Tuesday, January 17, 2012

കെടാവിളക്ക്

ആകാശം,
അടുക്കളയില്‍ അവശയായി,
ആരെയോ കാത്തിരിക്കുന്ന-
അമ്മ!
വെളുത്ത മേഘങ്ങള്‍,
വെള്ള മുണ്ട് തോര്‍ത്ത്‌ പോല്‍--
അവളെടുത്തു പുതക്കുന്നു!

അവസാന ബസ്സില്‍ വന്നയാള്‍-
'അവന്‍ വരികില്ലെ'ന്നടക്കം പറയുന്നു!

ആകാശം
കരിന്തിരി വിളക്കണച്ച്-
കരിമുകില്‍ കംബളം പുതക്കുന്നു!
മെല്ലെ, മിന്നലിടിമുഴക്കം -
മറന്നുറങ്ങുന്നു!

വിളക്കു കെട്ടുപോയെന്നോര്‍മ്മ-
വേഗം വിളിച്ചുണര്‍ത്തുന്നവള്‍----
വിതുംബലായിരുട്ടില്‍--
വിളക്കിനായ് തിരയുന്നു!
വെളിയില്‍ പെയ്തിറങ്ങുന്നു-
മഴ, വിലാപയാത്രപോല്‍!!..

ഇവള്‍-
ആകാശം,
വേദന ബാഷ്പമായ്,
കുമിഞ്ഞു കൂടുന്ന കടല്‍!!!
ഓടിക്കിതചെത്തുന്ന കുഞ്ഞിന്ന-
ല്പം നനുത്ത മണ്ണും ജലവുമാകുന്നവള്‍!!

ഇവളെന്റെ അമ്മ!
ഒരു നാളും-
കരിന്തിരി കത്താത്ത,
എന്റെ വിശുദ്ധ വിളക്ക്!

1 comment: