Monday, July 19, 2010

ഹാന്‍ഡ്‌കെര്‍ചീഫ്

  നീ എപ്പോഴോ കളവും പറയാന്‍ തുട
 ങ്ങിയിരിക്കുന്നു!....


'നിന്റെ നെറ്റിയിലെ കറുത്ത പൊട്ടും, 
വാലിട്ടു കണ്ണെഴുതിയ കരിനീല കണ്മഷിയും,
ചൊടിയില്‍ തേച്ച ചായവും,
പുതിയ അത്തറിന്റെ ഗന്ധവും!' എല്ലാം.......   
നീ  കടമെടുതതല്ലേ.......?!


നീയിപ്പോള്‍ പറയും, എല്ലാം നീ എനിക്ക് വേണ്ടിയാണ്-
ചെയ്തതെന്ന്.
നിനക്കറിയാമോ?, ഞാന്‍ കണ്ടിരുന്ന സ്വപ്നങ്ങളിലെല്ലാം-
നീ ചായം പൂശാതവള്‍, അത്തറും ഇടാതവള്‍!
ആ നാള്‍ മുതല്‍ അമ്മ വീതം വച്ച് തന്ന
'കുഞ്ഞു തൂവാല' ഞാന്‍ പോക്കെറ്റില്‍ സൂക്ഷിച്ചിട്ടുണ്ട്-
സത്യമാണ്! കടം തന്നെ!


നിനക്കൊരിക്കലും ദൈന്യത്തിന്റെ വര്‍ണം 
അഴകാകാതിരികാന്‍......... 
തുടച്ചു മാച്ചു പുത്തന്‍ പൌഡര്‍ ഇട്ടു, അഞ്ജനം എഴുതി,
നമ്മുടെ സൊകാര്യതയില്‍-
നിന്റെയും എന്റെയും കണ്ണീരൊപ്പാന്‍......! 

അക്ഷരങ്ങള്‍

എഴുത്ത് വിരല്‍ത്തുമ്പ് നനച്ചു വച്ചിട്ട് ഞാന്‍
അക്ഷരങ്ങള്‍ അന്വേഷിക്കുകയാണ്!......
ഞാന്‍ നടക്കുന്നതും യാചിക്കുന്നതും,

അക്ഷരങ്ങള്‍ക്ക് വേണ്ടിയാണത്രേ!

കോടതി മുറിയില്‍ എന്റെ സാക്ഷി വിസ്താരം-
ജനനവും മരണവും സാക്ഷി!
'അമ്നെഷിയ' ബാധിച്ച ഞാന്‍ അവരെ !
തിരിച്ചറിയുന്നില്ല!
അവര്‍ക്കിടയില്‍ ആരെയോ തിരയുന്നു.......
മുഖം കണ്ടാലറിയുമോ? അറിയും!
ശബ്ദം കേട്ടാലോ.....? ...........ഉം!

ഏകാന്തതയുടെ ദൂരം ഒത്തിരി നീളുന്നതുപോലെ-
ഒറ്റപ്പെടലില്‍ ഓര്‍മ്മകള്‍ നഷ്ടപ്പെടും അല്ലെ?!
അക്ഷരങ്ങളും..........?!

Tuesday, July 6, 2010

തിരുക്കുടുംബം

രാത്രി എപ്പോഴോ  ഞാന്‍ ഞെട്ടിയുണരും,
വിശപ്പ്‌ വഴികാണിച്ചു തരും-
ഇറ്റു ചമ്മലോടെ കഞ്ഞിക്കലം മെല്ലെ തുറന്നു നോക്കും!


ഒരു ഉള്‍വിളി  എന്നോണം അമ്മയെ ഓര്‍ക്കും,
ഒരു പിടി അടുക്കള ഓര്‍മകളാണ് അമ്മ, പിന്നെ കുറെ സുഗന്ധങ്ങളും!

 
ഇത്തിരി കഞ്ഞി ഉപ്പിട്ട് മോന്തി കുടിക്കുമ്പോള്‍,
കണ്ണ് നിറയുന്നു- കഞ്ഞിയില്ലാ കിടാങ്ങളെ മനസ് മുലയൂട്ടുകയാണ്!
മുലക്കന്നു കടിച്ചു വലിക്കുന്നതുപോലെ ചങ്കില്‍ വേദന.


നിഴലുപോലെ അമ്മയുടെ രൂപം,
ഒട്ടിയ വയര്‍, പ്ലായിലയില്‍ കോരിത്തരുന്ന അല്പം പഴങ്കഞ്ഞി.
കണ്ണ് നിറയുന്നു-
വിതുമ്പലിന് അങ്ങേ അറ്റത്ത് കുറ്റബോധത്തിന്റെ ഏങ്ങലടി-
കഴിവില്ലാത്തവന്‍ എന്ന വിങ്ങിപ്പോട്ടല്‍-
ഇരുട്ടിന്‍ മറയിലേക്ക് നിസഹായതയുടെ നിഴല്‍ ഇറങ്ങി പോകുന്നു!
അരുതേ!.............


എന്റെ ഓര്‍മകളുടെ ബലം ഊര്‍ന്നു പോകുന്നതുപോലെ-
അത് ഇരുട്ടിനെ ഭയക്കുകയാണ്!
ഇനി ഓര്‍മകള്‍ക് പോകാനിടമില്ലാ......
എല്ലാറ്റിനെയും ഭയമാണ്!


ഇന്ന്  എനിക്ക് വിശക്കുമ്പോള്‍,
എന്റെ വിശപ്പിന്റെ ഓര്‍മകളെ തേടി അവരെത്തും!
എന്നിട്ട് അവര്‍ ഒരുമിച്ചു ഒട്ടിയ വയറും കൈ തയമ്പും
എന്നെ കാണിച്ചു കളിപ്പിച്ചു........

തിരുസരൂപത്തിനു   മുന്‍പില്‍...
'അന്നന്നതേക്ക് വേണ്ട അപ്പം ഇന്ന് ഞങ്ങള്‍ക്ക് നല്കണമേ'.

Monday, July 5, 2010

മണ്ണും മകനും

കര കരയുന്നു, വന്‍കര കത്തുന്നു!
കലങ്ങാതെ കഴലുകള്‍ കരിയാതെ കാക്കുവതാരീ.........
മണ്ണിന്റെ മരിക്കും മാറിലെ മിച്ച ജീവ ത്വരയെ
സ്മാരിക്കുവതാരമ്മേ, ഭൂമി മാതാവേ ?

ഈ വിണ്ടുണങ്ങികീറും വിധിയുടെ വേദനാഭൂമിയില്‍,
ഇവ്വിധം തലതല്ലി കേഴും ആത്മാവിന്നന്തരംഗ പിറുപിരുപ്പില്‍..
ചെടിയുടെ ആര്ദ്രമാവസാനശ്വാസകെടുതിയില്‍
ഒരു തീയായി ചുടലക്കളം തീര്‍ക്കും   വിഷലിപ്ത ശ്വാസനാളിയാം
പിഴവിന്റെ മേഘങ്ങളേ.....

പ്രാണനെ പ്രാകിയും ഇടനെഞ്ചിലീ പ്രവിന്നുടഞ്ഞ
പരിവേദന പാത്രത്തില്‍ ഇന്ന് നീ പൊഴിക്കും,
വിശപ്പിന്റെ ധാന്യ മണിയുണ്ട് ഞാന്‍ തീര്‍ക്കും
വിനയുടെ വിശുദ്ത്ത വാതിലെ ,

തുറക്കൂ തുറക്കൂ തിറ തെയ്യങ്ങള്‍ ആടിയെത്തൂ,
ഒരു വിനാശ പേമാരിയായി പെയ്തിറങ്ങി ഈ ധാരയുടെ
ഒടുങ്ങാത്ത വിലാപവുമോടുക്കൂ!

കരി മണ്ണിന്‍ കാക്കകള്‍ അന്ന്യോന്യം അറിയാകണ്ണുകള്‍ ചൂഴ്ന്നെടുതയ്യോ,
കോവിലില്‍ കാളിക്ക് കാല നൈവേദ്യം കഴിപ്പൂ!
കിഴക്കും പടിഞ്ഞാറും കുരുക്കിയിട്ടൂ, കാറ്റിന്കുരുവിയെ-
കൈകള്‍ അറ്റ്‌ മരിക്കുവാന്‍ വിട്ടു
വേനലിന്‍ വിഷവാത വൈര ഹസ്ത പ്രഹസനം!

ബീജമായി വേനലിന്‍ വ്യര്‍ത്ഥ സ്വപ്ന തപോവനത്തിലെവിടെയോ-
വിരിയുവാന്‍ കാക്കുന്ന കലിയോടു കാമിനി ചൊല്ലുക,
``വേണ്ട നീ വിരിയേണ്ട``
ലോകവും ദേഹവും വിരിയാതെ കാക്കണം എങ്കിലേയീ താപ-
രസലായനി ഒരിക്കലും ഒടുക്കത്തെ അത്തഴമുന്നാതിരിക്കൂ !

എന്റെ ഉണ്ണിയെ കാത്തോണം ഇറ്റുവെള്ളമാ ചൊടിയില്‍ എകണം ഇന്ന്
താനീ മരിക്കും മണ്ണിന്റെ വിഴുപ്പുമേന്തി
ഉഴ്റിയെതോ മറവിയുടെ ചെമന്ന ചില്ലയില്‍ തന്റെ
ഉണ്മയുടെ ആത്മാവിനെ മരിപ്പാന്‍ കൊടുത്തവള്‍-
മണ്ണിന്റെ ചെറുവായില്‍ അറ്റ മുലപ്പാലിന്‍ അവസാന കണവും
മരുന്നായിച്ചുരത്തിയോള്‍!
ഉടഞ്ഞ മുലക്കന്നമര്‍ത്തി ഈ ധരയുടെ മുറിഞ്ഞ ജീവ നാഭിയില്‍
ഉണങ്ങാത്ത മുറിവുകള്‍ ഉണക്കുവളെതോ മന്ത്രമീ മണ്ണിനെ പുതപ്പിച്ചോള്‍.....

മാറിലര്ബുധം ചളിച്ചും, നേരിന്‍ നീറ്റല്‍ അടക്കിയും,
മരുന്നിന്‍ മണികള്‍ ഉരുട്ടിയും, മുഖം അമര്ത്തിയുമല്ലോ മരിക്കുന്നൂ
മറവിയുടെ മാറാലയില്‍ എന്റെ മാതാവും !

പണിയാളുകള്‍ പഴിക്കുന്നു, ദാഹ ചൂടില്‍ പനിനീര് തേടും
പാതയില്‍ പതിഞ്ഞ ശാപ വാക്കുകലാലൊരു   മുള്‍മുടി തീര്‍ത്തു
നിന്റെ ശിരമകുടമായി കുത്തിയാഴ്തുന്നൂ!
മരണ വെപ്രാള പിടച്ചിലില്‍, ശിശുവിന്‍ അന്നത്വരയും
ദാഹവും ആര്‍ത്തനാദവും ഒരാഭിചാരമായിന്നു, നിന്നധരങ്ങലമ്മേ
ചൂഴ്നെടുത്തു ചടുല നൃത്തം ചവിട്ടുന്നു!

പോക നാമിനി കാലത്തിന്‍ കറുത്ത കൂനന്‍ പിശാചുക്കള്‍
പതിയിരിക്കും പിഴവിന്റെ അല്ത്താരയില്‍!

കാലദേഹവും മേഘവും കണ്ണീരിന്‍
കാഴ്ചയേകും വിനിദ്രമാം വിധിയുടെ മേച്ചില്‍ പുറങ്ങളില്‍ ഇവിടെ
കരുണയും കനിവും കിനിയാത്ത കരിങ്കല്‍ കണ്ണുകള്‍
കാക്കും കെടുതിയുടെ മിച്ചപാത്രത്തില്‍!

ജീവ വായുക്കള്‍ ആറും മുന്പവസാന ജലത്രുഷ്ണയോടുക്കുമീ  കനിവിന്‍
ജലരാശിയെ ജീര്‍ണ്ണിച്ച-
ദാഹം ഒടുങ്ങാ യക്ഷികലീവിധം ഊറ്റികുടിക്കുകില്‍ ,
ദീനമാം ആത്മാവിന്നലച്ചലില്‍ ഒടുവിലീ ഉറവയും വറ്റുകില്‍,
വിരിയാതെ വസന്ത ഹെമന്തമീ ഭൂവിനെ മറക്കയെങ്കിലും
പിറപ്പില്‍ പിഴചോരിവരമ്മേ
പാവമീ പൈതങ്ങള്‍ പിരിയാതെ കൂട്ടിരിക്കാം-

ഈ മടിയിലായ് തല ചായിച്ചു നിന്നധാരങ്ങള്‍ അമ്മേ തുറക്കുക, ചൊടിയില്‍
വിശ്വ പരംപോരുള്‍ കണ്ണ് തുറന്നേതോ വാഴ്വിന്റെ
വിശുദ്ത സന്ഗീര്‍ത്തനം എകട്ടെ ,
വിധിയുടെ ഉടയാചഷകങ്ങള്‍ ഉടയട്ടെ, അപമൃത്യുവിന്‍
വിഷ ധ്രംഷ്ടകള്‍ അടങ്ങട്ടെ, കരിമുകിലിന്‍ കരളു കുളിരട്ടെ-
ഇനിയൊരു പുതിയ അദ്വൈതമുയിര്‍ക്കട്ടെ!
 ഇപ്പാരിതൊരു ദൈവ വേദനയാകട്ടെ!
  

Sunday, July 4, 2010

മുളന്തണ്ടുകള്‍ മുരളിയാവുന്നത്........


നമ്മുക്ക് തണലേകിയ മരമെല്ലാം മുറിക്കപെട്ടിരിക്കുന്നു!
പരിചയക്കാര്‍ പാതിയടഞ്ഞ വാതിലിന്‍ പിന്പിലെ
നിസംകതയിലേക്ക് എത്തി നില്‍ക്കുന്നു!


നഗര നാഴിക വിരല്‍ ചലിക്കുന്നതും കാത്ത്‌
ഓളിയിടാന്‍ ഒരുകൂട്ടം ശ്വാനന്‍ മാര്‍ ,
അവര്‍ കിളിര്കാത്ത മരക്കാലുകളുടെയും, വെറുക്കപ്പെട്ട
മേഘങ്ങളുടെയും നെടുവീര്‍പ്പുകള്‍!


മൃദുല സംഗീതം സിരകള്‍ക്കു തണുപ്പാകുമ്പോള്‍,
നിലാവിന്‍ നിറ മുറ്റത്തു നീ ....
ഈ വിറയ്ക്കുന്ന രാവില്‍ ആരോ തന്ന കമ്പിളി കുപ്പായങ്ങളെ ഒള്ളൂ
ആരൊക്കെയോ വെറുതെ ദയ കാട്ടിയിരിക്കുന്നു.


ക്ഷീരപധവും, സൌരയൂധവും , ഭൂമിയും
എന്റേത് നീയെന്നും മറുതും പാരസ്പര്യം ഘോഷിക്കുന്നു
എന്നാല്‍ നമ്മള്‍ കഴിഞ്ഞാല്‍ അകലങ്ങലാണ്......
അകലങ്ങളോട് അടുക്കുകയാണ് നമ്മള്‍.
പക്ഷികള്‍ ചുണ്ടുരുമ്മുന്നത് ഇതിനു വേണ്ടിയത്രെ!
മുളന്തണ്ടുകള്‍ മുരളിയാകുന്നതും!


ഇവയെല്ലാം ഉണക്കിലും വെയിലിലും പറയാന്‍ മടിച്ച കഥകള്‍,
മുത്തശ്ശിമാര്‍ ഈ കഥയുരിയാടന്‍ മറ്റു കഥയെത്ര പറഞ്ഞു!
ഋതു ഭേതങ്ങളും, ദിനരാത്രങ്ങളും, നീയും ഞാനും
പറയാന്‍ വെമ്പുന്നതും ഈ കഥ


നമുക്ക് കണ്ണില്‍ തിളക്കം
നമ്മള്‍ നേരറിയാന്‍ തിരക്കുകൂട്ടുന്ന
കുസൃതി കുരുന്നുകള്‍........

കടത്തുവള്ളം യാത്രയാവുമ്പോള്‍

നമ്മളിപ്പോഴും നഗരത്തിലാണ്,
മഴ തോര്ന്നതെയുള്ളൂ !
കുഞ്ഞുങ്ങള്‍ ചളിപ്പിച്ച റോഡരുകിലെ,
ചാലിയിടങ്ങളിലെക് നമുക്ക് ഇറങ്ങി നില്‍കാം.
കടത്തുവള്ളം നമ്മെ കാത്തിരിക്കുകയാണ്
അവസാനത്തെ ആളും കടത്തു കടന്നു കഴിഞ്ഞിരിക്കുന്നു!

നഗരത്തില്‍ മഴ അവസാനിച്ചു,
മര്കുറി വെട്ടത്തിന്റെ ചോട്ടില്‍
ഈയലുകളുടെ തേര്‍വാഴ്ച!
നിഴലുകളുടെ തെരുവ് പോരുകള്‍ !
സംഗീതം, നുരഞ്ഞൊഴുകുന്ന വീഞ്ഞ്,
അറിയാതെ എരിയുന്ന സാംബ്രാണി തിരികള്‍!
ഉറങ്ങുന്നവരുടെ ഉണക്ക ഗന്ധം!

നീയെന്താണ് ഭയപ്പടുകൊണ്ട്
പിന്‍ കണ്ണ് എറിയുന്നത്?
പിറകിലാരെങ്കിലും!
നീയിപ്പോള്‍ എന്നെയും ഭയന്നിരിക്കുന്നുവോ?!

പക്ഷികളുടെ പ്രണയകാലം വഴി തെറ്റി വന്നതെന്ന് കാരണവര്‍,
അവരിനി തൂവലുകള്‍ ചീകി ഒതുക്കി പുതിയൊരു മഴയെ കാക്കണം!

പ്രണയാനന്തര കഥയില്‍ കടത്തുവള്ളം കരയനയും......
നീ പുഞ്ചിരിക്കുന്ന മുഖവുമായി യാത്രയാവും...
നമ്മളിനി അകലുന്നവര്‍ , ഒരിക്കലും അടുക്കുവാനാകാത്തതുപോലെ!
പുതിയ പ്രണയ കാലത്തിന്റെ ഭൂമി ശാസ്ത്രം!

വിതുമ്പല്‍

എവിടെയോ എനിക്ക് തെറ്റ് പറ്റിയിരിക്കുന്നു!

നിന്നിലേക്ക്‌ ഒരു ചക്രം ഉരുളുന്നു.....
എല്ലാം ചവിട്ടി മെതിച്ച്.....
നിന്റെ തരള യൌവ്വനത്തെ പോലും വക വയ്ക്കാതെ.


ഭ്രാന്തമായ ഏതോ ഒരു കുഴഞ്ഞ നാവ്....
പിതൃ ഹൃദയത്തിന്റെ പിച്ചും പേയും!


ഇത് നഗരം,
നീണ്ട റോഡുകള്‍ നിന്നിലെത്തി മുറിഞ്ഞു പോകുന്നു.
നിനക്ക് നേരറിവിനോടും ഒറ്റയ്ക്ക് പറക്കും പക്ഷിയോടും പ്രണയം!
ഉണക്ക മരങ്ങളെ മാറ് ചേര്‍ത്തവള്‍....
കലവറയില്ലാ കടലടര്‍ത്തി കൊടുക്കുവോള്‍ ........!


ഞാന്‍ നിനക്ക് മുഖമേതും   കല്പിചില്ലായിരുന്നു,
വിധിപ്പാടുകള്‍ വീണ മുഖം പോലും!

ഒരു മാത്ര, ശൈശവം ബാധിച്ചവനായി നിന്റെ മടിയില്‍ .....
ഗ്രഹാതുരത്വത്തിന്റെ ഗൂഡ സുഖം!

നിരത്തുകള്‍ നമ്മെ തോല്‍പ്പിച്ച് ഓടുകയാണ്,
നീയെല്ലാം മറന്നുറങ്ങുന്നു!
മനസിന്റെ മടിയില്‍ മയില്‍ പീലി വിരിയുന്നു,
ആകാശം കാറു കൊള്ളുന്നു ,
മയിലാട്ടക്കാര്‍ എത്തി കഴിഞ്ഞിരിക്കുന്നു!

ബസ്‌ സ്ടാന്റിലേക്ക് ഓരോ ബസും,
സ്കൂള്‍ കഴിഞ്ഞെത്തും കിടാവിനെപോള്‍........
ഉച്ച ഭാഷിണി ശബ്ദിക്കുന്നു.

നമ്മള്‍ അന്ന്യരെന്ന ബോധം അരിച്ചു കയറുന്നു ....
വേദനകള്‍ ആറുന്നു....
വെറുതെ വേര്‍പ്പോഴുക്കുന്നതാര്‍ക്ക് വേണ്ടി എന്ന 
ചന്ത കാളയുടെ വിതുമ്പല്‍!

ലഹരിയടങ്ങാ പിതാവ് നിന്നെ വച്ച് നീട്ടുന്നു,
ഒരപേക്ഷ പോലെ .........!

കുഞ്ഞനുജത്തി, തെറ്റ് തിരുത്തട്ടെ 
നമ്മളന്ന്യരല്ല!
ഒരു ഞെട്ടില്‍ എവിടെയോ വിരിയുവാന്‍ 
മറന്നവര്‍ മാത്രം .