Thursday, December 22, 2011

കണ്ണുനീര്‍മുത്ത്

കണ്ണ് നീര്‍ തുള്ളി...
ഒരു നുള്ള്
എന്റെ ഉള്ളിന്റെ ഉള്ളു!!
ഞാനെങ്ങനെ നിന്നെ പ്രണയിച്ചു?-
എന്ന നിന്റെ ചോദ്യത്തിന്നുത്തരം.

സഖി,
നീയെന്റെ അരുമ  സ്വപ്നങ്ങളെ-
കേള്‍ക്കാന്‍ ഓര്‍മ്മകള്‍ തന്നു!
നല്ല നേരങ്ങളില്‍- ഒരു-
വിളിപ്പാടകലം കാത്തു നില്‍ക്കുന്നു!
നിറഞ്ഞ പൊട്ടിച്ചിരികളില്‍-
നീ ഓടിയെത്തുന്നു!
ദുഃഖത്തില്‍,
എന്‍ നോവുകള്‍ നനവുകളാല്‍-
ചാലിച്ച്-
എന്നെ നിറച്ചു ഊട്ടുന്നു!
എന്നരികിലായ്-
കവിളില്‍ ഉമ്മ വെച്ചെന്നെ-
ഉറക്കുന്നു!
രാത്രിയെപ്പോഴോ-
നീയെന്‍ പ്രണയത്തെ ഉണര്‍ത്തുന്നു!
ഇനി നാളെ വരുമെന്നോതി-
നടന്നകലുന്നു!

നിനക്ക് സമ്മാനം,
ഒരു കണ്ണുനീര്‍മുത്ത് !!

ഡെമോക്രസി

കെട്ടിയിട്ട നായ കുരക്കുന്നത്-
കെട്ടു പൊട്ടിക്കാനല്ല,
കെട്ടിയിട്ടവനോട് 'ഉണ്ണുന്ന-
ചോറിനു നന്ദി'!

കുരക്കുന്നതിലെ 'ഹിപ്പോക്രസി'
കൂലംകഷം ചോദ്യം ചെയ്യും-
തെരുവ് പട്ടികള്‍ക്ക്-
വല്യ വീട്ടിലെ 'നായ സുഖം'-
അറിയാത്തതുകൊണ്ടാണ്‌-...! !...

സത്യം പറഞ്ഞാല്‍,
കുരക്കുമ്പോഴും വലാട്ടണം-
എന്നാണു വിധി!
അകത്തുള്ള അന്യായം-
കണ്ടു മുരളുക മാത്രം!
കുരയില്‍ 'ഫോര്മാലിടിയും, 
ടെകോറവും' 'എ മസ്റ്റ്‌!!!!!....!!!!.'!
ഇനി കുരക്കാതിരുന്നാല്‍
ബെസ്റ്റ്!
കുരയ്ക്കുന്ന പട്ടി കടിക്കില്ല-
എന്ന് വെപ്പ് !!   

അങ്ങനെ പട്ടികളിലെ 'പട്ടികജാതി'
കന്നി മാസത്തിലെ ശല്യം!
അവര്‍ക്ക് വേണ്ടി 'റിസര്‍വേഷനും 
കോട്ട' യും പണിതു-
വല്യവീട്ടിലെ നായ്ക്കള്‍-
'ഡെമോക്രസി' ആഘോഷിക്കട്ടെ!!! 


Tuesday, December 20, 2011

മുല്ലപെരിയാറിനു...എന്ന് സ്വന്തം കൊച്ചി



എത്രയും പ്രിയമുള്ള മുല്ലേ,
ഇവിടെ ..

മഴയാണ് പെരുത്ത മഴയാണ്-
മഴയില്‍ മറന്നു കളിക്കയാണ്-
മണ്ണ് പൊത്തി, കണ്ണ് പൊത്തി
കളിക്കുന്നു തീക്കളി!

ഇന്നലെ,
എങ്ങുനിന്നോ എന്റെ പ്രണയിനി-
ഒരു കൊച്ചു തുംബിയെന്നരികെ വന്നു.
അവളറിയാ വ്യഥകള്‍, ജലകഥകള്‍-
ചൊല്ലി ചിറകു തല്ലി,
ജ്വലിക്കും വൈദ്യുത വിളക്കിന്നടിയില്‍-
എന്റെ കിടപ്പറ കൂട്ടില്‍ ചിതയൊരുക്കി!

പണ്ട് ഞങ്ങള്‍ പ്രണയം കൂടുകെട്ടിയ-
ഇറയ കോലായില്‍ ഇന്നിറ്റുവീഴും-
ജലപുഷ്പമവളുടെ കണ്ണുനീരാവുന്നു.
ജാലകം തുറക്കുന്നു പിന്നെയും-
ഭയന്നടക്കുന്നപ്പുറം വരവായി-
പാടി...മഴമേഘം.
"മഴയാണ് പെരുത്ത മഴയാണ്-
മഴയില്‍ മറന്നു കളിക്കയാണ്"

തളര്‍വാതം തഴച്ചുവളര്‍ന്നു,
കൂട്ടിനായി -
നൂറ്റാണ്ട് പഴകിയ ചുവര്‍ ഭിത്തി!
പല്ലിയും  പഴുതാരയും പാമ്പും-
പല്ലിളിക്കുന്നു.
മഴ നനുപ്പിച്ച  ജീര്‍ണ പാദങ്ങളാല്‍-
കന്മതില്‍ വേച്ചു നില്‍ക്കുന്നു.
ചീവീടുകള്‍ സ്വ മരണജാതകം-
മറന്നിട്ടു പാടുന്നു...
"മഴയാണ് പെരുത്ത മഴയാണ്-
മഴയില്‍ മറന്നു കളിക്കയാണ്" 

ഇനി മദം പൊട്ടി മഴയും-
ഇടി വെട്ടും കാറ്റുകള്‍.
ഉച്ചിയില്‍ കണ്ണടക്കുന്നു-
വിദ്യുച്ഛക്തി.
മതില്‍ വെള്ളം തിന്നു ചീര്‍ക്കുന്നു-
പതിക്കുന്നു ദുരന്ത നാടക യവനിക!
പെരുത്ത  പെരുവെള്ളം കുതിക്കുന്നു-
ധമനിയെ തകര്‍ക്കുന്നു!
ശവശരീരങ്ങള്‍ക്ക് ഒരു ജലകുടീരം തീര്‍ക്കുന്നു!

എല്ലാം അവസാനിച്ചു-
എങ്കിലും
പറക്കാന്‍ മടിചെന്റെ  മഴതുമ്പി,
മാറില്‍ കണ്ണുപൊത്തി കിടക്കുന്നു!
ഒരു ജപം മാത്രം 'കൊച്ചി മരിക്കല്ലേ'


മഴയാണ് പെരുത്ത മഴയാണ്-
മഴയില്‍ മറന്നു കളിക്കയാണ്-
മണ്ണ് പൊത്തി കണ്ണുപൊത്തി കളിക്കുന്നു തീക്കളി!

Sunday, May 8, 2011

കണ്ണീര്‍ക്കഞ്ഞി

ആരോ ഊതി കെടുത്തി -
നിന്റെ നൊമ്പരങ്ങളുടെ സ്വര്‍ഗ്ഗം!
ആര്‍ക്കും വേണ്ടാതെ,
കൊച്ചു കുടിലില്‍-
കരിന്തിരി കത്തിയ വിശപ്പ്‌!
കണ്ണടച്ചാല്‍ കരുത്തില്ലാതെ,
കണ്ണുനീര്‍ ഇറ്റിറ്റു രക്തമായി-
ഒരു കൊച്ചു കടലാകുന്നു,
കവിതകള്‍ മുങ്ങിച്ചാവുന്നു-
കലിയടങ്ങാ കലംബലില്‍ 
കുറിച്ചുവെക്കാന്‍ അക്ഷരം
നിന്റെ  ശവശരീരം........!

ഇന്നീ കുരുന്നു കൈകളെ തൊട്ടു-
ഞാനെന്‍ രോക്ഷം ഊതി കൊടുങ്കാറ്റില്‍-
കത്തിയെരിയും ചിതയിലെന്‍-
അന്ത്യ ചേതനചേര്‍ത്തു-
നിന്നെ വാരി പുണര്‍ന്നു പുതിയ-
പിറവിക്കു കാക്കും!

ഒരുനാള്‍-
കണ്പീലി മെല്ലെ അടച്ചെന്നെ-
കുളിപ്പിച്ചു വെള്ളപുതപ്പിച്ചു-
മന്ത്ര മണിമുഴക്കി,
കത്തും സാബ്രാണികള്‍, 
അന്ത്യ ജപമാലയും ചൊല്ലി-
ഇത്തിരി മണ്ണ് തന്നെന്നെ യാത്രയാക്കും,
പരാത്മാവേ, 
എന്‍ മരണപത്രം-
ഏതോ വിശപ്പുമാറാ മരിക്കും കുഞ്ഞിന്നു -
ഒരു നേരമെങ്കിലും അന്നമായിരുന്നേല്‍!




ഡല്‍ഹിയില്‍ കൊല്ലപ്പെട്ട ബാലവേലക്കാരനെ ഓര്‍ത്തു......

Friday, April 1, 2011

"ഫസ്റ്റ് ഡേറ്റ്"

വലിയ പട്ടണത്തില്‍-
വെറും കയ്യായി എത്തിയവന്‍!
പുതിയ ചായം തേച്ച-
പഴയ പാദുകം!
പൊടിപിടിച്ച കണ്ണാടിയില്‍-
ചിരിച്ചു പഠിക്കുന്ന മുഖം!
വെള്ളയടിച്ച ചുവരില്‍-
കാഴ്ച അനാഥമാകുമ്പോള്‍,
മണ്ണ് മണമുള്ള ഇത്തിരി സ്വപ്‌നങ്ങള്‍!

അവള്‍ നടന്നു കയറുമ്പോള്‍,
ശാട്ട്യം പിടിക്കും  കുട്ടിപോല്‍-
കുഴഞ്ഞ പാദുകജല്പനം!

ചാണകം മെഴുകിയ-
മനസ്സിന്‍ ഊടുവഴിയില്‍-
നഗരവും-ഞാനും, "ഫസ്റ്റ് ഡേറ്റ്"!

കീശയില്‍ പഴഞ്ജന്‍-
വിലയില്ലാ നാണയപ്പെരുപ്പം.
നിരത്തുകള്‍ ചിരിച്ചു തളളും വിശപ്പ്‌-
വെറും നാണം കെട്ട വേദന!

സംഗീതക്കൊഴുപ്പില്‍-
"റോക്കും റാപ്പും" പാടി-
മദിരശാലകള്‍!

അന്തിയായ്,
"ക്യാന്‍റ്റില്‍ ലൈറ്റ് ഡിന്നര്‍"...

അവള്‍ ഞാന്‍ നീട്ടും പരുപരുത്ത-
കരം... വെറുത്തു...
"ഡിസ്ഗസ്റ്റട്‌.....വാട്ട്‌ ജോബ്‌?
നോ മണി, നോ മാനേര്സ്"!!

എന്റെ കൈ അപ്പോഴും-
മണ്ണ് മണക്കുന്നുണ്ടായിരുന്നു......! 
പ്രിയ സഖിക്കായ്-
തുളസി തറയില്‍ നിന്നും-
അമ്മ തന്ന മണ്ണ്!


Wednesday, March 30, 2011

കച്ചവടം



ഉദ്യാനത്തില്‍-
'കറുത്ത പക്ഷിപ്പാട്ടുകള്‍'!

യൌവ്വനം പ്രണയമറിയാതെ-
പുഷ്പിക്കുന്നു,
പിറ്റെന്നാള്‍,
മാസമുറപോലുമറിയാതവള്‍-
പിഴുതെടുക്കപ്പെട്ടിരിക്കുന്നു!

'ഡാലിയ' പുഷ്പങ്ങളുടെ-
ചൊടികള്‍ ചുവക്കും മുന്‍പേ-
'ഹോര്‍മോണ്‍' ല്‍  പഴുപ്പിചെടുത്തിരിക്കുന്നു!

വില കൂടിയ 'ഓര്‍ക്കിഡ്' കളുടെ,
തിരക്കില്‍-
മേനിയഴകും, മണവും, നിറവുമില്ലാതെ-
മുല്ലയും, മന്ദാരവും!

റീത്തും പൂച്ചെണ്ടും-
പോലുമാകാനാവാത്തവര്‍!

മോഹമറിയാത്തിവരുടെ,  
ചിതലരിച്ച ചിത്രങ്ങള്‍ കണ്ടു-
അയാള്‍  പ്രണയാതുരനായിരിക്കുന്നു !

എന്നിട്ടെപ്പോഴോ-
ആരെയോ തിരഞ്ഞുകൊണ്ട്‌,
ഭ്രാന്തമായി കൊതിതീരാ-
ചിതക്ക്‌, അല്ല ഉദ്യാനത്തിന്-
ചുറ്റുവട്ടം വയ്ക്കുന്നയാള്‍!!







Sunday, March 27, 2011

കടുമാങ്ങ

കടം കിട്ടിയ അക്ഷരങ്ങള്‍-
വാക്കുകളാക്കി-
കല്‍ഭരണിയില്‍,
കടുമാങ്ങ അചാറുപോലെ,
ഒന്നുമില്ലാത്തപ്പോള്‍ തൊട്ടുകൂട്ടാന്‍!

റോസാപ്പൂവിന്റെ-
ദളങ്ങള്‍ കൊഴിയുമ്പോള്‍,
കാറ്റ് നൊമ്പരപ്പെടുന്നു!
പ്രണയിക്കുന്നവന്റെ വാക്കും അങ്ങനെ തന്നെ!

ജീവിതം മറവി തന്നത്-
ഒരിക്കല്‍ ജീവിതത്തെ തന്നെ മറക്കാന്‍!

കഴലുകള്‍ വ്യഥയറിയുമ്പോള്‍-
ഒത്തിരി നടന്നുവെന്ന് തോന്നും,
പക്ഷെ എങ്ങും എത്തിയില്ലാ എന്നതാണ് ദുഃഖം!

തൊടിയിലെ മുല്ലപ്പൂവാണ്- 
ജീവിതം!
ചന്തയില്‍ കൂടിയ വിലക്ക് വില്‍ക്കുന്ന-
"ജാസ്മിന്‍ സെന്‍റ്" നെ 
ആരോ പ്രണയം എന്ന് വിളിക്കുന്നു...