Tuesday, January 10, 2012

എന്നെ മറന്നേക്കൂ

നിലാവേ നീ കേട്ടുവോ,
നിശബ്ദമാം പദസ്വരം?
നിദ്ര നിലവിളിചെഴുന്നേറ്റു-
നില്പാണിങ്ങനെ-
നിന്റെ വരവ് കാത്തെന്റെ സുന്ദരി !

വിരഹപാഠം   പഠിക്കാത്ത-
പൈതല്‍പോല്‍  പന്ചെന്ദ്രിയം,
അരികിലായ്  നീയുണ്ടെ-
ന്നറിവിനാല്‍  കണ്ണ് മൂടി കിടക്കുമ്പോള്‍;
വാര്‍മുടി നീയൊതുക്കി,
വാലിട്ടു കണ്ണെഴുതി,
ചന്ദ്രക്കല പൊട്ടു തൊട്ടു-
ചടുലം "എന്നെ മറന്നേക്കൂ-
എന്റെ പുലരിയിങ്ങെത്തി നില്‍ക്കുന്നു"-
എന്നു  ചൊല്ലിയൊരു  കിലുക്കാം-
പെട്ടിപോല്‍-
പൊട്ടിച്ചിരിച്ചു പടിയിറങ്ങുന്നു!!

കാറ്റില്‍ പൊട്ടിയകന്നുപോം -
പട്ടം പോലെ,
പെയ്തിറങ്ങിയാടിയൊഴിഞ്ഞു-
പോം മഴപോലെ,
യീ രാത്രിയെ വിട്ടു-
വിടപറയുന്നുവോ-
എന്റെ ചന്ദ്ര നിലാ സഖി ?

നാടകം കഴിഞ്ഞൊരു-
ഭ്രമണം തീര്‍ന്നിവിടം-
രാത്രി രതി വേദിയാകുന്നു!
പൊട്ടിചിരിച്ചകന്നുപോം-
പൊട്ടു മേഘങ്ങള്‍-,
നാളെയും വരുമെന്ന് ചൊല്ലുന്നു!

എവിടെ തുടങ്ങണം,
എവിടെ ഒടുക്കണമെ-
ന്നറിയാതലയും പിള്ളവായില്‍-
നിലവിളിക്കുന്നു നൊമ്പരം!

രാത്രിയാകും, ഭയമിരുട്ടും,
കൂട്ടുനിന്നെന്‍ എട്ടനാവണ-
മെന്നു ചൊല്ലി-
രാത്രിയിന്‍ റാണിയായി
കൂട്ടിരുന്നവള്‍ നീ കുഞ്ഞുസുന്ദരി !!

മധു വണ്ട്‌ പോലോര്‍മ്മ-
മനസ്സില്‍ നുള്ളിനോവിക്കുന്നു.

എതിരുട്ടില്‍ എവിടെ-
നമ്മളുരഗം പോലിണ കൂടി?-
ആരു തപം ചെയ്തുതീര്‍ത്ത-
കാവില്‍   കുടിയേറി?
ചിത്ത, വിഷാദ വിഷമിറക്കി?-
ഓര്‍മ്മയില്‍ നീ-
പുത്തന്‍ ചിറകുമായ്-
പറന്നുപോം-
പഴയ കുഞ്ഞു പക്ഷി!

നില്‍ക്കൂ,
ഒന്ന് നിന്നൊരു-
കണ്ണുനീരടര്‍ത്തി,
കൈവള  കിലുക്കി-
ഓര്‍മ്മയെ ഉമ്മവച്ചിറങ്ങൂ-
പകല്ചൂടിലേക്കെന്റെ
പ്രിയ പാട്ടുകാരി !





4 comments:

  1. തങ്കളെന്താണുദ്ദേശിച്ചതെന്ന് മനസ്സിലായില്ല.. കുഞ്ഞുപെങ്ങളെന്നെഴുതിയിട്ട് ഉരഗം പോലിണ ചേര്‍ന്ന കാര്യവും പറയുന്നു,
    അല്ലെങ്കില്‍ അവസാന ഖണ്ഡികയിലെങ്കിലും പെങ്ങളെന്ന വാക്ക് ഒഴിവാക്കാമായിരുന്നു....

    ReplyDelete
  2. എതിരുട്ടില്‍ എവിടെ-
    നമ്മളുരഗം പോലിണ കൂടി?-
    ആരു തപം ചെയ്തുതീര്‍ത്ത-
    കാവില്‍ കുടിയേറി?.....
    ????????????? കവി സദാചാര വിരുദ്ധ സമിതി അംഗമാണോ??

    ReplyDelete
  3. Dear Manoj and Radhakrishnan,
    thanks for your comments...
    ജീവിതത്തില്‍ പുത്തന്‍ ചിറകു മുളച്ചു പക്ഷി പറന്നുപോകുമ്പോള്‍, ഒരു വിശുദ്ധ പ്രണയം അതിനു പിറകിലുണ്ടെന്നു വിശ്വസിക്കുന്നു. കുഞ്ഞുപെങ്ങള്‍ എന്ന വാക്ക് വഴി തെറ്റിക്കുന്നു എന്ന് കരുതുന്നു. പക്ഷെ കുഞ്ഞുപെങ്ങളും സഖിയും തമ്മിലെ അതിര്‍വരമ്പുകള്‍ സ്വന്ത രക്തത്തില്‍ പിറക്കാത്ത കൂട്ടുകാരിക്ക് മുന്‍പില്‍ പുതിയ അര്‍ത്ഥങ്ങളുണ്ടാക്കും. ശരീരം ഇണ ചേരാത്ത ഒരു വിശുദ്ധ പ്രേമത്തെ ഓര്‍ക്കുന്നു. ഇണ ചേര്‍ന്നില്ലെങ്കിലും ചിറകു മുളച്ചിരിക്കുന്നു എന്നും.
    ക്ഷമിക്കുക, ഇതിനെ ഒരു പുതിയ സദാചാരമെന്ന് വിളിച്ചോളൂ.
    പ്രിയപെട്ടവളെ മോളെ എന്ന് ചിലരെങ്കിലും വിളിക്കാറില്ലേ?

    ReplyDelete
  4. വായനക്കാര്‍ക്ക് സദാചാര പ്രശ്നം ഒഴിവാക്കാന്‍ ഞാന്‍ ആ പദപ്രയോഗം മാറ്റുന്നു

    ReplyDelete