Monday, August 13, 2012

രതിയും രാഗവും

രതിയും  രാഗവും!

ഗിത്താറിന്റെ-
ഗീതം
മാംസത്തില്‍ അലിയുന്നത്!

വീണ്ടും വീണ്ടും
മന്ത്ര നാദമായി
വിരുന്നു വരുന്നത്!

ആരോ
വിരല്‍തുംബാല്‍-
തൊടുന്നു,
ഞാന്‍ പാടുന്നു!

സാമൂഹ്യപാഠം

കുനിയന്‍ ഉറുമ്പുകള്‍-
കുനുകുനെ
കുമിഞ്ഞുകൂടുന്നു!

ഒരു പച്ചിലപൂച്ചിയുടെ-
വിക്രുത ജഡം
വഴിയരികില്‍ നിന്നും
വലിച്ചിഴച്ചു.....
ഉറുമ്പുകളുടെ
നാളത്തെ അത്താഴം!

ഒരു ക്ഷണം,
കറുത്ത വാലാട്ടിക്കിളി-
കൂര്‍ത്ത ചുണ്ടാല്‍--
കൊത്തിയകലുന്നതോ-
കാത്തുവച്ചൊരത്താഴം !

സാമൂഹ്യപാഠം,

"മയിറ്റ് ഈസ്‌ റൈറ്റ് ".




Saturday, August 11, 2012

ഉറക്കം

വരൂ നമുക്ക്
പായ വിടര്‍ത്തി-
വിള ക്ക്  അണച്ച്
ജപങ്ങള്‍ ചൊല്ലി
ജനാലയിലെ ചന്ദ്രനെ
നോക്കി
വെറുതെ കിടക്കാം!
കഥകള്‍ തീരും വരെ
ഉറങ്ങാതെ
കിടക്കാം


മാപ്പ് ചൊല്ലാം
ചിരിക്കാം,
 ഭയങ്ങള്‍  മറന്നു
ചുണ്ടില്‍ ചുംബനംചേര്‍ത്ത്
നമുക്ക് ഉറക്കം നടിക്കാം !


നമുക്കറിയില്ല
നമ്മുടേത്‌ അല്ലാത്ത നാളയെ !
നമ്മളറിയാത്ത
നമ്മുടെ ഉറക്കത്തെ!




കന്യക

പുസ്തക താളുകളില്‍-
പുതുമഴ പെയ്തിറങ്ങി-
പാതിരാ സ്വപ്നങ്ങളുടെ-
പായക്കപ്പലുകള്‍
ഓര്‍മകളാല്‍ ഓളങ്ങള്‍ തള്ളി-
തീരങ്ങളെ  ചിരിപ്പിച്ചു
ചിരിക്കുന്നു .

ചക്രവാളങ്ങളില്‍
ചിറകുചേര്‍ത്ത്
വെള്ളക്കൊറ്റികള്‍
ആകാശ മേലാപ്പില്‍ഒഴുകും
അരയന്നമായി
വെളുത്ത കടലാസില്‍
അലിയാന്‍ തുടങ്ങവേ
പിറകില്‍ ആകാശം
കറുത്ത മേഘം പുതച്ചു
വിഷാദ രോഗിണി
കന്യയാകുന്നു !

ഇനി അവളുടെ
ചന്നം ചിന്നം ചിലമ്പല്‍,
മതിയില്‍ ഭ്രമിച്ചു മൌനയായ്
നയനമിരുണ്ട് കണ്ണീരാല്‍
കരയുടെ കരങ്ങള്‍ ഗ്രസിച്ചു
ശാന്തയായി വിതുമ്പുന്നു !

അകലെ
പട്ടുവെള്ള പാവാടയില്‍
പായക്കപ്പലുകള്‍
പാതിരാ തേടുന്നു!
ആകാശ തേരില്‍
അരയന്നമായി  ഇവളും
മഴ തേടി മറയുന്നു



Saturday, February 11, 2012

"ഫ്രെമ്മും ടുവും"

രാത്രിമാധുര്യത്തിന്‍-
ഉമിനീരൂറിച്ചു-
പശചേര്‍ത്തു,
ഭദ്രമായി ചേര്‍ത്തുവച്ച-
സ്വകാര്യതയുടെ-
സ്വപ്‌നങ്ങള്‍ ഇഴ ചേര്‍ന്ന കത്ത്!

സത്യം വെളുപ്പിക്കുന്ന-
രാവില്‍,
ഉറക്കമുണരുമ്പോള്‍,
വിലാസമില്ലാത്തത് !

നഗരമുണരുമ്പോള്‍, 
തപാല്‍ പെട്ടിയുടെ-
അന്ധകാരത്തില്‍,
മോചനം കാത്തു-
വിങ്ങി വിയര്‍ത്തു-
തപാല്‍ക്കാരനുപോലും-
വേണ്ടാതെ!

തെരുവിലേക്ക്-
എറിയപ്പെടും മുന്പാരെങ്കിലും-
തുറന്നു വായിച്ചിരുന്നേല്‍! 

മഴയിലും വേവിലും -
ദയയില്ലാത്തവര്‍-
ചവിട്ടിയരക്കുന്നു!

"ഫ്രെമ്മും ടുവും" 
ഇല്ലാത്തവ,
തപാല്‍ വകുപ്പിന്റെ 
ഉരുപ്പിടിയല്ലെന്നു !..........................!.



രണ്ടു വയസ്സുകാരി 'ബേബി ഫലക്കിനെ' ഓര്‍ക്കുന്നു.

Thursday, February 2, 2012

ആത്മകഥ

വിളക്കണക്കൂ
വരൂ നമുക്കിരുട്ടില്‍,
വീണ്ടുമീ പുസ്തകം-
വായിക്കണം! 
കറുത്ത അക്ഷരങ്ങള്‍-
തുന്നിയെടുത്ത-
കമ്പിളിപ്പുതപ്പിന്നുള്ളില്‍-
കഥയുടെ ചൂടും ഗന്ധവും,
എഴുത്തുകാരന്റെ-
ഭയവും നാണവും-
നമുക്ക് കേള്‍ക്കാം!
ഇനി വിളക്ക് തെളിച്ചീ-
പുസ്തകം പൂജിക്കണം!
പകലിന്റെ കഥയെഴുതി-
പുതുതായി വീണ്ടും-
വായിക്കണം!
അവസാനം-
പുറം ചട്ടയിട്ടു-
'ആത്മകഥയെന്നെഴുതി-
നീ കാത്തുകൊള്ളുക,
ഞാന്‍ തിരികെയെത്തും വരേയ്ക്കും !!

പാഴ്മരം

വാതിലടച്ചിപ്പുറത്തു-
കാതോര്‍ത്തു...
ഒടുവില്‍,
വാതിലില്‍ മുട്ടുന്ന-
വാടകക്കാരന്‍!!
"മുറിയൊഴിയണം"
അങ്ങനെ മറ്റൊരു-
വാതില്‍ കൂടി അടഞ്ഞിരിക്കുന്നു!
അവസാന നമ്പര്‍,
ഡയല്‍ ടോണില്‍ മറുപടി-
"ക്ഷമിക്കണം, ഈ നമ്പര്‍-
ഇപ്പോള്‍ ഉപയോഗത്തില്‍ ഇല്ല!"
വെളിച്ചം കെട്ടു രാത്രിയായി,
ഉപേഷിച്ച് പോയ-
ഉറക്കത്തെ-
ഒരു പോള കണ്ണടക്കാതെ-
ഓര്‍ക്കുന്നു!
രാവിലെ തപാലുകാരന്‍,
'തിരിച്ചു വന്ന' ഒരു കത്തുമായ് !

ഇനി വിലാസമില്ലാത്ത 
പ്രവാസ ജീവിതം!
റോഡരികിലെ മരം- 
മുനിസിപാലിറ്റി-
മുറിച്ചിരിക്കുന്നു !
ആ തണലും-
അവര്‍ കവര്‍ന്നെടുത്തു!
അത്യുഷ്ണവും-
അതിശൈത്യവും കൊണ്ട്-
റോഡരികില്‍-
ചിതലെടുക്കും പാഴ്മരം! 
അതിലൊരു പാഴ്മുള!
ചിതയിലൊടുങ്ങും വരെ-
ചിരിച്ചു കൊണ്ട്!

Sunday, January 22, 2012

വിധി


"ഗുസ്തിക്കാരനാണോ?"
അവന്റെ കൈ ബലം കണ്ട്-
മേനി മെഴുത്ത-
വല്യവീട്ടിലെ പെണ്‍കുട്ടി.
അവന്‍ ചിരിച്ചു.
അവള്‍ വീണ്ടും,
"ഇതുപോലെ 
സുന്ദരിയെക്കിട്ടുന്നത്-
ഭാഗ്യമല്ലേ?"
അവന്‍ വീണ്ടും ചിരിച്ചു.
പതിനാറില്‍,
പഠിത്തം നിര്‍ത്തിയതാണ്,
ആറു പേരുടെ-
അത്താണി, 
പെങ്ങള്‍മാരെ-
പഠിപ്പിക്കണം,
വീട്ടുവേലക്കു വിടാതെ.
പിന്നെ മരുന്ന്, കുഴമ്പ്!

"റിക്ഷാ ഇവിടെ നിര്‍ത്തൂ"
അവള്‍ അവഞ്ജയോടെ,
തല വെട്ടിച്ചു 
സിനിമാ തീയറ്ററിലോട്ടു !

മക്കളെ വളര്‍ത്തുന്നത്

ഉച്ചയൂണിനു -
ഉപ്പുമാവ്!

മുറ്റമടിച്ചു-
മൂത്രപ്പുര കഴുകി-
കഴിഞ്ഞാല്‍ മുറപോലെ-
കിട്ടുമവള്‍ക്കും 
ഒരു പിഞ്ഞാണം-
ഉപ്പുമാവ്!

പൈപ്പില്‍നിന്നും-
പിഞ്ഞാണത്തില്‍ 
പച്ചവെള്ളം-
വയറു നിറയെ!
മടിശീലയില്‍-
ചൂടുപ്പുമാവ്‌!! 
മാവിന്‍ചുവട്ടില്‍-
ഇത്തിരി മയക്കം!
വെയിലാറുമ്പോള്‍-
വീട്ടിലേയ്ക്ക്.

വൈകുന്നേരം 
വിദ്യാലയം വിട്ടു-
മൂന്ന് പെണ്മക്കളും ചെറുക്കനും.
നാല് ഗ്ലാസ് കട്ടന്‍ ചായ,
ഇഷ്ടം പോലെ ഉപ്പുമാവ്!

മറവി വരുമ്പോള്‍

ഓര്‍മ്മകള്‍-
വീട്ടിനകത്തില്ല,
പുറത്തെവിടെയോ പോയിരിക്കുന്നു!
അവരിങ്ങേത്തുംവരെ-
അശാന്തിയാണ്! 
വാതില്‍-
ഉള്ളില്‍ നിന്നും പൂട്ടിയിട്ടും-
ഉറക്കം വരുന്നില്ല,
അവരിങ്ങേത്തുമെന്ന-
ആധികൊണ്ടാണത്!

ചെറുത്തുനില്പ്

പൊക്കിള്‍ മറയ്ക്കാത്തതിനു-
അവളെ അമ്മ തല്ലി.
മറയ്ക്കാത്ത പൊക്കിളുമായി-
ഞാന്‍ ആണായി!

അവള്‍ അര പാവാടയിട്ടപ്പോള്‍ ,
അടി നിവര്‍ത്തി നീളം കൂട്ടുവാന്‍--
അമ്മ.
അവിടെയും-
കൊച്ചു നിക്കറിട്ടു-
ഞാന്‍ ആണായി!

'മാമാട്ടിയായി' തലമുടി-
മുറിച്ചതിനു,
അവളെ വീണ്ടും തല്ലി!
തലമുടി വെട്ടാത എനിക്കും-
കിട്ടി തല്ല്!

വിശന്നപ്പോള്‍,
അവള്‍ക്കടുക്കളയില്‍,
എനിക്ക് മേശയില്‍!!!.

അവള്‍ കരയുന്നില്ല!
ഞാന്‍ ചിരിക്കുമ്പോള്‍-
'പോടാ' എന്ന് കൊഞ്ഞനം കുത്തും!
ഇന്നും അവള്‍ 
ചെറുത്തുനില്പ്  തുടരുന്നു........!

നിറമില്ലാത്ത രൂപങ്ങള്‍

ഒരു കൊച്ചു പെട്ടി,
ഈശ്വര രൂപം,
പഴയ പാവാടകളും,
കീറിതുടങ്ങിയ സാരിയും.
ചപ്പാത്തിപ്പലക,
മണ്ണെണ്ണ 'സ്റ്റവ്',
പ്ലാസ്റ്റിക് കുടം,
നാല് കുരുന്നു കുട്ടികള്‍.
നന്നായി കീറിയ,
നാല് ചണച്ചാക്കുകള്‍.

നഗരത്തില്‍ 
പ്രവാസത്തിലേക്ക്,
നിറമില്ലാത്ത മണമില്ലാത്ത-
അഞ്ചു ആള്‍ രൂപങ്ങള്‍!!

Saturday, January 21, 2012

മറക്കാന്‍ കഴിയാത്തത്

പാതിവഴിയെ-
പാദുകം അഴിച്ചു വച്ചത്,
നനഞ്ഞ കൂന്തലാല്‍ തിര-
നനുപ്പിച്ച തരിയെ,
നഗ്നമായ് തൊടുവാന്‍!!! 

ചെളി മറന്നു-
ചടഞ്ഞിരുന്നത്,
നിന്നില്‍---
കളങ്കമില്ലാത്തതിനാല്‍!

തിമിര്‍ത്തലച്ചു നീ വരുമ്പോള്‍-
തീരത്തിറങ്ങി നിന്നത്,
തിരികെയിനിയെന്നു-
തിരിച്ചെത്തുമെന്ന് തിരക്കാന്‍!

എന്നിട്ടും,
എന്റെ പദചിഹ്നങ്ങള്‍-
മാഷിപ്പച്ചയാല്‍ മായിച്ച്,
കുസൃതി കുരുന്നിനെപോല്‍-
പുതിയാക്ഷരങ്ങള്‍ തേടി-
നീ മറുകരയ്ക്ക്.......!!

ഒരു പക്ഷെ,
തീരത്തെത്തുന്ന-
ഒത്തിരിപ്പേരില്‍ ഒരാളായ്‌-
നീ എന്നെ കണ്ടിരിക്കും!
അല്ലാതൊരിക്കലും,
നീയറിഞ്ഞുകൊണ്ട്,
എന്നെ മറക്കില്ലയെന്നു....
എന്നോട് ഞാന്‍-
എപ്പോഴും  പറയട്ടെ?

Thursday, January 19, 2012

"ടബ്ബാ വാല'

മകളേ,
നീ മൊട്ടുമുല്ല,
എന്റെ കാട്ടുമുല്ലക്കു-
പിറന്നൊറ്റ മുല്ല !

ഇത് മഹാനഗരം!
മാന്യനാകാന്‍-
കടം കൊണ്ട "സ്യൂട്ടും കോട്ടും"!
കരുണയില്ലാത്ത 
അപരിചിതനെ  പോലെ,
എന്റെ ഇല്ലായ്മ്മ,  
എന്നെ കുത്തി നോവിക്കുന്നു!
നിശീധിനിയുടെ,
നിയോണ്‍ ബള്‍ബുകളില്‍-
നക്ഷത്രശാല.
ഇവിടെ,
സൌന്ദര്യക്കച്ചവടക്കാര്‍-
മേനിയഴകിന്റെ-
മതിപ്പില്‍,
വീഞ്ഞും വിലപേശലും!

മനം പുരട്ടുന്ന-
മണങ്ങളില്‍ മരവിച്ചു-
'തീറ്റയും കുടിയുമില്ലാതെ',
"റാംപില്‍""" നല്ലുടുപ്പില്‍""
നടക്കും നിനക്കായ്-
നിമിഷങ്ങളെണ്ണി..
ചോറ്റുപാത്രത്തില്‍,
ചൂട് ചോറ് ചുമക്കും,
ചേരിയിലെ "ടബ്ബാ വാല"
നിന്റെ അച്ഛന്‍ .
"മോളെ, മാഡം പറഞ്ഞിരുന്നു,
മത്സരം മാത്രമാണിതെന്ന്,
മകളും 'മോഡല്‍' ആകുമെന്ന്!"

കുരുന്നു പ്രായക്കാര്‍,
കരുതലോടെ ചുവടു വച്ച്...
ഒരു കൂട പൂവുമായി-
കുണുങ്ങി കുണുങ്ങി നീ...!

ഒരു മരവിപ്പ്...
മരിക്കുന്നത് പോലെ!
ചുറ്റിനും-
കറുത്ത കൂര്‍ത്ത കണ്ണുകള്‍!!
യൌവ്വനത്തിന്റെ-
കൊഴുത്ത പാട്ടുകള്‍!!
സൌന്ദര്യക്കച്ചവടക്കാര്‍,
വിലപേശി തുടങ്ങി..
അവരിലാരോ, "മുപ്പതു വെള്ളിനാണയങ്ങള്‍ "
എന്റെ കുഞ്ഞിനോ?
വയ്യാ, 
ഞാന്‍ വിയര്‍ക്കുന്നത് 
കുറ്റവാളിയുടെ രക്തം!

നീയടുത്തെത്തിയിരിക്കുന്നു..
നിശാപാട്ടുകാരിയെ പോലെ-
തൊങ്ങലുകളില്ലാ-
കുഞ്ഞുടുപ്പ്‌!.
കൂടയില്‍ 
വിലയുള്ള പ്ലാസ്റ്റിക്‌ പുഷ്പങ്ങള്‍ .
ഒന്നുമറിയാതെ...നീ..
ഒത്തിരി പുഞ്ചിരിക്കുന്നു!
എന്റെ കണ്ണിരുട്ടുന്നു... 

മകളേ,
വയ്യാ..നമുക്ക് 
നഗരത്തിന്റെ പടിയിറങ്ങാം,
കാട്ടുമുല്ല മണക്കുന്ന,
തോട്ടത്തില്‍,
ഒരു "ടബ്ബാ വാല' യുടെ
ദാരിദ്ര്യത്തില്‍ 
നീ മെല്ലെ വളരുക,
നിന്റെ ചോറ്റുപാത്രത്തില്‍,
നിറയെ ചൂട് ചോറുമായി-
എന്നും,
നെല്ലിമരചോട്ടില്‍,
നിന്റെ വിദ്യാലയത്തില്‍,
കഴിവുള്ള-
ഒരച്ഛനായി എത്താം!


ബോംബയില്‍ അരങ്ങേറുന്ന കുഞ്ഞു കുരുന്നുകളുടെ സൌന്ദര്യ മത്സരം ഓര്‍ക്കുന്നു.....അല്പം വിഷമത്തോടെ....

Tuesday, January 17, 2012

കെടാവിളക്ക്

ആകാശം,
അടുക്കളയില്‍ അവശയായി,
ആരെയോ കാത്തിരിക്കുന്ന-
അമ്മ!
വെളുത്ത മേഘങ്ങള്‍,
വെള്ള മുണ്ട് തോര്‍ത്ത്‌ പോല്‍--
അവളെടുത്തു പുതക്കുന്നു!

അവസാന ബസ്സില്‍ വന്നയാള്‍-
'അവന്‍ വരികില്ലെ'ന്നടക്കം പറയുന്നു!

ആകാശം
കരിന്തിരി വിളക്കണച്ച്-
കരിമുകില്‍ കംബളം പുതക്കുന്നു!
മെല്ലെ, മിന്നലിടിമുഴക്കം -
മറന്നുറങ്ങുന്നു!

വിളക്കു കെട്ടുപോയെന്നോര്‍മ്മ-
വേഗം വിളിച്ചുണര്‍ത്തുന്നവള്‍----
വിതുംബലായിരുട്ടില്‍--
വിളക്കിനായ് തിരയുന്നു!
വെളിയില്‍ പെയ്തിറങ്ങുന്നു-
മഴ, വിലാപയാത്രപോല്‍!!..

ഇവള്‍-
ആകാശം,
വേദന ബാഷ്പമായ്,
കുമിഞ്ഞു കൂടുന്ന കടല്‍!!!
ഓടിക്കിതചെത്തുന്ന കുഞ്ഞിന്ന-
ല്പം നനുത്ത മണ്ണും ജലവുമാകുന്നവള്‍!!

ഇവളെന്റെ അമ്മ!
ഒരു നാളും-
കരിന്തിരി കത്താത്ത,
എന്റെ വിശുദ്ധ വിളക്ക്!

Saturday, January 14, 2012

ആശുപത്രിക്കിടക്ക

അമ്മേ,
ആര്‍ക്കും വേണ്ടാത്ത ഭൂമി-
ആശുപത്രിക്കിടക്ക!
വെറുതെ കിട്ടുന്നു-
വിലയായ് അര്‍ബുദം!
ഞാന്‍
കിടക്കുന്നിവിടെ,
കറുത്ത കാസയാണമ്മേ    കുടിക്കുവാന്‍!!
ഇരുണ്ട പുസ്തക കെട്ടില്‍ നിന്നും-
ഉരുണ്ടു വീഴുന്നു മൂന്നക്ഷരം!
മരണമാണതെന്നെന്റെ-
മനസ് മടിച്ചു വായിക്കുന്നു!
ഉള്ളില്‍-
ഒരു കുഞ്ഞിന്റെ രോദനം,
"മരിക്കാന്‍ പേടിയാവുന്നു അമ്മേ"

വെളുത്ത ചുവരില്‍,
ആളില്ലാതെ തൂങ്ങും കുരിശ്‌!
അടയും കണ്കള്‍ക്കുള്ളില്‍-
ഒരു കല്ലറ! മനുഷ്യ-
കാരുന്ന്യം കാത്തു-
കിടക്കും ഭ്രൂണം!
കാല ഭ്രമണ കലികാല-
ശാപങ്ങള്‍ ശാസിക്കും,
കൊടുംകാറ്റിന്‍  കാതില്‍--
കടലിന്‍ നനുത്ത പൂവായ്-
ജനിച്ചുയര്‍പ്പിന്‍-
ഓംകാരമായ്,
ഓളപ്പരപ്പില്‍  ഒരു-
ഭൂമി പറുദീസാ തീര്‍ക്കുന്നവന്‍!

കാണുന്നു ഞാന്‍,
കാരുണ്യം ജലമാകുന്നു!
കദനപ്പെരുംകടല്‍ കുരിശിലേറി-
ക്രിസ്തുവാകുന്നു, നെഞ്ചില്‍ നി-
ന്നിറ്റു വീഴും ജലാംശമായെന്‍--
ഇരുണ്ട ജീവിത രസത്തിന്‍,
ഒടുങ്ങാ ദാഹത്തിന്‍,
ഉള്ളിലെ പുഴു തിന്ന പൂവിന്‍
ജയ പരാജയ പരാഗമാകുന്നു!

ആരോ വന്നു തൊടുന്നു-
ആര്‍ദ്രമായി,
കണ്ണുകള്‍ കൂമ്പിയടക്കുന്നു,
ഇതളുകള്‍ക്കുള്ളില്‍-
ഇത്തിരി പരാഗം,
ഇട്ടു തന്നേച്ചു പോയി-
ഒരു പൊന്‍  പൂമ്പാറ്റ!
ഇത്-
കാത്തുകൊണ്ടേ-
കിടക്കാമവസാനം,
പുന്ജിരിച്ചൊരു പൂവായ്
പള്ളിയില്‍ കുന്തുരുക്കം-
മണത്തു-
മണിനാദം കേട്ടുറങ്ങാം.

നിങ്ങളൊരു-
കുരിശിന്റെ  കയ്യോടു ചേര്‍ക്കുക!
കവിളില്‍ കരയാതെ മുത്തുക!
കുഴിയില്‍-
ഒരല്പം നനുത്ത മണ്ണില്‍,
നുണക്കുഴി പൂവായ്,
അമ്മെ വീണ്ടും,
നിനക്കായ് മാത്രം ജനിക്കട്ടെ!

Thursday, January 12, 2012

യന്ത്രം

ടൈംപീസിനെ -
ശപിച്ചു-
യന്ത്രം പോലെ,
ഇന്നും എഴുന്നേല്‍ക്കുക!

ഒറ്റയ്ക്ക്-
ഇരുന്നു കരയുക,
ഒത്തിരി തളര്‍ന്നാല്‍-
ഒന്ന് മുഖം കഴുകുക!
കണ്ണാടിയില്‍-
കണ്ണടച്ച് പല്ലിളിക്കുക!
ഓഫീസില്‍ എത്തുമ്പോള്‍,
ഒരു ചൂയിങ്ങം വായിലിട്ടു-
ദുഖവും ദേഷ്യവും നുണഞ്ഞു-
കണ്ണീരിന്റെ ഖരാവസ്ഥ-
തുപ്പിക്കളയുക!

ഇനി ഇന്നത്തെ ജീവിതം തുടങ്ങാം!

Tuesday, January 10, 2012

എന്നെ മറന്നേക്കൂ

നിലാവേ നീ കേട്ടുവോ,
നിശബ്ദമാം പദസ്വരം?
നിദ്ര നിലവിളിചെഴുന്നേറ്റു-
നില്പാണിങ്ങനെ-
നിന്റെ വരവ് കാത്തെന്റെ സുന്ദരി !

വിരഹപാഠം   പഠിക്കാത്ത-
പൈതല്‍പോല്‍  പന്ചെന്ദ്രിയം,
അരികിലായ്  നീയുണ്ടെ-
ന്നറിവിനാല്‍  കണ്ണ് മൂടി കിടക്കുമ്പോള്‍;
വാര്‍മുടി നീയൊതുക്കി,
വാലിട്ടു കണ്ണെഴുതി,
ചന്ദ്രക്കല പൊട്ടു തൊട്ടു-
ചടുലം "എന്നെ മറന്നേക്കൂ-
എന്റെ പുലരിയിങ്ങെത്തി നില്‍ക്കുന്നു"-
എന്നു  ചൊല്ലിയൊരു  കിലുക്കാം-
പെട്ടിപോല്‍-
പൊട്ടിച്ചിരിച്ചു പടിയിറങ്ങുന്നു!!

കാറ്റില്‍ പൊട്ടിയകന്നുപോം -
പട്ടം പോലെ,
പെയ്തിറങ്ങിയാടിയൊഴിഞ്ഞു-
പോം മഴപോലെ,
യീ രാത്രിയെ വിട്ടു-
വിടപറയുന്നുവോ-
എന്റെ ചന്ദ്ര നിലാ സഖി ?

നാടകം കഴിഞ്ഞൊരു-
ഭ്രമണം തീര്‍ന്നിവിടം-
രാത്രി രതി വേദിയാകുന്നു!
പൊട്ടിചിരിച്ചകന്നുപോം-
പൊട്ടു മേഘങ്ങള്‍-,
നാളെയും വരുമെന്ന് ചൊല്ലുന്നു!

എവിടെ തുടങ്ങണം,
എവിടെ ഒടുക്കണമെ-
ന്നറിയാതലയും പിള്ളവായില്‍-
നിലവിളിക്കുന്നു നൊമ്പരം!

രാത്രിയാകും, ഭയമിരുട്ടും,
കൂട്ടുനിന്നെന്‍ എട്ടനാവണ-
മെന്നു ചൊല്ലി-
രാത്രിയിന്‍ റാണിയായി
കൂട്ടിരുന്നവള്‍ നീ കുഞ്ഞുസുന്ദരി !!

മധു വണ്ട്‌ പോലോര്‍മ്മ-
മനസ്സില്‍ നുള്ളിനോവിക്കുന്നു.

എതിരുട്ടില്‍ എവിടെ-
നമ്മളുരഗം പോലിണ കൂടി?-
ആരു തപം ചെയ്തുതീര്‍ത്ത-
കാവില്‍   കുടിയേറി?
ചിത്ത, വിഷാദ വിഷമിറക്കി?-
ഓര്‍മ്മയില്‍ നീ-
പുത്തന്‍ ചിറകുമായ്-
പറന്നുപോം-
പഴയ കുഞ്ഞു പക്ഷി!

നില്‍ക്കൂ,
ഒന്ന് നിന്നൊരു-
കണ്ണുനീരടര്‍ത്തി,
കൈവള  കിലുക്കി-
ഓര്‍മ്മയെ ഉമ്മവച്ചിറങ്ങൂ-
പകല്ചൂടിലേക്കെന്റെ
പ്രിയ പാട്ടുകാരി !





Sunday, January 8, 2012

അമരത്തില്‍ ആര്‍ക്കോ വേണ്ടി...

നിര്‍മ്മലനായ തോണിക്കാരാ,

കഥയില്ലാത്ത കാത്തിരുപ്പ്,
അലയടിക്കും വേദന-
ആരുമറിയാതെ,
അമരത്തില്‍--
ആര്‍ക്കോ വേണ്ടി...

കൈ കൊട്ടി-
നമുക്കപ്പുറം വരെ പോകാം,
എന്നാരോ ക്ഷണിക്കുമ്പോള്‍,
നീ ആശ്വസിക്കുന്നു അല്ലെ!
കാവല്‍ കിടന്ന കടത്തും,
കൈവഴികളും-
കാത്തുനില്‍ക്കേണ്ട-
പരിചിതരെയും-
ഒരുമാത്ര മറക്കാമെന്നു!

പുഴ പിടികൊടുക്കാതോടുന്നു-
ഓര്‍മ്മകളെ തോല്പിക്കാന്‍!!
പുഴയുണ്ടോ അറിയുന്നു-
കുത്തൊഴുക്കില്‍ അലച്ചു വീഴുന്നത്,
നിലയില്ലാകയത്തില്‍ ചുഴിഭ്രാന്തുകളെ-
കാത്ത പുഴയുടെ സുകൃതങ്ങള്‍ എന്ന്!

പാതി വഴിയില്‍,
മദംപൊട്ടി അണച്ച് നില്‍ക്കും
നിളയില്‍ നിന്‍ ദേഹം തളരുമ്പോള്‍,
പതിവായ് പാടും
നിന്‍ കടത്തു പാട്ട്..
ഈ പുഴയെ ശാന്തമാക്കട്ടെ !  


നിറഞ്ഞ മനസോടെ......
നിര്‍മലനായ ഒരു തോണിക്കാരന്......! 



Monday, January 2, 2012

കുഞ്ഞുസ്വപ്‌നങ്ങള്‍

പുലരി വരുമെന്ന് കരുതി-
പുലരാന്‍--
വൈകി കിടക്കുന്ന കുഞ്ഞ്‌!!.
തണലില്‍ തല ചായിച്ചുറങ്ങാന്‍-
തണല്‍ മരം-
തേടും നിലാവിന്‍ നിഴല്

ഒരു പൂവ്, ഒരു കിളി,
വിടരാന്‍ മടിക്കുന്നവള്‍! !
വീടണയാന്‍ മടിക്കുന്നവള്‍.!

ആരും വിളിച്ചുണര്‍ത്താതെ-
സ്വപ്‌നങ്ങള്‍
അടഞ്ഞ കണ്‍കളില്‍ കുടുങ്ങി കിതക്കുന്നു!


ഓര്‍മ്മകള്‍ കുന്തുരുക്കം-
പുകച്ചെത്തുമ്പോള്‍-
ഉണര്‍ത്തു പാട്ടില്ലൊരു വേദന മണക്കുന്നു!

അരികിലായാരുമില്ലെങ്കിലും
നോവുകള്‍-
നൂറുകനവുകള്‍ മെനെഞ്ഞു
മേയ് ചേര്‍ന്നടുത്തിരിക്കുന്നു !

പൂക്കള്‍ കൊഴിയുമ്പോള്‍-
കിളികള്‍ അകലുമ്പോള്‍,
കൂട്ടും കൂടുമില്ലാ കാറ്റ്-
കാട്ടില്‍ അലയുന്നു!

ഒരു പൂവ്, ഒരു കിളി, ഒരു കാറ്റ്!
കുഞ്ഞുസ്വപ്‌നങ്ങള്‍!
പുലരി അറിയുമോ?