Friday, September 24, 2010

അവളെ എന്റെ അമ്മ പ്രസവിച്ചിരുന്നു

എന്തിനു നീ 
ഒരു കുഞ്ഞ്‌ നനവായി 
എന്റെ കണ്പീലിയെ ഉമ്മ വയ്ക്കുന്നു?
ഒരു കുഞ്ഞുടുപ്പായി എന്റെ 
മനസിന്‍ ഇറയത്തില്‍ അഴ കെട്ടുന്നു? 
നിന്റെ കുസൃതിയില്‍ കണ്ണ് പൊത്തി-
കൊച്ചു കളിവീട്ടില്‍ മണ്ണപ്പം വാരി വാരി ചുടുമ്പോള്‍!-
അച്ഛനമ്മ കളിച്ചറിയാതെ ഒരു മോഹത്തിനു-
കുരുന്നു നാമ്പിടുമ്പോള്‍!     
എന്‍ ചെറുവിരല്‍ത്തുമ്പ്  ചോദിച്ചു-നീ 
കരുണക്കായി കൈകൂപ്പിയില്ലേ!.


വിറയാര്‍ന്നീ   കയ്യാല്‍ നിന്‍ പൊക്കിള്‍കൊടിയഗ്രം-
തേടി പിറപ്പവകാശമില്ലാ പൈതങ്ങള്‍ മദ്ധ്യേ-
കാശിനു മുലയൂട്ടും പെണ്ണിന്റെ കയ്യില്‍ നിന്നെ കൊടുത്തില്ലേ!
പിന്നെ അമ്മ കാക്കുന്നുവെന്നു ചൊല്ലി-
ധൃതിയില്‍ നടന്നകലുന്നത്.....


ഞാന്‍ നല്ല ശമരിയാക്കാരന്‍ വീടിന്‍ ജപമുറിയില്‍
അമ്മയെ ഓര്‍ക്കുന്നു ...
അവളേതോ നഷ്ടലോകത്ത്-
പെരും ഭ്രാന്തിയായി, മുലക്കണ്ണ് വീര്‍ത്തു-
പുത്തന്‍ അമ്മയായി ഏതോ  'മുലകുടിക്കാ കുഞ്ഞിനായ്'   കാത്തിരിപ്പോള്‍!.....

Saturday, September 18, 2010

മഞ്ഞു പ്രതിമ

നീ അഴകൊഴുകുന്ന മഞ്ഞു പ്രതിമ-
വലിയ ഇരുട്ട് ദിവസത്തിലെ എന്റെ ധ്യാനം!   
ഇരുട്ടുമ്പോള്‍-
നെഞ്ചിലെ പുകച്ചിലില്‍ ഒരു തടവറ-
കാരണമില്ലാത്ത നിശബ്ദത!
മഞ്ഞു കടലിനുള്ളില്‍-
മത്സ്യ കന്യക, ചുണ്ടിലോളിപ്പിച്ച മുത്തുമായി!
പ്രണയം കടംകൊണ്ട ചുണ്ടുകള്‍ ചേര്കാനായുമ്പോള്‍-
എന്റെ മുത്ത്‌ കാക്കുന്നവള്‍-
ഒഴിഞ്ഞാഴിയിലേക്ക് ഊളിയിടുന്നു!
എന്നെ ഏകാന്തതയുടെ തടവറയിലേക്കും!

ഉറഞ്ഞു കൂടുന്ന മഞ്ഞും മനസും-
മരവിച്ച സ്വപ്നങ്ങളുടെ രാത്രി!
അലകള്‍ നഷ്ടമായ കടലിന്റെ ആത്മനൊമ്പരം! 
  

ജമന്തി പൂക്കള്‍

എന്റെ മുറ്റത്തെ
ഇത്തിരിയിടത്ത്
മൊട്ടിട്ട ജമന്തി പൂവ്!
എന്റെ ചൂടും, ചൂരും  ചുംബനവും ഏറ്റവള്‍!
മനസിലെ ഒരു-പൂവ് വസന്തം!
നിന്നില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ-
ഞാന്‍ സ്വപ്നം കണ്ടിരുന്നു-
'ഒരു മുറ്റം നിറയെ കുഞ്ഞ്‌ ജമന്തികള്‍'!
പക്ഷെ......
എന്റെ ഉടഞ്ഞു പോയ പ്രണയ-
പാത്രം അള്‍ത്താര മുന്‍പില്‍ വയ്ക്കുമ്പോള്‍-
ജമന്തി പൂക്കള്‍ പല്ലിളിച്ചുവോ?!
അന്തിവേഴ്ച്ചക്കാരി തലയില്‍ ചൂടിയത്-
ജമന്തി പൂക്കള്‍!
മരണം കാത്തുകിടക്കുന്ന-
ശവ വണ്ടികള്‍ക്ക് ജമന്തി പൂവലങ്കാരം!
'റീത്തും പൂച്ചെണ്ടുമായി!'

ആരെയോ പറഞ്ഞു വിശ്വസിപ്പിക്കണം,
ഇവയൊന്നും ജമന്തി പൂക്കള്‍ അല്ലാ! 
എന്റെ ജമന്തിയില്‍ പിറക്കും-
ഒരു മുറ്റം നിറയെ ജീവനുള്ള 
ഒത്തിരി ജമന്തികള്‍! 

മേഴ്സി-കില്ലിംഗ്

മൊട്ടിട്ട ചെടിയെല്ലാം-
വിരിയാതെ വാടുമ്പോള്‍,
മുറ്റത്തെ മുല്ലയ്ക്ക്-
മണം ഇല്ലാതാകുമ്പോള്‍,
നിന്റെ മനസ്സില്‍-  
ക്രൂര ശിലകള്‍ ഉയിര്‍ക്കുമ്പോള്‍,
തെരുവിലെ പാട്ടില്‍-
പൊതിചോറ്    നിറയുമ്പോള്‍,
വെറുക്കപ്പെട്ട സ്നേഹം-
കുര്‍ബാന കാണുമ്പോള്‍,
കരച്ചിലിന്‍ പ്രളയം-
കാലം വിഴുങ്ങുമ്പോള്‍,
ചിരിക്കാത്ത മോഹങ്ങള്‍-
മരണത്തില്‍ ചിരിക്കുമ്പോള്‍,
അറിയാതെ എന്റെ പ്രണയവും-
മരണം മണക്കുന്നു! 

Friday, September 10, 2010

കിണറ്റിന്‍ കരയിലെ പെണ്ണ്

എന്തിനാണ് നീ എന്നെ തുറിച്ചു നോക്കുന്നത്?
കുറച്ചു കഴിയുമ്പോള്‍ നിന്റെ കണ്ണുകളില്‍ 
ഞാനൊരു നോക്കുത്തി ആകും തീര്‍ച്ച!
എനിക്ക് ഭയമാകുന്നു.......

അവന്‍ നോക്കിയത് അവളെ അല്ലായിരുന്നു-
അവള്‍ ജീവിക്കാതെ ജീവിച്ച ജീവിതത്തെ!

ഞാനിനിയും പഠിച്ചിട്ടില്ല! പരീക്ഷയില്‍ 
ഞാനെന്നോ തോറ്റുപോയി,
സ്ലേറ്റും പെന്‍സിലും ഉത്തരത്തില്‍ തൂക്കിയിട്ടിട്ടു-
കാലം ഒത്തിരിയായി.
ഒരു കുടം വെള്ളം കോരി കേറ്റുവാന്‍-
അത്ര പഠനം ഒന്നും വേണ്ട!
ഞാനെന്നും തല കുനിച്ചേ നടന്നിട്ടുള്ളൂ!
എന്റെ മുഖം കാണാനാവും 
നീയിപ്പോള്‍  വെള്ളം ചോദിക്കുന്നത്.....!?
പിന്നെ നിങ്ങള്‍ ആണുങ്ങള്‍ക്ക് വെറും
വെള്ളം കൊണ്ട് തൃപ്തിയാവോ.......?!

അവന്‍ അവളുടെ മുഖം എപ്പോഴെ-
കിണറ്റിലെ വെള്ളപ്പരപ്പില്‍ കണ്ടിരുന്നു!
അവന്‍ നോക്കിയത് കിണറ്റിലെ ആഴങ്ങളിലേക്കായിരുന്നു!

.............നീ ഒന്നുകൂടി എന്നെ തന്നെ നോക്കിയിരുന്നെങ്കില്‍.....
പലരേയും പിരിയേണ്ടി വന്നത് നിന്നെ-
ഇവിടെ കാണുന്നതിന്, അല്ലെ.......!?
ഇനി കൃഷ്ണാ.......... നിന്റെ പ്രിയ ഗോപികയായി............  
 

Wednesday, September 8, 2010

വല്ല്യ സ്കൂള്‍

ചോറ്റുപാത്രം, കുട, ബാഗ്‌
ഇന്‍സ്ട്രുമെന്റ് ബോക്സ്‌, മഷി നിറച്ച പേന-
പിന്നെ ബസ്‌ കൂലി!
ക്ലാസ്ടീച്ചര്‍ സ്നേഹമുള്ള ടീച്ചര്‍ ആയിരിക്കണേ,
കൂട്ടുകാര്‍ കുശുംബരാകരുതെ,
അടിയും ഇമ്പോസിഷനും വേണ്ട!
"മോനെ കപ്പേളയില്‍ നേര്ച്ച ഇട്ടിട്ടു പോടാ"........അപ്പച്ചന്‍
"മോനെ ചോറിനു ചമ്മന്തിയാണ് കേട്ടോ, നാളെ നല്ല
കറിയുണ്ടാക്കാം"......അമ്മ
അമ്മേ ബെല്‍റ്റ്‌ പൊട്ടി പോകുന്നു........
"ചേട്ടായിയുടെ ബെല്‍റ്റ്‌ കെട്ടി പോ"
ശേ ഈ കുടയില്‍ നിറച്ചു ഉറുമ്പ് കേറി.....
അവള് പഞ്ചാര കട്ട് തിന്നപ്പോ വീണതാ.
"ഈ കഞ്ഞി വെക്കെന്നു കോരികുടിച്ചിട്ടു പോ``
അപ്പച്ചാ  ബുക്ക്‌ മേടിക്കാന്‍ പൈസ........
അമ്മച്ചി യുണിഫോം അലക്കി വക്കണേ.....
ഇല്ലത്തെ പെണ്ണ് കൂടെ വരുന്നുണ്ടോ അമ്മെ?
"അവളെ കാക്കണ്ട, അവളച്ചന്റെ സ്കൂടരില്‍ പോകുവാ"  
"വല്ല്യ മഴ വരും മുന്‍പേ ന്റെ മോന്‍ പൊയ്ക്കോ"..........

ഞാന്‍ ഇന്ന് യുനിവേര്സിടിയില്‍ പോവാ,
എന്റെ ചോറ്റുപാത്രവും, കുടയും, ഒന്നും കാണുന്നില്ല,.....നിങ്ങളെയും!
വെറുതെ കരച്ചില്‍ വരുന്നു.........വലുതായിട്ടും!

ജേഷ്ടന്റെ കുഞ്ഞുമോള്‍ ചോദിച്ചത്-
"അപ്പായിക്ക് പനി വന്നിരുന്നോ?"
ന്താ അങ്ങനെ.. "അല്ല എനിക്ക് പനി വന്നിരുന്നു!"

അമ്മ ഇപ്പോള്‍ കരയുവാണോ?
"ന്താ അങ്ങനെ"....അല്ല എനിക്ക് കരച്ചില്‍......വരുന്നു!.

Monday, September 6, 2010

രാജകുമാരി

അവള്‍ ചുണ്ട് ചുവപ്പിച്ചു,
വിലയുള്ള നറുമണം തേച്ചു,
തൂവെള്ള പട്ടുടുപ്പില്‍ ഏതോ രാജകുമാരിയായി 
ഭക്ഷണ ശാലയുടെ ലക്ഷുറി ടേബിലിനരികില്‍ !


അവളുടെ കണ്ണുകള്‍ എന്റെ വിലകുറഞ്ഞ പാദുകത്തില്‍-
മുഷിഞ്ഞ പഴയ കോട്ടില്‍-
വെട്ടിയൊതുക്കാത്ത താടി രോമങ്ങളില്‍-
തയമ്പ് വീര്‍ത്ത കൈ വെള്ളയില്‍!


അവള്‍  ഒന്ന് നോകി പുഞ്ചിരിചിരിച്ചില്ല-
നന്ദി ചൊല്ലിയില്ല- 
ഒരു കുറ്റക്കാരനെ പോലെ, വിലകെട്ടവനെ പോലെ,
മുഖം തിരിച്ചു നടന്നകന്നു.
എന്റെ വിങ്ങല്‍ ആര് കണ്ടു...?

അവള്‍,
വിയര്‍പ്പും വിശപ്പും മറന്നു,
ഭോജന ശാലയിലെ മിച്ച പാത്രങ്ങള്‍ ചികഞ്ഞു-
അത്താഴമുണ്ട്  
വെയിലും മഞ്ഞും മഴയും 
എന്നെയും മറന്നു ഞാന്‍ ചേര്‍ത്തുവച്ച 
ഡോളറുകള്‍ -
പഠിപ്പിച്ചു  ഞാന്‍ വളര്‍ത്തും  എന്റെ അനുജത്തി!

വയ്യ!
തളരുന്നു, ഒന്നിനും ആവാതെ..........
സ്വയം പഴിച്ചു കൊണ്ട്........

അവസാനം " സാരമില്ല, അവള്‍ മിടുക്കിയായല്ലോ അത് മതി,
ഈ വിങ്ങല്‍ ആരും കാണാതിരിക്കട്ടെ-
അവള്‍ വയര്‍ നിറച്ചു കഴിച്ചോ ആവോ?"

രാപ്പനി

ഈ രാത്രിയും, തണുപ്പും
നിന്റെ വിറയലും എന്നെ ഭയപ്പെടുത്തുന്നു!
നിന്റെ പനികയിപില്‍ എന്റെ മധുരം
മധുരമാകുമോ?
പുതപ്പു ചൂടേകുമോ?
നിന്റെ വിറക്കും ദേഹം ഞാന്‍ എന്നില്‍ ചേര്‍ത്ത്ണക്കട്ടെ?


നീ പെണ്‍കുട്ടിയാണ്-
എന്നില്‍ ജനിക്കാത്ത കുഞ്ഞ്‌-
എന്റെ രക്തത്തില്‍ പിറക്കാതവള്‍!


ഈ രാത്രിയില്‍ നീ അച്ഛനും അമ്മയും ഇല്ലാതെ-
മരുന്നു മണമില്ലാതെ-
സന്ത്വനിപ്പിക്കും ഏതോ സ്ത്രീ രൂപവുമില്ലാതെ......
വിറച്ചും പനിയില്‍ പിച്ചും പേയും പറഞ്ഞു.........
തറയില്‍ തണുപ്പില്‍ തിരിഞ്ഞും മറിഞ്ഞും.........!


വേണ്ടാ, ശാന്തമായി ഉറങ്ങൂ, 
എന്റെ മടിയില്‍ തല ചായിച്ചു, 
മുകളില്‍ ഉറങ്ങും സൂര്യന്‍ അച്ഛനും, 
കീഴെ കയ്യാല്‍ താങ്ങും ഭൂമി അമ്മയും കാണ്‍കെ,


ഈ രാത്രി മാത്രം എനിക്കറിയാം-
നാളെ പുലരുമ്പോള്‍ കൊച്ചു കന്യകയ്ക്ക്
അവകാശകാര്‍ വരും!.......
എന്നിട്ട്...............?

ഡി എന്‍ എ (DNA)

നിങ്ങള്‍ വിശപ്പുകാര്‍!
ഞങ്ങള്‍ വിഷാദക്കാര്‍!
നിങ്ങള്‍ വിരഹത്തിന്റെ വെവരിയുന്നവര്‍,
ഞങ്ങള്‍ ഭയക്കുന്നവര്‍, അടുക്കും മുന്‍പേ അകലാന്‍ പഠിച്ചവര്‍!
നിങ്ങള്‍ തീയില്‍ കുരുത്തവര്‍,
ഞങ്ങള്‍ മഞ്ഞില്‍ മുളച്ചത്.
നിങ്ങള്‍ സ്വന്തമാക്കുന്നവര്‍,
ഞങ്ങള്‍ ഞങ്ങളെ മതിയെന്ന് ശഠിക്കുവോര്‍!
നിങ്ങള്‍ പ്രാര്‍ത്ഥനകാര്‍,
ഞങ്ങള്‍ ബുദ്ധിഉള്ളോര്‍!
നിങ്ങള്‍ ആണും പെണ്ണും,
ഞങ്ങള്‍ ആണും, പെണ്ണും, ആണ്‍പെണ്ണും,
ആണ്‍ആണും, പെണ്‍പെണ്ണും!
ഞാനപ്പോള്‍ ആരാണ്?
വിശപ്പും, വിഷാദവും, വിയര്‍പ്പും, വിരഹവും, വേവും
ഉടലിന്റെ വിളിയും മറന്നു മഞ്ഞില്‍
ഉറഞ്ഞു പോയത്!
ഉറയാത്ത ഇറ്റു കണ്ണ് നീര്‍ എന്റെ ഡി എന്‍ എ ! 

രതിഭാവങ്ങള്‍

എന്‍ പ്രിയ സന്ധ്യേ,
നിന്‍ കണ്ണില്‍ വെണ്ണിലാവിന്‍ തിളക്കം,
ഉടലില്‍ നിഴലും നൃത്തവും!
ചടുല വേഗം പറക്കും കാറ്റും-
കാതില്‍ രമിക്കും രാക്കിളി പാട്ടും!
മണക്കും നിശാപുശ്പങ്ങളും-
തണുവില്‍ വിറക്കും ചൊടിയില്‍ ഉതിര്‍ക്കും
പ്രേമരാഗങ്ങളും!
നിന്റെ പാതി മരവിച്ച ദേഹം 
എനിക്കായി കാത്തുവച്ച ചുടു നിശ്വാസവും!
എല്ലാം കണ്ടുകൊണ്ട്, എല്ലാം കേട്ടുകൊണ്ട്, 
എല്ലാമറിഞ്ഞു ഞാനീ ഊഷരഭൂവില്‍ 
എന്‍ ഉടലിന്‍ തിളപ്പില്‍-
അറിയാ സുഖത്തിന്‍ പൊരുള്‍ തേടി-
ഏതോ വിലക്കപ്പെട്ട കനി തേടി-
വില്പനകാര്കിടയില്‍ വിലപേശി,
തണുത്ത കയ്യാല്‍ രതി ചൊല്ലി,
ഞാന്‍ കൊട്ടിയടച്ച വാതിലിന്‍ ഉള്ളില്‍,
അവള്‍!
 മരിച്ച മനസ്,
ഇനിയും മരിക്കാത്ത ദേഹം- 
വിങ്ങലില്‍ വിറയാര്‍ന്നു വാരിപ്പുതച്ച -
സാരിതലപ്പിന്നുള്ളില്‍നിന്നൂര്‍ന്നു വീണു-
പോയ കുറിപ്പ്!
"എന്റെ പേര് സന്ധ്യ, ഇതെന്റെ അവസാന രാവ്‌-
എനിക്ക് വേദന മാത്രം തന്ന ഭൂമിയോട് വിട......"    

പെയ്തു തീരാത്തവന്‍

മാനം മഴക്കാറു കൊള്ളുമ്പോള്‍

മനസ് പെയ്തു തീരാന്‍ മോഹിക്കുന്നു!
പെയ്തു തീരാനാവാതെ മഴ!

കാറ്റിന്‍ കയ്യില്‍ പെയ്യാതെ വഴുതി പോകുന്ന മേഘം-
പെയ്തു തീരാന്‍ കൊതിക്കുന്നവര്‍കിടയിലെക്കിറങ്ങി പോകുന്നവള്‍!

പെയ്തു തീരാത്ത മനസ് മഴ പെയ്തിടങ്ങള്‍ തേടി അലയുന്ന-
ഭ്രാന്തന്‍ ചെറുക്കന്‍!
അവന്‍ പ്രണയ രോഗി-
ആസ്പത്രി വരാന്തകള്‍, വീട്ടു തിന്ണകള്‍, പള്ളിയംബലചുറ്റുകള്‍,
തടവ്‌ ഗൃഹങ്ങള്‍.............
നടന്നു തിരക്കുന്നു.......

"മഴയെല്ലാം പെയതോഴിഞ്ഞുവോ?!"

ക്രിസ്തു വിധിക്കുമ്പോള്‍

തെരുവില്‍ പട്ടിണികുട്ടികള്‍ കല്ലെറിയുന്നു,
പട്ടിയെ, അവരുടെ അന്നം കട്ട കശ്മലനെ!
ഞാനും കല്ലെറിയുന്നാ പട്ടിയെ, 
വൃത്തികെട്ട ജെന്തു പുഴുവരിക്കും തെരുവ് മൃഗം!
എനിക്ക് പിറകെ മനസ്സിന്‍ താളം തെറ്റിയോരുവന്‍
ചീറി അടുക്കുന്നുവെന്നെ കല്ലെറിയുന്നു-
ഞാന്‍ കല്ലെറിയുന്നതവന്റെ പട്ടിയെ!   

ക്രിസ്തു ചോദിക്കുന്നു, " ആരും നിന്നെ കല്ലെറിഞ്ഞില്ലേ?"
ഉണ്ടെന്നു ഞാന്‍- "ഒരു ഭ്രാന്തന്‍!"
ക്രിസ്തു മണ്ണിലെഴുതി, "ഞാനത് ശരി വയ്ക്കുന്നു,
ഇനി മേലില്‍ അപ്പം കക്കരുത്, പൊയ്ക്കൊള്ളുക!"