Thursday, August 1, 2013

മഴപക്ഷി

മഴപക്ഷി   നീയെന്റെ മനസ്സിൽ
മയിൽ‌പീലി കാറ്റുമായ്‌ വന്നൂ
മയിൽ‌പീലി കാറ്റുമായി വന്നു .
തഴുകി തലോടി താമരയിതല്പോൾ -
തനുവിനെ തണുപ്പിചിടുന്നു , മഴയായ് -
തനുവിനെ തണുപ്പിച്ചിടുന്നു.

നിന് ഖിന്ന മൌനങ്ങളല്ലോ,
കാര്മേഘകൂട്ടമായ് വന്നൂ,
തമ്മിൽ സ്വകാര്യങ്ങൾ ചൊല്ലി-
കണ്ണുനീർ കാവ്യങ്ങളെഴുതി .
കരയുവാനറിയാത്ത കണ്ണുനീർ കൂട്ടമായ്‌ -
മണ്ണിന്റെ മാറിൽ പിടഞ്ഞു , മൌനങ്ങൾ-
മണ്ണിന്റെ മാറിൽ പിടഞ്ഞൂ .

നിന് ശൈത്യ ചാരുതയേകി -
നനവെന്നെ നോവിൽ പൊതിഞ്ഞു
നിന് പദ സരങ്ങളിൽ ഗാനം,
ഈറനണിഞ്ഞേ നിന്നൂ.
വാതിലിൻ പിന്പേ മറഞ്ഞൂ , കാലം-
മൂകമായ് മൂളിയതെല്ലാം.
ആർദ്രമായ്‌ പെയ്യുവാനറിയാതെ പെരുമഴ,
കഴലുകൾ വേച്ചു വലഞ്ഞൂ, പലവട്ടം-
കഴലുകൾ വേച്ചു വലഞ്ഞൂ .




 

Saturday, July 20, 2013

കൂട്ടുകാരി

നിദ്ര തലോടുമ്പോൾ ഓമനേ-
നീയെന്റെ നൂറു കിനാവുകൾ കണ്ടുറ ങ്ങൂ.
നിന്നരികെ ഞാനൊ രീറൻ  നിലാവായ്-
അഞ്ജന ചെപ്പുകളൊരുക്കി   വയ്ക്കാം.

നമ്മളുറങ്ങും മുന്പോടിയോളിക്കുമീ-
നിദ്രയെ പായിട്ടുറക്കിടാം ഞാൻ .
നൂറ്റൊന്നു വ്രതവും നോറ്റിട്ടു ഞാൻ
നിന്റെയിത്തിരി കോലായിൽ   കാത്തിരിക്കാം.

വേദന വീണ്ടും വാക്കുകളില്ലാതെ-
വാതിൽ പ്പടിയിൽ ചടഞ്ഞിരിപ്പൂ.
രാത്രിയിൽ കോർത്തിട്ട മാലകളൊക്കെയും
പാതിരാ കാറ്റിൽ കറുത്ത് പോയോ?

ഓർമ്മകൾ ഓടി വന്നുമ്മ തന്നേച്ചു പോം -
മുന്നേ നിന് മിഴി നീ തുറക്കൂ.
നിന്റെ വിചാരങ്ങൾ നിന്നെ ഉപേഷിച്ചുപോം-
മുൻപേ കോവിലിൻ നട തുറക്കൂ.

നിന്റെ നിശ്വാസവും നൂറു വിശ്വാസവും-
നെയ്ത്തിരി വിളക്കായ് കത്തിനില്ക്കും,
നീയുണരുമ്പോൾ നിന്നെയുണര്ത്തിയ-
വേണുവിൻ ഗാനമോ നിലച്ചിരിക്കും.

ആയിരം ദീപങ്ങൾ ജ്വലിച്ചിരിക്കുംനിൻ -
ന്നോര്മ്മയിലതിലോന്നെടുത്തിരിക്കും,
ഓളങ്ങൾ ഓർമ്മയെ തട്ടി നോവിക്കുമ്പോൾ -
കൂട്ടിനായ് അതിലൊന്നൊഴുകിയെത്തും.



Wednesday, July 17, 2013

മണല്പ്പാട്ട്

എവിടെ പോയ്‌ നീ മറഞ്ഞു -
നിളയെ, നിന്റെ നീരാട്ടിനായ്.
അരികെ ഞാനിരിക്കുന്നതോ -
അറിയാതെ നീ ഒളിക്കുന്നുവോ ?


പുളിനം  പട്ടുകൽപാടി-
പുഴയോടോട്ടുരുമ്മുന്നു .
നനവിൻ നീർക്കുടങ്ങൾ 
നിറയെ മുറിയും രക്തബന്ധങ്ങൾ ,
നിനവിൻ നീറ്റലേറും-
നമ്മളറിയാ കുഞ്ഞു പൈതങ്ങൾ .

തണുവിൻ ജ്വരമിറങ്ങുമ്പോൾ -നമ്മൾ 
തകരാതെ നമ്മെ കാക്കണം .


ഓർമ്മകളോടി കളിക്കുമാ കൈവഴി-
കാറ്റിൽ കിനിയുന്ന കുസൃതി കയ്യടി,
പൊട്ടുവളകൾ കിലുങ്ങുന്ന നിന് കരം-
പാട്ടുകൾ പാടി പതിയുമാ നിന് സ്വരം.


നദിയായ് നീയൊഴുകുന്നതിൽ -
മണല്തരിയായ് ഞാനലിയുന്നു,
നമ്മൾ നമ്മളിലെപ്പോഴോ-
നല്ല കഥകൾ തിരയുന്നു.
നമുക്കായ് പിറക്കാ പൈതലിൻ
നല്ല താരാട്ടു മൂളുന്നു.


നാമുണരുന്നു 
നമുക്കില്ലാ സ്വപ്നങ്ങളെ-
ഓർത്തു, പുഴയെ നീ വറുതി തിന്നുന്നു,
നദിയുണങ്ങുന്നു.
മണൽ ത്തീരം തകര്ന്നു വീഴുന്നു-
നിന്റെ നനവിനായ് ഞാൻ നിലവിളിക്കുന്നു !
മനമുണരുന്നു, മരണവും-
നിനവിൽ നിന്റെ ഓർമ്മയും .


തണുവിൻ  ജ്വരമിറങ്ങുമ്പോൾ നമ്മൾ 
തകരാതെ നമ്മെ കാക്കണം.




Monday, August 13, 2012

രതിയും രാഗവും

രതിയും  രാഗവും!

ഗിത്താറിന്റെ-
ഗീതം
മാംസത്തില്‍ അലിയുന്നത്!

വീണ്ടും വീണ്ടും
മന്ത്ര നാദമായി
വിരുന്നു വരുന്നത്!

ആരോ
വിരല്‍തുംബാല്‍-
തൊടുന്നു,
ഞാന്‍ പാടുന്നു!

സാമൂഹ്യപാഠം

കുനിയന്‍ ഉറുമ്പുകള്‍-
കുനുകുനെ
കുമിഞ്ഞുകൂടുന്നു!

ഒരു പച്ചിലപൂച്ചിയുടെ-
വിക്രുത ജഡം
വഴിയരികില്‍ നിന്നും
വലിച്ചിഴച്ചു.....
ഉറുമ്പുകളുടെ
നാളത്തെ അത്താഴം!

ഒരു ക്ഷണം,
കറുത്ത വാലാട്ടിക്കിളി-
കൂര്‍ത്ത ചുണ്ടാല്‍--
കൊത്തിയകലുന്നതോ-
കാത്തുവച്ചൊരത്താഴം !

സാമൂഹ്യപാഠം,

"മയിറ്റ് ഈസ്‌ റൈറ്റ് ".




Saturday, August 11, 2012

ഉറക്കം

വരൂ നമുക്ക്
പായ വിടര്‍ത്തി-
വിള ക്ക്  അണച്ച്
ജപങ്ങള്‍ ചൊല്ലി
ജനാലയിലെ ചന്ദ്രനെ
നോക്കി
വെറുതെ കിടക്കാം!
കഥകള്‍ തീരും വരെ
ഉറങ്ങാതെ
കിടക്കാം


മാപ്പ് ചൊല്ലാം
ചിരിക്കാം,
 ഭയങ്ങള്‍  മറന്നു
ചുണ്ടില്‍ ചുംബനംചേര്‍ത്ത്
നമുക്ക് ഉറക്കം നടിക്കാം !


നമുക്കറിയില്ല
നമ്മുടേത്‌ അല്ലാത്ത നാളയെ !
നമ്മളറിയാത്ത
നമ്മുടെ ഉറക്കത്തെ!




കന്യക

പുസ്തക താളുകളില്‍-
പുതുമഴ പെയ്തിറങ്ങി-
പാതിരാ സ്വപ്നങ്ങളുടെ-
പായക്കപ്പലുകള്‍
ഓര്‍മകളാല്‍ ഓളങ്ങള്‍ തള്ളി-
തീരങ്ങളെ  ചിരിപ്പിച്ചു
ചിരിക്കുന്നു .

ചക്രവാളങ്ങളില്‍
ചിറകുചേര്‍ത്ത്
വെള്ളക്കൊറ്റികള്‍
ആകാശ മേലാപ്പില്‍ഒഴുകും
അരയന്നമായി
വെളുത്ത കടലാസില്‍
അലിയാന്‍ തുടങ്ങവേ
പിറകില്‍ ആകാശം
കറുത്ത മേഘം പുതച്ചു
വിഷാദ രോഗിണി
കന്യയാകുന്നു !

ഇനി അവളുടെ
ചന്നം ചിന്നം ചിലമ്പല്‍,
മതിയില്‍ ഭ്രമിച്ചു മൌനയായ്
നയനമിരുണ്ട് കണ്ണീരാല്‍
കരയുടെ കരങ്ങള്‍ ഗ്രസിച്ചു
ശാന്തയായി വിതുമ്പുന്നു !

അകലെ
പട്ടുവെള്ള പാവാടയില്‍
പായക്കപ്പലുകള്‍
പാതിരാ തേടുന്നു!
ആകാശ തേരില്‍
അരയന്നമായി  ഇവളും
മഴ തേടി മറയുന്നു



Saturday, February 11, 2012

"ഫ്രെമ്മും ടുവും"

രാത്രിമാധുര്യത്തിന്‍-
ഉമിനീരൂറിച്ചു-
പശചേര്‍ത്തു,
ഭദ്രമായി ചേര്‍ത്തുവച്ച-
സ്വകാര്യതയുടെ-
സ്വപ്‌നങ്ങള്‍ ഇഴ ചേര്‍ന്ന കത്ത്!

സത്യം വെളുപ്പിക്കുന്ന-
രാവില്‍,
ഉറക്കമുണരുമ്പോള്‍,
വിലാസമില്ലാത്തത് !

നഗരമുണരുമ്പോള്‍, 
തപാല്‍ പെട്ടിയുടെ-
അന്ധകാരത്തില്‍,
മോചനം കാത്തു-
വിങ്ങി വിയര്‍ത്തു-
തപാല്‍ക്കാരനുപോലും-
വേണ്ടാതെ!

തെരുവിലേക്ക്-
എറിയപ്പെടും മുന്പാരെങ്കിലും-
തുറന്നു വായിച്ചിരുന്നേല്‍! 

മഴയിലും വേവിലും -
ദയയില്ലാത്തവര്‍-
ചവിട്ടിയരക്കുന്നു!

"ഫ്രെമ്മും ടുവും" 
ഇല്ലാത്തവ,
തപാല്‍ വകുപ്പിന്റെ 
ഉരുപ്പിടിയല്ലെന്നു !..........................!.



രണ്ടു വയസ്സുകാരി 'ബേബി ഫലക്കിനെ' ഓര്‍ക്കുന്നു.

Thursday, February 2, 2012

ആത്മകഥ

വിളക്കണക്കൂ
വരൂ നമുക്കിരുട്ടില്‍,
വീണ്ടുമീ പുസ്തകം-
വായിക്കണം! 
കറുത്ത അക്ഷരങ്ങള്‍-
തുന്നിയെടുത്ത-
കമ്പിളിപ്പുതപ്പിന്നുള്ളില്‍-
കഥയുടെ ചൂടും ഗന്ധവും,
എഴുത്തുകാരന്റെ-
ഭയവും നാണവും-
നമുക്ക് കേള്‍ക്കാം!
ഇനി വിളക്ക് തെളിച്ചീ-
പുസ്തകം പൂജിക്കണം!
പകലിന്റെ കഥയെഴുതി-
പുതുതായി വീണ്ടും-
വായിക്കണം!
അവസാനം-
പുറം ചട്ടയിട്ടു-
'ആത്മകഥയെന്നെഴുതി-
നീ കാത്തുകൊള്ളുക,
ഞാന്‍ തിരികെയെത്തും വരേയ്ക്കും !!

പാഴ്മരം

വാതിലടച്ചിപ്പുറത്തു-
കാതോര്‍ത്തു...
ഒടുവില്‍,
വാതിലില്‍ മുട്ടുന്ന-
വാടകക്കാരന്‍!!
"മുറിയൊഴിയണം"
അങ്ങനെ മറ്റൊരു-
വാതില്‍ കൂടി അടഞ്ഞിരിക്കുന്നു!
അവസാന നമ്പര്‍,
ഡയല്‍ ടോണില്‍ മറുപടി-
"ക്ഷമിക്കണം, ഈ നമ്പര്‍-
ഇപ്പോള്‍ ഉപയോഗത്തില്‍ ഇല്ല!"
വെളിച്ചം കെട്ടു രാത്രിയായി,
ഉപേഷിച്ച് പോയ-
ഉറക്കത്തെ-
ഒരു പോള കണ്ണടക്കാതെ-
ഓര്‍ക്കുന്നു!
രാവിലെ തപാലുകാരന്‍,
'തിരിച്ചു വന്ന' ഒരു കത്തുമായ് !

ഇനി വിലാസമില്ലാത്ത 
പ്രവാസ ജീവിതം!
റോഡരികിലെ മരം- 
മുനിസിപാലിറ്റി-
മുറിച്ചിരിക്കുന്നു !
ആ തണലും-
അവര്‍ കവര്‍ന്നെടുത്തു!
അത്യുഷ്ണവും-
അതിശൈത്യവും കൊണ്ട്-
റോഡരികില്‍-
ചിതലെടുക്കും പാഴ്മരം! 
അതിലൊരു പാഴ്മുള!
ചിതയിലൊടുങ്ങും വരെ-
ചിരിച്ചു കൊണ്ട്!

Sunday, January 22, 2012

വിധി


"ഗുസ്തിക്കാരനാണോ?"
അവന്റെ കൈ ബലം കണ്ട്-
മേനി മെഴുത്ത-
വല്യവീട്ടിലെ പെണ്‍കുട്ടി.
അവന്‍ ചിരിച്ചു.
അവള്‍ വീണ്ടും,
"ഇതുപോലെ 
സുന്ദരിയെക്കിട്ടുന്നത്-
ഭാഗ്യമല്ലേ?"
അവന്‍ വീണ്ടും ചിരിച്ചു.
പതിനാറില്‍,
പഠിത്തം നിര്‍ത്തിയതാണ്,
ആറു പേരുടെ-
അത്താണി, 
പെങ്ങള്‍മാരെ-
പഠിപ്പിക്കണം,
വീട്ടുവേലക്കു വിടാതെ.
പിന്നെ മരുന്ന്, കുഴമ്പ്!

"റിക്ഷാ ഇവിടെ നിര്‍ത്തൂ"
അവള്‍ അവഞ്ജയോടെ,
തല വെട്ടിച്ചു 
സിനിമാ തീയറ്ററിലോട്ടു !

മക്കളെ വളര്‍ത്തുന്നത്

ഉച്ചയൂണിനു -
ഉപ്പുമാവ്!

മുറ്റമടിച്ചു-
മൂത്രപ്പുര കഴുകി-
കഴിഞ്ഞാല്‍ മുറപോലെ-
കിട്ടുമവള്‍ക്കും 
ഒരു പിഞ്ഞാണം-
ഉപ്പുമാവ്!

പൈപ്പില്‍നിന്നും-
പിഞ്ഞാണത്തില്‍ 
പച്ചവെള്ളം-
വയറു നിറയെ!
മടിശീലയില്‍-
ചൂടുപ്പുമാവ്‌!! 
മാവിന്‍ചുവട്ടില്‍-
ഇത്തിരി മയക്കം!
വെയിലാറുമ്പോള്‍-
വീട്ടിലേയ്ക്ക്.

വൈകുന്നേരം 
വിദ്യാലയം വിട്ടു-
മൂന്ന് പെണ്മക്കളും ചെറുക്കനും.
നാല് ഗ്ലാസ് കട്ടന്‍ ചായ,
ഇഷ്ടം പോലെ ഉപ്പുമാവ്!

മറവി വരുമ്പോള്‍

ഓര്‍മ്മകള്‍-
വീട്ടിനകത്തില്ല,
പുറത്തെവിടെയോ പോയിരിക്കുന്നു!
അവരിങ്ങേത്തുംവരെ-
അശാന്തിയാണ്! 
വാതില്‍-
ഉള്ളില്‍ നിന്നും പൂട്ടിയിട്ടും-
ഉറക്കം വരുന്നില്ല,
അവരിങ്ങേത്തുമെന്ന-
ആധികൊണ്ടാണത്!

ചെറുത്തുനില്പ്

പൊക്കിള്‍ മറയ്ക്കാത്തതിനു-
അവളെ അമ്മ തല്ലി.
മറയ്ക്കാത്ത പൊക്കിളുമായി-
ഞാന്‍ ആണായി!

അവള്‍ അര പാവാടയിട്ടപ്പോള്‍ ,
അടി നിവര്‍ത്തി നീളം കൂട്ടുവാന്‍--
അമ്മ.
അവിടെയും-
കൊച്ചു നിക്കറിട്ടു-
ഞാന്‍ ആണായി!

'മാമാട്ടിയായി' തലമുടി-
മുറിച്ചതിനു,
അവളെ വീണ്ടും തല്ലി!
തലമുടി വെട്ടാത എനിക്കും-
കിട്ടി തല്ല്!

വിശന്നപ്പോള്‍,
അവള്‍ക്കടുക്കളയില്‍,
എനിക്ക് മേശയില്‍!!!.

അവള്‍ കരയുന്നില്ല!
ഞാന്‍ ചിരിക്കുമ്പോള്‍-
'പോടാ' എന്ന് കൊഞ്ഞനം കുത്തും!
ഇന്നും അവള്‍ 
ചെറുത്തുനില്പ്  തുടരുന്നു........!

നിറമില്ലാത്ത രൂപങ്ങള്‍

ഒരു കൊച്ചു പെട്ടി,
ഈശ്വര രൂപം,
പഴയ പാവാടകളും,
കീറിതുടങ്ങിയ സാരിയും.
ചപ്പാത്തിപ്പലക,
മണ്ണെണ്ണ 'സ്റ്റവ്',
പ്ലാസ്റ്റിക് കുടം,
നാല് കുരുന്നു കുട്ടികള്‍.
നന്നായി കീറിയ,
നാല് ചണച്ചാക്കുകള്‍.

നഗരത്തില്‍ 
പ്രവാസത്തിലേക്ക്,
നിറമില്ലാത്ത മണമില്ലാത്ത-
അഞ്ചു ആള്‍ രൂപങ്ങള്‍!!

Saturday, January 21, 2012

മറക്കാന്‍ കഴിയാത്തത്

പാതിവഴിയെ-
പാദുകം അഴിച്ചു വച്ചത്,
നനഞ്ഞ കൂന്തലാല്‍ തിര-
നനുപ്പിച്ച തരിയെ,
നഗ്നമായ് തൊടുവാന്‍!!! 

ചെളി മറന്നു-
ചടഞ്ഞിരുന്നത്,
നിന്നില്‍---
കളങ്കമില്ലാത്തതിനാല്‍!

തിമിര്‍ത്തലച്ചു നീ വരുമ്പോള്‍-
തീരത്തിറങ്ങി നിന്നത്,
തിരികെയിനിയെന്നു-
തിരിച്ചെത്തുമെന്ന് തിരക്കാന്‍!

എന്നിട്ടും,
എന്റെ പദചിഹ്നങ്ങള്‍-
മാഷിപ്പച്ചയാല്‍ മായിച്ച്,
കുസൃതി കുരുന്നിനെപോല്‍-
പുതിയാക്ഷരങ്ങള്‍ തേടി-
നീ മറുകരയ്ക്ക്.......!!

ഒരു പക്ഷെ,
തീരത്തെത്തുന്ന-
ഒത്തിരിപ്പേരില്‍ ഒരാളായ്‌-
നീ എന്നെ കണ്ടിരിക്കും!
അല്ലാതൊരിക്കലും,
നീയറിഞ്ഞുകൊണ്ട്,
എന്നെ മറക്കില്ലയെന്നു....
എന്നോട് ഞാന്‍-
എപ്പോഴും  പറയട്ടെ?

Thursday, January 19, 2012

"ടബ്ബാ വാല'

മകളേ,
നീ മൊട്ടുമുല്ല,
എന്റെ കാട്ടുമുല്ലക്കു-
പിറന്നൊറ്റ മുല്ല !

ഇത് മഹാനഗരം!
മാന്യനാകാന്‍-
കടം കൊണ്ട "സ്യൂട്ടും കോട്ടും"!
കരുണയില്ലാത്ത 
അപരിചിതനെ  പോലെ,
എന്റെ ഇല്ലായ്മ്മ,  
എന്നെ കുത്തി നോവിക്കുന്നു!
നിശീധിനിയുടെ,
നിയോണ്‍ ബള്‍ബുകളില്‍-
നക്ഷത്രശാല.
ഇവിടെ,
സൌന്ദര്യക്കച്ചവടക്കാര്‍-
മേനിയഴകിന്റെ-
മതിപ്പില്‍,
വീഞ്ഞും വിലപേശലും!

മനം പുരട്ടുന്ന-
മണങ്ങളില്‍ മരവിച്ചു-
'തീറ്റയും കുടിയുമില്ലാതെ',
"റാംപില്‍""" നല്ലുടുപ്പില്‍""
നടക്കും നിനക്കായ്-
നിമിഷങ്ങളെണ്ണി..
ചോറ്റുപാത്രത്തില്‍,
ചൂട് ചോറ് ചുമക്കും,
ചേരിയിലെ "ടബ്ബാ വാല"
നിന്റെ അച്ഛന്‍ .
"മോളെ, മാഡം പറഞ്ഞിരുന്നു,
മത്സരം മാത്രമാണിതെന്ന്,
മകളും 'മോഡല്‍' ആകുമെന്ന്!"

കുരുന്നു പ്രായക്കാര്‍,
കരുതലോടെ ചുവടു വച്ച്...
ഒരു കൂട പൂവുമായി-
കുണുങ്ങി കുണുങ്ങി നീ...!

ഒരു മരവിപ്പ്...
മരിക്കുന്നത് പോലെ!
ചുറ്റിനും-
കറുത്ത കൂര്‍ത്ത കണ്ണുകള്‍!!
യൌവ്വനത്തിന്റെ-
കൊഴുത്ത പാട്ടുകള്‍!!
സൌന്ദര്യക്കച്ചവടക്കാര്‍,
വിലപേശി തുടങ്ങി..
അവരിലാരോ, "മുപ്പതു വെള്ളിനാണയങ്ങള്‍ "
എന്റെ കുഞ്ഞിനോ?
വയ്യാ, 
ഞാന്‍ വിയര്‍ക്കുന്നത് 
കുറ്റവാളിയുടെ രക്തം!

നീയടുത്തെത്തിയിരിക്കുന്നു..
നിശാപാട്ടുകാരിയെ പോലെ-
തൊങ്ങലുകളില്ലാ-
കുഞ്ഞുടുപ്പ്‌!.
കൂടയില്‍ 
വിലയുള്ള പ്ലാസ്റ്റിക്‌ പുഷ്പങ്ങള്‍ .
ഒന്നുമറിയാതെ...നീ..
ഒത്തിരി പുഞ്ചിരിക്കുന്നു!
എന്റെ കണ്ണിരുട്ടുന്നു... 

മകളേ,
വയ്യാ..നമുക്ക് 
നഗരത്തിന്റെ പടിയിറങ്ങാം,
കാട്ടുമുല്ല മണക്കുന്ന,
തോട്ടത്തില്‍,
ഒരു "ടബ്ബാ വാല' യുടെ
ദാരിദ്ര്യത്തില്‍ 
നീ മെല്ലെ വളരുക,
നിന്റെ ചോറ്റുപാത്രത്തില്‍,
നിറയെ ചൂട് ചോറുമായി-
എന്നും,
നെല്ലിമരചോട്ടില്‍,
നിന്റെ വിദ്യാലയത്തില്‍,
കഴിവുള്ള-
ഒരച്ഛനായി എത്താം!


ബോംബയില്‍ അരങ്ങേറുന്ന കുഞ്ഞു കുരുന്നുകളുടെ സൌന്ദര്യ മത്സരം ഓര്‍ക്കുന്നു.....അല്പം വിഷമത്തോടെ....

Tuesday, January 17, 2012

കെടാവിളക്ക്

ആകാശം,
അടുക്കളയില്‍ അവശയായി,
ആരെയോ കാത്തിരിക്കുന്ന-
അമ്മ!
വെളുത്ത മേഘങ്ങള്‍,
വെള്ള മുണ്ട് തോര്‍ത്ത്‌ പോല്‍--
അവളെടുത്തു പുതക്കുന്നു!

അവസാന ബസ്സില്‍ വന്നയാള്‍-
'അവന്‍ വരികില്ലെ'ന്നടക്കം പറയുന്നു!

ആകാശം
കരിന്തിരി വിളക്കണച്ച്-
കരിമുകില്‍ കംബളം പുതക്കുന്നു!
മെല്ലെ, മിന്നലിടിമുഴക്കം -
മറന്നുറങ്ങുന്നു!

വിളക്കു കെട്ടുപോയെന്നോര്‍മ്മ-
വേഗം വിളിച്ചുണര്‍ത്തുന്നവള്‍----
വിതുംബലായിരുട്ടില്‍--
വിളക്കിനായ് തിരയുന്നു!
വെളിയില്‍ പെയ്തിറങ്ങുന്നു-
മഴ, വിലാപയാത്രപോല്‍!!..

ഇവള്‍-
ആകാശം,
വേദന ബാഷ്പമായ്,
കുമിഞ്ഞു കൂടുന്ന കടല്‍!!!
ഓടിക്കിതചെത്തുന്ന കുഞ്ഞിന്ന-
ല്പം നനുത്ത മണ്ണും ജലവുമാകുന്നവള്‍!!

ഇവളെന്റെ അമ്മ!
ഒരു നാളും-
കരിന്തിരി കത്താത്ത,
എന്റെ വിശുദ്ധ വിളക്ക്!

Saturday, January 14, 2012

ആശുപത്രിക്കിടക്ക

അമ്മേ,
ആര്‍ക്കും വേണ്ടാത്ത ഭൂമി-
ആശുപത്രിക്കിടക്ക!
വെറുതെ കിട്ടുന്നു-
വിലയായ് അര്‍ബുദം!
ഞാന്‍
കിടക്കുന്നിവിടെ,
കറുത്ത കാസയാണമ്മേ    കുടിക്കുവാന്‍!!
ഇരുണ്ട പുസ്തക കെട്ടില്‍ നിന്നും-
ഉരുണ്ടു വീഴുന്നു മൂന്നക്ഷരം!
മരണമാണതെന്നെന്റെ-
മനസ് മടിച്ചു വായിക്കുന്നു!
ഉള്ളില്‍-
ഒരു കുഞ്ഞിന്റെ രോദനം,
"മരിക്കാന്‍ പേടിയാവുന്നു അമ്മേ"

വെളുത്ത ചുവരില്‍,
ആളില്ലാതെ തൂങ്ങും കുരിശ്‌!
അടയും കണ്കള്‍ക്കുള്ളില്‍-
ഒരു കല്ലറ! മനുഷ്യ-
കാരുന്ന്യം കാത്തു-
കിടക്കും ഭ്രൂണം!
കാല ഭ്രമണ കലികാല-
ശാപങ്ങള്‍ ശാസിക്കും,
കൊടുംകാറ്റിന്‍  കാതില്‍--
കടലിന്‍ നനുത്ത പൂവായ്-
ജനിച്ചുയര്‍പ്പിന്‍-
ഓംകാരമായ്,
ഓളപ്പരപ്പില്‍  ഒരു-
ഭൂമി പറുദീസാ തീര്‍ക്കുന്നവന്‍!

കാണുന്നു ഞാന്‍,
കാരുണ്യം ജലമാകുന്നു!
കദനപ്പെരുംകടല്‍ കുരിശിലേറി-
ക്രിസ്തുവാകുന്നു, നെഞ്ചില്‍ നി-
ന്നിറ്റു വീഴും ജലാംശമായെന്‍--
ഇരുണ്ട ജീവിത രസത്തിന്‍,
ഒടുങ്ങാ ദാഹത്തിന്‍,
ഉള്ളിലെ പുഴു തിന്ന പൂവിന്‍
ജയ പരാജയ പരാഗമാകുന്നു!

ആരോ വന്നു തൊടുന്നു-
ആര്‍ദ്രമായി,
കണ്ണുകള്‍ കൂമ്പിയടക്കുന്നു,
ഇതളുകള്‍ക്കുള്ളില്‍-
ഇത്തിരി പരാഗം,
ഇട്ടു തന്നേച്ചു പോയി-
ഒരു പൊന്‍  പൂമ്പാറ്റ!
ഇത്-
കാത്തുകൊണ്ടേ-
കിടക്കാമവസാനം,
പുന്ജിരിച്ചൊരു പൂവായ്
പള്ളിയില്‍ കുന്തുരുക്കം-
മണത്തു-
മണിനാദം കേട്ടുറങ്ങാം.

നിങ്ങളൊരു-
കുരിശിന്റെ  കയ്യോടു ചേര്‍ക്കുക!
കവിളില്‍ കരയാതെ മുത്തുക!
കുഴിയില്‍-
ഒരല്പം നനുത്ത മണ്ണില്‍,
നുണക്കുഴി പൂവായ്,
അമ്മെ വീണ്ടും,
നിനക്കായ് മാത്രം ജനിക്കട്ടെ!

Thursday, January 12, 2012

യന്ത്രം

ടൈംപീസിനെ -
ശപിച്ചു-
യന്ത്രം പോലെ,
ഇന്നും എഴുന്നേല്‍ക്കുക!

ഒറ്റയ്ക്ക്-
ഇരുന്നു കരയുക,
ഒത്തിരി തളര്‍ന്നാല്‍-
ഒന്ന് മുഖം കഴുകുക!
കണ്ണാടിയില്‍-
കണ്ണടച്ച് പല്ലിളിക്കുക!
ഓഫീസില്‍ എത്തുമ്പോള്‍,
ഒരു ചൂയിങ്ങം വായിലിട്ടു-
ദുഖവും ദേഷ്യവും നുണഞ്ഞു-
കണ്ണീരിന്റെ ഖരാവസ്ഥ-
തുപ്പിക്കളയുക!

ഇനി ഇന്നത്തെ ജീവിതം തുടങ്ങാം!