പറന്നുപോം ദിക്കിലെ സൂര്യാ!
നിന്റെ പ്രണയമാണുള്ളില്‍ ജ്വലിപ്പൂ.
പൈദാഹം മുറ്റിയ പൈതല്‍-
ചിറകിലായ്-
പ്രാണനെ തേടുന്നതിപ്പോള്‍!
പറന്നുപോം ദിക്കിലെ സൂര്യാ!
നിന്റെ കഥകളാണെന്‍ കൊച്ചുകൂട്ടില്‍.
കുഞ്ഞുകിളികളെ കാക്കുന്നയമ്മ-
വായാടി മരമെന്നും നിന്നെ ജപിപ്പൂ!
പറന്നുപോം ദിക്കിലെ സൂര്യാ!
പറയൂ-
കിളികളെ പോറ്റാത്ത പക്ഷി-
കിളികളെ കാക്കാത്ത പക്ഷി-
വ്യഥകളായെത്തുന്നോ നിന്നില്‍?
പറന്നുപോം ദിക്കിലെ സൂര്യാ!
നിന്റെ കണ്ണില്‍ ജ്വലിക്കുന്നയഗ്നി-
യൊരു കുഞ്ഞായി ജനിക്കുന്നുയെന്നില്‍!
എന്റെ മരമിനി വെട്ടുന്ന നാട്ടില്‍-
അവളൊരു കനല്‍ മഴയായി പെയ്യും!
എന്റെ കാടുകള്‍ കത്തുന്ന കാറ്റില്‍-
അവളൊരു ചുടല പറമ്പായി ജനിക്കും!
പറന്നുപോം ദിക്കിലെ സൂര്യാ!
എന്റെ നെഞ്ചിലായ് പിടയുന്നതോര്‍മ്മ,
കഴല്‍കത്തി കരിയുന്ന കുഞ്ഞും,
കരയാതെയൊരു വാക്കുരിയാടാതെ-
നിശ്ചലം വെന്തു മരിക്കും മരവും,
മാനം മറയ്ക്കാത്ത പെണ്ണായ്-
തെരുവില്‍ നിര്‍ദ്ദയം മരിക്കും മണ്ണും!
പറന്നുപോം ദിക്കിലെ സൂര്യാ!
ചൊല്ലൂ ചിറകില്ലാ പക്ഷിക്കു വേദം!
പറക്കാനെതാകാശം പിറക്കാനേതു മരം-
അതിലേതു കൂട്ടിലെന്‍ മരിക്കാത്ത-
കുഞ്ഞുകിളി?
പറന്നുപോം ദിക്കിലെ സൂര്യാ!
ഈ പറക്കലെന്നവസാന പിടച്ചില്‍,
നിന്‍ ശോഭയെന്‍ കണ്ണില്‍ തിമിരം,
നിന്റെ താപം എന്റെ ചിതയുമാകുന്നു!
manoharam. അവസാന വരികൾ പ്രത്യേകിച്ചും. ഒരു ഊറ്റത്തിൽ കുതിച്ചു കയറുന്നു വരികൾ.
ReplyDeleteപറന്നുപോം ദിക്കിലെ സൂര്യാ!
ReplyDeleteഈ പറക്കലെന്നവസാന പിടച്ചില്‍,
നിന്‍ ശോഭയെന്‍ കണ്ണില്‍ തിമിരം,
നിന്റെ താപം എന്റെ ചിതയുമാകുന
നല്ല കവിത.