Saturday, November 27, 2010

ഏദേനില്‍ പാര്‍ക്കുന്നവര്‍

അവന്‍  അവളോട്‌,
എദേന്‍തോട്ടത്തിലെ-
സ്വപ്നങ്ങളില്‍ പിറന്നവളെ,
നിനക്ക് നല്‍കാന്‍ ഞാന്‍ കരുതിവച്ച-
കുഞ്ഞുപൂവ്-
കിളച്ചു മറിച്ച ഈ കറുത്ത മണ്ണില്‍-
ഒരു കൊച്ചു ചെടിയായി വളരുന്നു!
കള പറിച്ചും ജലമൊഴിച്ചും,
എന്റെ വിയര്‍പ്പിന്റെ-
കാലങ്ങളില്‍ ശിശിര ഗ്രീഷ്മ-
വസന്ത ഹേമന്തങ്ങള്‍ ഇവിടെ  വിരിയും!
നിന്നെ മറക്കുന്ന-
ഈ ദിനങ്ങളില്‍-
ഞാന്‍ നിന്നെ കാത്തിരിക്കുകയായിരിക്കും!
നമ്മള്‍  കണ്ടുമുട്ടുമ്പോള്‍-
ഒരു പുഷ്പമല്ല, ഒരു വസന്തമാണ്-
നിനക്കായി ഞാന്‍ കരുതുക!
അന്ന് ഞാന്‍ പഴയ ആദമായിരിക്കും!
സായംകാലം ഏദനില്‍-
നമ്മളിരുവരും യാഹോവക്കൊപ്പം-
നടക്കാനിറങ്ങും! 
അവള്‍ അവനോട്‌,
ഞാനെന്നും ഉത്തമഗീതങ്ങള്‍-
പാടിയാണ് ഉറങ്ങുക.
നിന്നില്‍ പിറന്ന-
 കുഞ്ഞിനെ പാലൂട്ടുമ്പോള്‍-
അവന്‍ എദേന്‍ തോട്ടത്തെക്കുറിച്ചാണ്-
എന്നോട് പറയുന്നത്!
നിന്നെ എന്നും ഓര്‍ക്കാന്‍-
എന്റെ മുലകള്‍ക്ക്-
ആദവും ഹവ്വയും എന്ന് പേരിട്ടിരിക്കുന്നു!
അത് കുടിച്ചാണ് നമ്മുടെ-
മകന്‍ വളരുന്നത്‌!
അവന്‍ ഇത്തിരി വളരുമ്പോള്‍-
ക്രൂരയായ അമ്മയായി-
അവനെ ഏതോ നയില്‍നദിയില്‍-
ഒഴുക്കും!
എന്നിട്ട് പൊട്ടിക്കരയും...
നമ്മുടെ മകനെക്കുറിച്ചിട്ടല്ല, 
നമുക്ക് നഷ്ടപ്പെട്ട എദേന്‍ തോട്ടത്തെക്കുറിച്ച്  !! 



  

4 comments: