ എത്തി നിന്നത്?!

നിന്റെ കുമ്പസാരത്തിനു-
ലോകം കാത്തിരിക്കും!
എന്റെ മരണക്കിടക്കയിലെ-
വേദപുസ്തകത്തില്‍ നിന്റെ ആദ്യായവും-
ചേര്‍ത്തു ഞാന്‍ വായിക്കും...
'ഇന്ന് ഞാന്‍ ഒറ്റുകാരനെ സ്നേഹിക്കുന്നു-
അങ്ങനെ സ്നേഹത്തെയും!'  
      

Sunday, November 7, 2010

ദേവദാസി

വെറുതെ കാണുന്ന-
വെറുംസ്വപ്നങ്ങളില്‍,
മുള്‍മുടി തണലില്‍-
പൂത്ത കുരിശുമരം!
ആര്‍ക്കോ വേണ്ടി ദേവദാസിയായവള്‍-
ഒരു കണ്ണീര്‍ക്കുടം കാത്തുവച്ചു!
ഉടഞ്ഞ വ്രത നിഷ്ഠ,
നിറഞ്ഞ കല്ഭരണി,
കയ്ക്കും   രുധിരം! 
അവള്‍ വിറകൊണ്ട കയ്യാല്‍-
നിന്റെ വാതിലില്‍ മുട്ടി-
ഒരു കിടപ്പറ തീര്‍ത്തു-
മുട്ടുകുത്തി നിന്‍ കനിവിന്‍-
കാലുകള്‍ കെടുതിയുടെ-
മിച്ചപാത്രത്തില്‍ കണ്ണീരാല്‍ കഴുകി,
കാലം കറുപ്പിച്ച ചൊടിയാല്‍-
പ്രണയത്തിന്നോര്‍മ്മ തന്നവള്‍!
അവളില്‍-
പിതാവില്ലാ ജന്മം കൊള്ളുമൊരു-
കുഞ്ഞ്‌!
അവനെ ക്രിസ്തു എന്ന് ഞാന്‍-
വീണ്ടും വിളിക്കും!
അവന്‍ ഇനിയും പ്രണയം-
ചൊല്ലിതീര്‍ക്കാതെ-
മറ്റൊരു 'മാഗ്ദലിനെ' കാത്തിരിക്കും!
അവനുവേണ്ടി കഴുമരം-
തീര്‍ക്കുന്നവര്‍ക്കിടയില്‍-
അവള്‍ വെറുക്കപ്പെട്ടവളുടെ-
അപേക്ഷയായി, തെരുവില്‍ 
കല്ലെറിഞ്ഞു കൊല്ലപ്പെടും!
അവര്‍ക്ക് സ്വര്‍ഗ്ഗങ്ങള്‍ വേണ്ട,
ഭൂമിയില്‍ പുതിയ ജന്മവും പ്രണയവും-
തുടരും!
ജനിക്കുന്നതൊരായിരം രക്ഷകരായിരിക്കും!   

 

 

Thursday, November 4, 2010

മോഹപക്ഷികള്‍

ഓരോ യാത്രയും-
നിന്നെ കാണുവാന്‍ വേണ്ടിയായിരുന്നു.
എങ്കിലും,
നീയെന്റെ അലച്ചില്‍-
കണ്ട്‌ പൊട്ടിച്ചിരിക്കുന്നു!
മുഖം പൊത്തി-
എന്റെ അരികത്തുകൂടി നടക്കുന്നു!
ഞാന്‍ തപ്പിത്തടയുമ്പോള്‍-
വളവില്പനകാരിയുടെ ശീല്കാരം-
നിന്റെ കൈവളകളെന്നും,
ആരോ തന്ന-
ഇത്തിരി ജലത്തില്‍-
നിന്റെ കരസ്പര്‍ശനമെന്നും,
ഏതോ നദി-
കരത്തില്‍ കാറ്റായി വഹിക്കും-
സുഗന്ധം നിന്റെതെന്നും,   
ഒക്കെ ഞാന്‍ മോഹിച്ചു പോകുന്നു.
ആര്‍ക്കു വേണ്ടിയോ-
നീയെന്നെ കാണാന്‍ മടിക്കുന്നു!
അതോ നീയും-
എന്നെ അകലങ്ങളില്‍-
തിരയുന്ന യാത്രക്കാരി!
നമ്മള്‍ മോഹപക്ഷികള്‍,
മോഹത്തിന്റെ മാറാപ്പില്‍-
മധുരവും കൈപും കാലവും ഒതുക്കിയവര്‍!

കടല്‍ ഘനീഭവിക്കുമ്പോള്‍

ഇനിയും ഞാനെഴുതുന്ന-
കവിതകള്‍ക്കായി-
കടല്‍ ഇരമ്പുകയാണ്!
ഞാനെന്റെ ദുഖത്തില്‍-
ചാലിച്ചെടുത്ത മധുരത്തെ-
ക്കുറിച്ച് എഴുതണം.
കണ്ണുകള്‍ നിറയുമ്പോള്‍-
കണ്ണുനീരല്ല-
കടല്‍ ജലമെന്നു എഴുതണം!
മനസ് നീറുന്നതു-
മുറിവില്‍ കടലുപ്പ്‌
ചേരുന്നത് കൊണ്ടെന്നെഴുതണം!
എല്ലാറ്റിലേക്കും ഒരു കടല്‍-
ഇറങ്ങി വരുന്നത് പോലെ..
എന്നെ വിഴുങ്ങുകയല്ല,
പെരുംകടല്‍-
ഒരു ഓളപ്പരപ്പായി എന്റെ-
നെഞ്ചകത്ത്  ഘനീഭവിക്കുന്നത്‌  പോലെ! 
.