Tuesday, December 20, 2011

മുല്ലപെരിയാറിനു...എന്ന് സ്വന്തം കൊച്ചി



എത്രയും പ്രിയമുള്ള മുല്ലേ,
ഇവിടെ ..

മഴയാണ് പെരുത്ത മഴയാണ്-
മഴയില്‍ മറന്നു കളിക്കയാണ്-
മണ്ണ് പൊത്തി, കണ്ണ് പൊത്തി
കളിക്കുന്നു തീക്കളി!

ഇന്നലെ,
എങ്ങുനിന്നോ എന്റെ പ്രണയിനി-
ഒരു കൊച്ചു തുംബിയെന്നരികെ വന്നു.
അവളറിയാ വ്യഥകള്‍, ജലകഥകള്‍-
ചൊല്ലി ചിറകു തല്ലി,
ജ്വലിക്കും വൈദ്യുത വിളക്കിന്നടിയില്‍-
എന്റെ കിടപ്പറ കൂട്ടില്‍ ചിതയൊരുക്കി!

പണ്ട് ഞങ്ങള്‍ പ്രണയം കൂടുകെട്ടിയ-
ഇറയ കോലായില്‍ ഇന്നിറ്റുവീഴും-
ജലപുഷ്പമവളുടെ കണ്ണുനീരാവുന്നു.
ജാലകം തുറക്കുന്നു പിന്നെയും-
ഭയന്നടക്കുന്നപ്പുറം വരവായി-
പാടി...മഴമേഘം.
"മഴയാണ് പെരുത്ത മഴയാണ്-
മഴയില്‍ മറന്നു കളിക്കയാണ്"

തളര്‍വാതം തഴച്ചുവളര്‍ന്നു,
കൂട്ടിനായി -
നൂറ്റാണ്ട് പഴകിയ ചുവര്‍ ഭിത്തി!
പല്ലിയും  പഴുതാരയും പാമ്പും-
പല്ലിളിക്കുന്നു.
മഴ നനുപ്പിച്ച  ജീര്‍ണ പാദങ്ങളാല്‍-
കന്മതില്‍ വേച്ചു നില്‍ക്കുന്നു.
ചീവീടുകള്‍ സ്വ മരണജാതകം-
മറന്നിട്ടു പാടുന്നു...
"മഴയാണ് പെരുത്ത മഴയാണ്-
മഴയില്‍ മറന്നു കളിക്കയാണ്" 

ഇനി മദം പൊട്ടി മഴയും-
ഇടി വെട്ടും കാറ്റുകള്‍.
ഉച്ചിയില്‍ കണ്ണടക്കുന്നു-
വിദ്യുച്ഛക്തി.
മതില്‍ വെള്ളം തിന്നു ചീര്‍ക്കുന്നു-
പതിക്കുന്നു ദുരന്ത നാടക യവനിക!
പെരുത്ത  പെരുവെള്ളം കുതിക്കുന്നു-
ധമനിയെ തകര്‍ക്കുന്നു!
ശവശരീരങ്ങള്‍ക്ക് ഒരു ജലകുടീരം തീര്‍ക്കുന്നു!

എല്ലാം അവസാനിച്ചു-
എങ്കിലും
പറക്കാന്‍ മടിചെന്റെ  മഴതുമ്പി,
മാറില്‍ കണ്ണുപൊത്തി കിടക്കുന്നു!
ഒരു ജപം മാത്രം 'കൊച്ചി മരിക്കല്ലേ'


മഴയാണ് പെരുത്ത മഴയാണ്-
മഴയില്‍ മറന്നു കളിക്കയാണ്-
മണ്ണ് പൊത്തി കണ്ണുപൊത്തി കളിക്കുന്നു തീക്കളി!

2 comments:

  1. kure kaalaththinu sesham. ingane prasnangal undaayaal engane prathikarikaathirikum,lle. nannaayi. kavitha nannayi.

    ReplyDelete
  2. Thanks chechi.....njaan athu paadan sramichu....is in the youtube www.youtube.com/watch?v=CMhdeBeIbe0

    ReplyDelete