Monday, December 27, 2010

പട്ടിണി പാവ

മണ്ണ് പൊത്തിയ മുറിയില്‍-
മൂലയില്‍ മാറാല കൂടുന്നത്-
മകനെ...നിന്റെ മുഖമല്ലേ!


മറന്നുപോയ്‌ പക്ഷി പാടുവാനെന്നു-
നിന്റെ മുറ്റത്തു വന്നു ചൊല്ലിയോ? 


മിഴികളില്‍ കിനിയുന്ന-
ഇത്തിരി-
പീളയടര്‍ത്തി ഞാന്‍ നോക്കട്ടെ!


നിന്റെ ഉദരമാകുന്ന-
ശ്രീകോവിലില്‍ വേദന ചലം വന്നു വിങ്ങിയോ?
നിന്‍ നെഞ്ചകത്തില്‍-
കുഴിഞ്ഞേ കിടക്കും കൊതിതീരാ-
ഉണ്ണിസ്വപ്നങ്ങളോ?
നിന്റെ വിങ്ങലിന്‍ തീയില്‍-
വിറകായടുക്കും-
ജലം വറ്റിയ കാലുകള്‍!
നിന്റെ വേച്ചുപോം കൈകളില്‍-
വികാരമില്ലാ-
തൊരിത്തിരി  പൊടിമണ്ണ് മാത്രം!


നിന്റെ കണ്ണില്‍ കണ്ണീരില്ലാ!
ഒരു ചന്ദ്രനും സൂര്യനും മിന്നുന്നില്ലാ...!


പൊറുക്കുമോയെന്നെ-?
പട്ടിണിക്കോലത്തെ -
പകര്‍ത്താന്‍ വന്നവന്‍ ഞാന്‍!
എന്റെ-
നെഞ്ചിലെ കല്ല്,
ക്യാമറക്കണ്ണ്‍ നിന്‍-
വേദനയൊപ്പില്ലോരിക്കലും !


ഇന്ന് ഞാന്‍ നിലവിളിക്കട്ടെ-
യെന്‍  പാദുകങ്ങള്‍ അഴിച്ചുവക്കട്ടെ!
നിന്റെയരികിലായിരുന്നൊരു-
താരാട്ട് പാടുവാനില്ലാത്തോര-
ച്ചനായ് എരിഞ്ഞുതീരട്ടെ!   


മൂലയില്‍ മാറാലയില്‍,
ഈ മണ്ണ് ഭാരതം!
വിശപ്പടങ്ങാ പൈതല്‍ ജ്വരത്തില്‍-
പിടഞ്ഞേ മരിക്കാതിരിക്കുമോ?


 

Monday, December 20, 2010

ക്രൂശിക്കപ്പെട്ടവള്‍

ഓര്‍മ്മയില്‍ തേടുന്നതെല്ലാം-
ഓളങ്ങളല്ലോ!
തിരമാലയില്‍ തെളിയുന്നതെല്ലാം-
കളിയോടങ്ങളല്ലോ !


ജീവന്റെ തീയില്‍ എരിയുന്നതെല്ലാം-
ലോപിച്ച സ്വപ്നങ്ങളല്ലോ !
നേര്‍ വാക്കിന്‍ മുന്‍പില്‍  ഒഴുകുന്നതെല്ലാം-
നീരിന്റെ നേരൊച്ച മാത്രമല്ലോ !


നല്ലതും നാളയും വരും-
എന്നു ചൊല്ലി,
എന്റെ ആത്മാവിനെ-
പുതപ്പിക്കുന്ന പുലരിയെ! ,
കരിമഷിയാലെന്റെ പുരികങ്ങളെ-
കറുപ്പഴകാക്കുന്ന കാലമേ ! ,
ഈറനായ് കുളിച്ചീ കുളത്തില്‍നിന്നും-
കരേറി ഏതോ മാമല-
കയറും കരുത്തെ !,
എന്റെ ചിത്തത്തിന്‍ നൂറു-
ദോഷങ്ങള്‍ തീര്‍ക്കും പള്ളി മണികളെ !


ചൊല്ലൂ, ഞാനെന്തു ചെയ്യേണ്ടൂ?
എന്നുത്തരീയം കൊണ്ട്-
മിഴിനീര്‍ തുടക്കണോ?
ഇത്തിരി ചായം തേച്ചു-
പൊട്ടിച്ചിരിക്കണോ?


എന്റെ പാവാടയില്‍-
തട്ടി ഞാന്‍ വീഴും മുന്‍പേ,
നൂറു കല്ലായെന്റെ മലര്മെത്ത-
ഒരുങ്ങും മുന്‍പേ, 
നിന്റെ കണ്ണ് തുറക്കാത്തതെന്തേ?! -
എന്റെ കാവല്മാടത്തിലെ-
കാവല്‍ക്കാരാ!
യുഗങ്ങളുടെ രാജ്ഞിയും,
രാജാവുമായവനെ!  
  

ചില്ലുകൂട്ടിലെ രാജകുകാരി

ഞാനീ ചിമ്മിനി വിളക്കു കൊളുത്തി-
നിന്നെ കണ്ടുകൊള്ളട്ടെ!
നിന്റെ നിറങ്ങളും പുഞ്ചിരിയും-
തിളങ്ങും എണ്ണതേച്ച വാര്മുടിയും!
നിനക്കറിയുമോ-
സായാഹ്നങ്ങളില്‍ സൂര്യന്‍-
വിളക്കു കത്തിക്കുമ്പോള്‍,
ഈറന്‍ കാറ്റില്‍-
കടല്‍ നോക്കിയിരിക്കുന്ന സുഖം!
ആ വിളക്കു തന്നെയായിരുന്നു-
എന്റെ വിദ്യയും!
നേരം പുലര്‍ന്നാല്‍-
മുറ്റത്തെ കുടമുല്ലയും,
പനിനീര്‍ റോസയും,
രാമതുളസിയും,അതിന്‍ കൂടെ 
നിന്‍ പുഞ്ചിരിയുമാണ്-
എനിക്കിഷ്ടം!
ഇന്ന് ചിമ്മിനി വിളക്കു കൊളുത്താതെ-
വലിയ വൈദ്യുത മേശ വിളക്കിനടിയില്‍-
ഞാന്‍ ഏകനായി-
സത്യാന്വേഷണം തുടരുമ്പോള്‍-
എന്റെ മയക്കത്തിലേക്കു-
ഒരു ചില്ലുകൂട്ടിലെ പറുദീസയായി-
നീയും തോഴിമാരും!
നീ
ഒരു കുസൃതിയായി-
നിന്റെയും എന്റെയും ലോകങ്ങളുടെ-
ഇറമ്പില്‍ ഇറങ്ങിവന്നു-
കവിളില്‍ പുഞ്ചിരിനുള്ളി  -
എന്റെ  പെണ്ണിലേക്കുണര്‍ത്തും,
പുതിയ പുലരിയിലേക്കും!

Sunday, December 19, 2010

സൂര്യകദനം

പറന്നുപോം ദിക്കിലെ സൂര്യാ!
നിന്റെ പ്രണയമാണുള്ളില്‍  ജ്വലിപ്പൂ.
പൈദാഹം മുറ്റിയ പൈതല്‍-
ചിറകിലായ്-
പ്രാണനെ തേടുന്നതിപ്പോള്‍!

പറന്നുപോം ദിക്കിലെ സൂര്യാ!
നിന്റെ കഥകളാണെന്‍ കൊച്ചുകൂട്ടില്‍.
കുഞ്ഞുകിളികളെ കാക്കുന്നയമ്മ-
വായാടി മരമെന്നും നിന്നെ ജപിപ്പൂ!

പറന്നുപോം ദിക്കിലെ സൂര്യാ!
പറയൂ-
കിളികളെ പോറ്റാത്ത  പക്ഷി-
കിളികളെ കാക്കാത്ത പക്ഷി-
വ്യഥകളായെത്തുന്നോ    നിന്നില്‍?

പറന്നുപോം ദിക്കിലെ സൂര്യാ!
നിന്റെ കണ്ണില്‍ ജ്വലിക്കുന്നയഗ്നി-
യൊരു കുഞ്ഞായി ജനിക്കുന്നുയെന്നില്‍!
എന്റെ മരമിനി വെട്ടുന്ന നാട്ടില്‍-
അവളൊരു കനല്‍ മഴയായി പെയ്യും!
എന്റെ കാടുകള്‍ കത്തുന്ന കാറ്റില്‍-
അവളൊരു ചുടല പറമ്പായി ജനിക്കും!

പറന്നുപോം ദിക്കിലെ സൂര്യാ!
എന്റെ നെഞ്ചിലായ് പിടയുന്നതോര്‍മ്മ,
കഴല്‍കത്തി കരിയുന്ന കുഞ്ഞും,
കരയാതെയൊരു വാക്കുരിയാടാതെ- 
നിശ്ചലം വെന്തു മരിക്കും മരവും,    
മാനം മറയ്ക്കാത്ത പെണ്ണായ്-
തെരുവില്‍ നിര്‍ദ്ദയം മരിക്കും മണ്ണും!

പറന്നുപോം ദിക്കിലെ സൂര്യാ!
ചൊല്ലൂ ചിറകില്ലാ പക്ഷിക്കു വേദം!
പറക്കാനെതാകാശം പിറക്കാനേതു മരം-
അതിലേതു കൂട്ടിലെന്‍ മരിക്കാത്ത-
കുഞ്ഞുകിളി?

പറന്നുപോം ദിക്കിലെ സൂര്യാ!
ഈ പറക്കലെന്നവസാന പിടച്ചില്‍,
നിന്‍ ശോഭയെന്‍ കണ്ണില്‍ തിമിരം,
നിന്റെ താപം എന്റെ ചിതയുമാകുന്നു!

    

Sunday, December 12, 2010

പുല്‍നാമ്പുകള്‍

കറുപ്പ് മഷി പടരുന്നത്‌-
കടലാസിലല്ല, കണ്ണിലാണ്!
കാലത്തിന്റെ കറുത്ത അദ്ധ്യായങ്ങള്‍   -
വായിക്കുമ്പോള്‍!
......
പൂവിന്റെ ചൊടിയില്‍-
അര്‍ബുദം ചളിക്കുന്നത്-
വിഷ ഭ്രമരം-
പൂമേനിയെ ചുംബിക്കുംബോഴാണ്!
..............
സൂചിയും നൂലും
 മത്സരിക്കുന്നത്-
ബന്ധങ്ങളെ വ്യാഖ്‌യാനിക്കാന്‍!
മറക്കുന്നത്-
തുന്നല്‍ക്കാരനെയും,
അയാള്‍ കൊടുത്തുവിട്ട കൊച്ചു തൂവാലയും!
..........................
കണ്ണുകാണാ പൈതലിന്റെ-
'ഹോളി' ആഘോഷമാണ്-
ജീവന്റെ 'ക്യാന്‍വാസ്'.
................................
നിന്റെ ചിരി-
എനിക്ക് ലഹരിയാകുന്നത്-
മദ്യചഷകം വറ്റി-
എനിക്ക് ബോധം വരുമ്പോള്‍!
.........................................................
നമ്മള്‍ നൃത്ത ചുവടുകള്‍ മറക്കുമ്പോള്‍-
ഈ ഘടികാരം നിലക്കും,
അപ്പോള്‍ നമ്മള്‍ അറിയും-
ഇവ്വിധം സമയവും കാലവും-
താളം തെറ്റി മരിക്കുമെന്ന്!  
.....
പുല്‍നാമ്പുകള്‍ എനിക്കായി-
കരുതിവച്ചത്‌,
നിന്റെ കശുകുടുക്കയിലെ-
ഇരുട്ടിലും ഒറ്റപ്പെടലിലും,
നിന്റെ നര വീണ ആദ്യ-
തലമുടിയോടൊപ്പം!
സഹപാഠികള്‍ മയില്‍‌പീലി-
പുസ്തകത്തില്‍ അടവച്ചപ്പോള്‍-
എനിക്കായി പീലി വിടര്‍ത്തിയ  മയൂരം നീയും!  

Saturday, December 11, 2010

പാഠപുസ്തകം

വെറും വാക്കിനാല്‍ നീ ചൊന്ന ചൊല്ലുകള്‍-
വെറും പാഴ് വാക്കുകള്‍!
പഴംപുരാണങ്ങള്‍ !
വീണ്ടും വെറുതെ പാഠപുസ്തകം-
മറിച്ച്‌ നോക്കുമ്പോള്‍-
മുഴുമിക്കാ ചോദ്യങ്ങളും,
നിന്റെ ഉത്തരങ്ങളും!
മുകളില്‍ കറുത്ത കനംവച്ച ലിപിയില്‍-
തലവാചകം 'ജീവിതം'.
ഇന്ന് ഞങ്ങളിരുകൈകോര്‍ത്തു,
ഒരു മനമായി മിഴി തുറക്കുമ്പോള്‍-
മുന്നില്‍ ചിത്രച്ചുവരില്‍ ഭദ്രം-
നിങ്ങള്‍ നിരന്തരം പൊട്ടനൂലില്‍-
കോര്‍ത്ത പൊന്നുമാല! -ജീവിതം!
തലവാചകം 'ഹാന്‍ഡില്‍ വിത്ത്‌ കെയര്‍'.


ഞാന്‍ തുറക്കാന്‍ മടിക്കും ചെപ്പ്!
ഉള്ളില്‍ രമിക്കും കാണാ കിനാവുകള്‍!
അവിടെ സാന്ത്വനം കടലായൊഴുകുന്നു!
അവിടെ സ്നേഹം തീരം മറക്കുന്നു!
മോചനം കാക്കും വാഴ്വിന്റെ  ചെപ്പ്,
അറിയാതെ ആഭിചാരം പേറിയോരഗ്നി-
പര്‍വതം തീര്‍ത്തു-
എന്റെ വഴിമുന്നിലൊരു സങ്കട ലാര്‍വ-
കടലായി ഉടലില്‍-
മാംസത്തെ കാര്‍ന്നു തിന്നുന്നു!


ഉത്തരമില്ലാ ചോദ്യങ്ങള്‍-
മാത്രമേ ഉള്ളു എന്റെ-
ഉത്തരക്കടലാസില്‍!
അതിലൊരു കളിവഞ്ചി തീര്‍ത്തെന്റെ-
ഉണ്ണികള്‍-
ഒലിച്ചിറങ്ങും    മഴയില്‍-
നനച്ചു കുതിര്‍ത്തു മറന്നു ചിരിക്കുന്നു!


ഈ ജീവിതമെന്റെ-
അടുക്കളയിലെ കുഞ്ഞടുപ്പ്!
അതിന്മേല്‍ ഒരു കഞ്ഞിക്കലം-
വെന്തുവാങ്ങും വരെ,
അമ്മയാകുന്ന കാത്തിരുപ്പ്!