Wednesday, March 30, 2011

കച്ചവടം



ഉദ്യാനത്തില്‍-
'കറുത്ത പക്ഷിപ്പാട്ടുകള്‍'!

യൌവ്വനം പ്രണയമറിയാതെ-
പുഷ്പിക്കുന്നു,
പിറ്റെന്നാള്‍,
മാസമുറപോലുമറിയാതവള്‍-
പിഴുതെടുക്കപ്പെട്ടിരിക്കുന്നു!

'ഡാലിയ' പുഷ്പങ്ങളുടെ-
ചൊടികള്‍ ചുവക്കും മുന്‍പേ-
'ഹോര്‍മോണ്‍' ല്‍  പഴുപ്പിചെടുത്തിരിക്കുന്നു!

വില കൂടിയ 'ഓര്‍ക്കിഡ്' കളുടെ,
തിരക്കില്‍-
മേനിയഴകും, മണവും, നിറവുമില്ലാതെ-
മുല്ലയും, മന്ദാരവും!

റീത്തും പൂച്ചെണ്ടും-
പോലുമാകാനാവാത്തവര്‍!

മോഹമറിയാത്തിവരുടെ,  
ചിതലരിച്ച ചിത്രങ്ങള്‍ കണ്ടു-
അയാള്‍  പ്രണയാതുരനായിരിക്കുന്നു !

എന്നിട്ടെപ്പോഴോ-
ആരെയോ തിരഞ്ഞുകൊണ്ട്‌,
ഭ്രാന്തമായി കൊതിതീരാ-
ചിതക്ക്‌, അല്ല ഉദ്യാനത്തിന്-
ചുറ്റുവട്ടം വയ്ക്കുന്നയാള്‍!!







Sunday, March 27, 2011

കടുമാങ്ങ

കടം കിട്ടിയ അക്ഷരങ്ങള്‍-
വാക്കുകളാക്കി-
കല്‍ഭരണിയില്‍,
കടുമാങ്ങ അചാറുപോലെ,
ഒന്നുമില്ലാത്തപ്പോള്‍ തൊട്ടുകൂട്ടാന്‍!

റോസാപ്പൂവിന്റെ-
ദളങ്ങള്‍ കൊഴിയുമ്പോള്‍,
കാറ്റ് നൊമ്പരപ്പെടുന്നു!
പ്രണയിക്കുന്നവന്റെ വാക്കും അങ്ങനെ തന്നെ!

ജീവിതം മറവി തന്നത്-
ഒരിക്കല്‍ ജീവിതത്തെ തന്നെ മറക്കാന്‍!

കഴലുകള്‍ വ്യഥയറിയുമ്പോള്‍-
ഒത്തിരി നടന്നുവെന്ന് തോന്നും,
പക്ഷെ എങ്ങും എത്തിയില്ലാ എന്നതാണ് ദുഃഖം!

തൊടിയിലെ മുല്ലപ്പൂവാണ്- 
ജീവിതം!
ചന്തയില്‍ കൂടിയ വിലക്ക് വില്‍ക്കുന്ന-
"ജാസ്മിന്‍ സെന്‍റ്" നെ 
ആരോ പ്രണയം എന്ന് വിളിക്കുന്നു...