Monday, December 27, 2010

പട്ടിണി പാവ

മണ്ണ് പൊത്തിയ മുറിയില്‍-
മൂലയില്‍ മാറാല കൂടുന്നത്-
മകനെ...നിന്റെ മുഖമല്ലേ!


മറന്നുപോയ്‌ പക്ഷി പാടുവാനെന്നു-
നിന്റെ മുറ്റത്തു വന്നു ചൊല്ലിയോ? 


മിഴികളില്‍ കിനിയുന്ന-
ഇത്തിരി-
പീളയടര്‍ത്തി ഞാന്‍ നോക്കട്ടെ!


നിന്റെ ഉദരമാകുന്ന-
ശ്രീകോവിലില്‍ വേദന ചലം വന്നു വിങ്ങിയോ?
നിന്‍ നെഞ്ചകത്തില്‍-
കുഴിഞ്ഞേ കിടക്കും കൊതിതീരാ-
ഉണ്ണിസ്വപ്നങ്ങളോ?
നിന്റെ വിങ്ങലിന്‍ തീയില്‍-
വിറകായടുക്കും-
ജലം വറ്റിയ കാലുകള്‍!
നിന്റെ വേച്ചുപോം കൈകളില്‍-
വികാരമില്ലാ-
തൊരിത്തിരി  പൊടിമണ്ണ് മാത്രം!


നിന്റെ കണ്ണില്‍ കണ്ണീരില്ലാ!
ഒരു ചന്ദ്രനും സൂര്യനും മിന്നുന്നില്ലാ...!


പൊറുക്കുമോയെന്നെ-?
പട്ടിണിക്കോലത്തെ -
പകര്‍ത്താന്‍ വന്നവന്‍ ഞാന്‍!
എന്റെ-
നെഞ്ചിലെ കല്ല്,
ക്യാമറക്കണ്ണ്‍ നിന്‍-
വേദനയൊപ്പില്ലോരിക്കലും !


ഇന്ന് ഞാന്‍ നിലവിളിക്കട്ടെ-
യെന്‍  പാദുകങ്ങള്‍ അഴിച്ചുവക്കട്ടെ!
നിന്റെയരികിലായിരുന്നൊരു-
താരാട്ട് പാടുവാനില്ലാത്തോര-
ച്ചനായ് എരിഞ്ഞുതീരട്ടെ!   


മൂലയില്‍ മാറാലയില്‍,
ഈ മണ്ണ് ഭാരതം!
വിശപ്പടങ്ങാ പൈതല്‍ ജ്വരത്തില്‍-
പിടഞ്ഞേ മരിക്കാതിരിക്കുമോ?


 

Monday, December 20, 2010

ക്രൂശിക്കപ്പെട്ടവള്‍

ഓര്‍മ്മയില്‍ തേടുന്നതെല്ലാം-
ഓളങ്ങളല്ലോ!
തിരമാലയില്‍ തെളിയുന്നതെല്ലാം-
കളിയോടങ്ങളല്ലോ !


ജീവന്റെ തീയില്‍ എരിയുന്നതെല്ലാം-
ലോപിച്ച സ്വപ്നങ്ങളല്ലോ !
നേര്‍ വാക്കിന്‍ മുന്‍പില്‍  ഒഴുകുന്നതെല്ലാം-
നീരിന്റെ നേരൊച്ച മാത്രമല്ലോ !


നല്ലതും നാളയും വരും-
എന്നു ചൊല്ലി,
എന്റെ ആത്മാവിനെ-
പുതപ്പിക്കുന്ന പുലരിയെ! ,
കരിമഷിയാലെന്റെ പുരികങ്ങളെ-
കറുപ്പഴകാക്കുന്ന കാലമേ ! ,
ഈറനായ് കുളിച്ചീ കുളത്തില്‍നിന്നും-
കരേറി ഏതോ മാമല-
കയറും കരുത്തെ !,
എന്റെ ചിത്തത്തിന്‍ നൂറു-
ദോഷങ്ങള്‍ തീര്‍ക്കും പള്ളി മണികളെ !


ചൊല്ലൂ, ഞാനെന്തു ചെയ്യേണ്ടൂ?
എന്നുത്തരീയം കൊണ്ട്-
മിഴിനീര്‍ തുടക്കണോ?
ഇത്തിരി ചായം തേച്ചു-
പൊട്ടിച്ചിരിക്കണോ?


എന്റെ പാവാടയില്‍-
തട്ടി ഞാന്‍ വീഴും മുന്‍പേ,
നൂറു കല്ലായെന്റെ മലര്മെത്ത-
ഒരുങ്ങും മുന്‍പേ, 
നിന്റെ കണ്ണ് തുറക്കാത്തതെന്തേ?! -
എന്റെ കാവല്മാടത്തിലെ-
കാവല്‍ക്കാരാ!
യുഗങ്ങളുടെ രാജ്ഞിയും,
രാജാവുമായവനെ!  
  

ചില്ലുകൂട്ടിലെ രാജകുകാരി

ഞാനീ ചിമ്മിനി വിളക്കു കൊളുത്തി-
നിന്നെ കണ്ടുകൊള്ളട്ടെ!
നിന്റെ നിറങ്ങളും പുഞ്ചിരിയും-
തിളങ്ങും എണ്ണതേച്ച വാര്മുടിയും!
നിനക്കറിയുമോ-
സായാഹ്നങ്ങളില്‍ സൂര്യന്‍-
വിളക്കു കത്തിക്കുമ്പോള്‍,
ഈറന്‍ കാറ്റില്‍-
കടല്‍ നോക്കിയിരിക്കുന്ന സുഖം!
ആ വിളക്കു തന്നെയായിരുന്നു-
എന്റെ വിദ്യയും!
നേരം പുലര്‍ന്നാല്‍-
മുറ്റത്തെ കുടമുല്ലയും,
പനിനീര്‍ റോസയും,
രാമതുളസിയും,അതിന്‍ കൂടെ 
നിന്‍ പുഞ്ചിരിയുമാണ്-
എനിക്കിഷ്ടം!
ഇന്ന് ചിമ്മിനി വിളക്കു കൊളുത്താതെ-
വലിയ വൈദ്യുത മേശ വിളക്കിനടിയില്‍-
ഞാന്‍ ഏകനായി-
സത്യാന്വേഷണം തുടരുമ്പോള്‍-
എന്റെ മയക്കത്തിലേക്കു-
ഒരു ചില്ലുകൂട്ടിലെ പറുദീസയായി-
നീയും തോഴിമാരും!
നീ
ഒരു കുസൃതിയായി-
നിന്റെയും എന്റെയും ലോകങ്ങളുടെ-
ഇറമ്പില്‍ ഇറങ്ങിവന്നു-
കവിളില്‍ പുഞ്ചിരിനുള്ളി  -
എന്റെ  പെണ്ണിലേക്കുണര്‍ത്തും,
പുതിയ പുലരിയിലേക്കും!

Sunday, December 19, 2010

സൂര്യകദനം

പറന്നുപോം ദിക്കിലെ സൂര്യാ!
നിന്റെ പ്രണയമാണുള്ളില്‍  ജ്വലിപ്പൂ.
പൈദാഹം മുറ്റിയ പൈതല്‍-
ചിറകിലായ്-
പ്രാണനെ തേടുന്നതിപ്പോള്‍!

പറന്നുപോം ദിക്കിലെ സൂര്യാ!
നിന്റെ കഥകളാണെന്‍ കൊച്ചുകൂട്ടില്‍.
കുഞ്ഞുകിളികളെ കാക്കുന്നയമ്മ-
വായാടി മരമെന്നും നിന്നെ ജപിപ്പൂ!

പറന്നുപോം ദിക്കിലെ സൂര്യാ!
പറയൂ-
കിളികളെ പോറ്റാത്ത  പക്ഷി-
കിളികളെ കാക്കാത്ത പക്ഷി-
വ്യഥകളായെത്തുന്നോ    നിന്നില്‍?

പറന്നുപോം ദിക്കിലെ സൂര്യാ!
നിന്റെ കണ്ണില്‍ ജ്വലിക്കുന്നയഗ്നി-
യൊരു കുഞ്ഞായി ജനിക്കുന്നുയെന്നില്‍!
എന്റെ മരമിനി വെട്ടുന്ന നാട്ടില്‍-
അവളൊരു കനല്‍ മഴയായി പെയ്യും!
എന്റെ കാടുകള്‍ കത്തുന്ന കാറ്റില്‍-
അവളൊരു ചുടല പറമ്പായി ജനിക്കും!

പറന്നുപോം ദിക്കിലെ സൂര്യാ!
എന്റെ നെഞ്ചിലായ് പിടയുന്നതോര്‍മ്മ,
കഴല്‍കത്തി കരിയുന്ന കുഞ്ഞും,
കരയാതെയൊരു വാക്കുരിയാടാതെ- 
നിശ്ചലം വെന്തു മരിക്കും മരവും,    
മാനം മറയ്ക്കാത്ത പെണ്ണായ്-
തെരുവില്‍ നിര്‍ദ്ദയം മരിക്കും മണ്ണും!

പറന്നുപോം ദിക്കിലെ സൂര്യാ!
ചൊല്ലൂ ചിറകില്ലാ പക്ഷിക്കു വേദം!
പറക്കാനെതാകാശം പിറക്കാനേതു മരം-
അതിലേതു കൂട്ടിലെന്‍ മരിക്കാത്ത-
കുഞ്ഞുകിളി?

പറന്നുപോം ദിക്കിലെ സൂര്യാ!
ഈ പറക്കലെന്നവസാന പിടച്ചില്‍,
നിന്‍ ശോഭയെന്‍ കണ്ണില്‍ തിമിരം,
നിന്റെ താപം എന്റെ ചിതയുമാകുന്നു!

    

Sunday, December 12, 2010

പുല്‍നാമ്പുകള്‍

കറുപ്പ് മഷി പടരുന്നത്‌-
കടലാസിലല്ല, കണ്ണിലാണ്!
കാലത്തിന്റെ കറുത്ത അദ്ധ്യായങ്ങള്‍   -
വായിക്കുമ്പോള്‍!
......
പൂവിന്റെ ചൊടിയില്‍-
അര്‍ബുദം ചളിക്കുന്നത്-
വിഷ ഭ്രമരം-
പൂമേനിയെ ചുംബിക്കുംബോഴാണ്!
..............
സൂചിയും നൂലും
 മത്സരിക്കുന്നത്-
ബന്ധങ്ങളെ വ്യാഖ്‌യാനിക്കാന്‍!
മറക്കുന്നത്-
തുന്നല്‍ക്കാരനെയും,
അയാള്‍ കൊടുത്തുവിട്ട കൊച്ചു തൂവാലയും!
..........................
കണ്ണുകാണാ പൈതലിന്റെ-
'ഹോളി' ആഘോഷമാണ്-
ജീവന്റെ 'ക്യാന്‍വാസ്'.
................................
നിന്റെ ചിരി-
എനിക്ക് ലഹരിയാകുന്നത്-
മദ്യചഷകം വറ്റി-
എനിക്ക് ബോധം വരുമ്പോള്‍!
.........................................................
നമ്മള്‍ നൃത്ത ചുവടുകള്‍ മറക്കുമ്പോള്‍-
ഈ ഘടികാരം നിലക്കും,
അപ്പോള്‍ നമ്മള്‍ അറിയും-
ഇവ്വിധം സമയവും കാലവും-
താളം തെറ്റി മരിക്കുമെന്ന്!  
.....
പുല്‍നാമ്പുകള്‍ എനിക്കായി-
കരുതിവച്ചത്‌,
നിന്റെ കശുകുടുക്കയിലെ-
ഇരുട്ടിലും ഒറ്റപ്പെടലിലും,
നിന്റെ നര വീണ ആദ്യ-
തലമുടിയോടൊപ്പം!
സഹപാഠികള്‍ മയില്‍‌പീലി-
പുസ്തകത്തില്‍ അടവച്ചപ്പോള്‍-
എനിക്കായി പീലി വിടര്‍ത്തിയ  മയൂരം നീയും!  

Saturday, December 11, 2010

പാഠപുസ്തകം

വെറും വാക്കിനാല്‍ നീ ചൊന്ന ചൊല്ലുകള്‍-
വെറും പാഴ് വാക്കുകള്‍!
പഴംപുരാണങ്ങള്‍ !
വീണ്ടും വെറുതെ പാഠപുസ്തകം-
മറിച്ച്‌ നോക്കുമ്പോള്‍-
മുഴുമിക്കാ ചോദ്യങ്ങളും,
നിന്റെ ഉത്തരങ്ങളും!
മുകളില്‍ കറുത്ത കനംവച്ച ലിപിയില്‍-
തലവാചകം 'ജീവിതം'.
ഇന്ന് ഞങ്ങളിരുകൈകോര്‍ത്തു,
ഒരു മനമായി മിഴി തുറക്കുമ്പോള്‍-
മുന്നില്‍ ചിത്രച്ചുവരില്‍ ഭദ്രം-
നിങ്ങള്‍ നിരന്തരം പൊട്ടനൂലില്‍-
കോര്‍ത്ത പൊന്നുമാല! -ജീവിതം!
തലവാചകം 'ഹാന്‍ഡില്‍ വിത്ത്‌ കെയര്‍'.


ഞാന്‍ തുറക്കാന്‍ മടിക്കും ചെപ്പ്!
ഉള്ളില്‍ രമിക്കും കാണാ കിനാവുകള്‍!
അവിടെ സാന്ത്വനം കടലായൊഴുകുന്നു!
അവിടെ സ്നേഹം തീരം മറക്കുന്നു!
മോചനം കാക്കും വാഴ്വിന്റെ  ചെപ്പ്,
അറിയാതെ ആഭിചാരം പേറിയോരഗ്നി-
പര്‍വതം തീര്‍ത്തു-
എന്റെ വഴിമുന്നിലൊരു സങ്കട ലാര്‍വ-
കടലായി ഉടലില്‍-
മാംസത്തെ കാര്‍ന്നു തിന്നുന്നു!


ഉത്തരമില്ലാ ചോദ്യങ്ങള്‍-
മാത്രമേ ഉള്ളു എന്റെ-
ഉത്തരക്കടലാസില്‍!
അതിലൊരു കളിവഞ്ചി തീര്‍ത്തെന്റെ-
ഉണ്ണികള്‍-
ഒലിച്ചിറങ്ങും    മഴയില്‍-
നനച്ചു കുതിര്‍ത്തു മറന്നു ചിരിക്കുന്നു!


ഈ ജീവിതമെന്റെ-
അടുക്കളയിലെ കുഞ്ഞടുപ്പ്!
അതിന്മേല്‍ ഒരു കഞ്ഞിക്കലം-
വെന്തുവാങ്ങും വരെ,
അമ്മയാകുന്ന കാത്തിരുപ്പ്!



   

Saturday, November 27, 2010

ഏദേനില്‍ പാര്‍ക്കുന്നവര്‍

അവന്‍  അവളോട്‌,
എദേന്‍തോട്ടത്തിലെ-
സ്വപ്നങ്ങളില്‍ പിറന്നവളെ,
നിനക്ക് നല്‍കാന്‍ ഞാന്‍ കരുതിവച്ച-
കുഞ്ഞുപൂവ്-
കിളച്ചു മറിച്ച ഈ കറുത്ത മണ്ണില്‍-
ഒരു കൊച്ചു ചെടിയായി വളരുന്നു!
കള പറിച്ചും ജലമൊഴിച്ചും,
എന്റെ വിയര്‍പ്പിന്റെ-
കാലങ്ങളില്‍ ശിശിര ഗ്രീഷ്മ-
വസന്ത ഹേമന്തങ്ങള്‍ ഇവിടെ  വിരിയും!
നിന്നെ മറക്കുന്ന-
ഈ ദിനങ്ങളില്‍-
ഞാന്‍ നിന്നെ കാത്തിരിക്കുകയായിരിക്കും!
നമ്മള്‍  കണ്ടുമുട്ടുമ്പോള്‍-
ഒരു പുഷ്പമല്ല, ഒരു വസന്തമാണ്-
നിനക്കായി ഞാന്‍ കരുതുക!
അന്ന് ഞാന്‍ പഴയ ആദമായിരിക്കും!
സായംകാലം ഏദനില്‍-
നമ്മളിരുവരും യാഹോവക്കൊപ്പം-
നടക്കാനിറങ്ങും! 
അവള്‍ അവനോട്‌,
ഞാനെന്നും ഉത്തമഗീതങ്ങള്‍-
പാടിയാണ് ഉറങ്ങുക.
നിന്നില്‍ പിറന്ന-
 കുഞ്ഞിനെ പാലൂട്ടുമ്പോള്‍-
അവന്‍ എദേന്‍ തോട്ടത്തെക്കുറിച്ചാണ്-
എന്നോട് പറയുന്നത്!
നിന്നെ എന്നും ഓര്‍ക്കാന്‍-
എന്റെ മുലകള്‍ക്ക്-
ആദവും ഹവ്വയും എന്ന് പേരിട്ടിരിക്കുന്നു!
അത് കുടിച്ചാണ് നമ്മുടെ-
മകന്‍ വളരുന്നത്‌!
അവന്‍ ഇത്തിരി വളരുമ്പോള്‍-
ക്രൂരയായ അമ്മയായി-
അവനെ ഏതോ നയില്‍നദിയില്‍-
ഒഴുക്കും!
എന്നിട്ട് പൊട്ടിക്കരയും...
നമ്മുടെ മകനെക്കുറിച്ചിട്ടല്ല, 
നമുക്ക് നഷ്ടപ്പെട്ട എദേന്‍ തോട്ടത്തെക്കുറിച്ച്  !! 



  

Thursday, November 25, 2010

കറുത്ത കിളി

നിന്നില്‍ ചിറകു പകുതി വെട്ടി-
അടച്ചിട്ടിരുന്ന കറുത്ത കിളിയാണ്-
ഇന്ന് നിന്നെ കൊത്തിപ്പറിച്ചു-
നിന്റെ ജീവന് വിലചോദിക്കുന്നത്!

ഈ കറുത്ത കിളി തന്നെ-
കൂട്ടില്‍ നിന്നിറങ്ങിവന്ന്- 
നസ്രത്ത്കാരന്റെ  ചീട്ടു കൊത്തി-
നിന്റെ കയ്യില്‍ തന്നതും!

ആരോ പണിതുവച്ച-
വാഴ്വിന്റെ തൂക്കുയന്ത്രത്തില്‍-
നിനക്കടുക്കിവക്കാന്‍-
പുണ്ണ്യശിലകളുടെ   ഭാരം-
ഇല്ലാതെ പോയി!
നിന്റെ വിലകെട്ട-
ജീവിത പുസ്തകം മറിച്ച്‌നോക്കി-
ഒരു ചുംബനം നല്‍കാന്‍-
ഒരമ്മയും ഇല്ലാതെ പോയി!
പിന്‍വിളി കേള്‍ക്കാതെ-
ഇരുട്ടിലിറങ്ങി നടക്കുമ്പോള്‍-
നീ വെളിച്ചത്തെ മറന്നുവോ?

ഇത് കറുപ്പുകള്‍ കനംവച്ചു-
യൂദാസാവുന്നത്......!

നീയവന്റെ പിറകെ നടന്നത്? !
അവന്‍ വിളിച്ചത്?! 
മുപ്പതു വെള്ളിക്കാശിലേക്ക്-
നിന്റെ വിലപേശല്‍ എത്തി നിന്നത്?!

നിന്റെ കുമ്പസാരത്തിനു-
ലോകം കാത്തിരിക്കും!
എന്റെ മരണക്കിടക്കയിലെ-
വേദപുസ്തകത്തില്‍ നിന്റെ ആദ്യായവും-
ചേര്‍ത്തു ഞാന്‍ വായിക്കും...
'ഇന്ന് ഞാന്‍ ഒറ്റുകാരനെ സ്നേഹിക്കുന്നു-
അങ്ങനെ സ്നേഹത്തെയും!'  
      

Sunday, November 7, 2010

ദേവദാസി

വെറുതെ കാണുന്ന-
വെറുംസ്വപ്നങ്ങളില്‍,
മുള്‍മുടി തണലില്‍-
പൂത്ത കുരിശുമരം!
ആര്‍ക്കോ വേണ്ടി ദേവദാസിയായവള്‍-
ഒരു കണ്ണീര്‍ക്കുടം കാത്തുവച്ചു!
ഉടഞ്ഞ വ്രത നിഷ്ഠ,
നിറഞ്ഞ കല്ഭരണി,
കയ്ക്കും   രുധിരം! 
അവള്‍ വിറകൊണ്ട കയ്യാല്‍-
നിന്റെ വാതിലില്‍ മുട്ടി-
ഒരു കിടപ്പറ തീര്‍ത്തു-
മുട്ടുകുത്തി നിന്‍ കനിവിന്‍-
കാലുകള്‍ കെടുതിയുടെ-
മിച്ചപാത്രത്തില്‍ കണ്ണീരാല്‍ കഴുകി,
കാലം കറുപ്പിച്ച ചൊടിയാല്‍-
പ്രണയത്തിന്നോര്‍മ്മ തന്നവള്‍!
അവളില്‍-
പിതാവില്ലാ ജന്മം കൊള്ളുമൊരു-
കുഞ്ഞ്‌!
അവനെ ക്രിസ്തു എന്ന് ഞാന്‍-
വീണ്ടും വിളിക്കും!
അവന്‍ ഇനിയും പ്രണയം-
ചൊല്ലിതീര്‍ക്കാതെ-
മറ്റൊരു 'മാഗ്ദലിനെ' കാത്തിരിക്കും!
അവനുവേണ്ടി കഴുമരം-
തീര്‍ക്കുന്നവര്‍ക്കിടയില്‍-
അവള്‍ വെറുക്കപ്പെട്ടവളുടെ-
അപേക്ഷയായി, തെരുവില്‍ 
കല്ലെറിഞ്ഞു കൊല്ലപ്പെടും!
അവര്‍ക്ക് സ്വര്‍ഗ്ഗങ്ങള്‍ വേണ്ട,
ഭൂമിയില്‍ പുതിയ ജന്മവും പ്രണയവും-
തുടരും!
ജനിക്കുന്നതൊരായിരം രക്ഷകരായിരിക്കും!   

 

 

Thursday, November 4, 2010

മോഹപക്ഷികള്‍

ഓരോ യാത്രയും-
നിന്നെ കാണുവാന്‍ വേണ്ടിയായിരുന്നു.
എങ്കിലും,
നീയെന്റെ അലച്ചില്‍-
കണ്ട്‌ പൊട്ടിച്ചിരിക്കുന്നു!
മുഖം പൊത്തി-
എന്റെ അരികത്തുകൂടി നടക്കുന്നു!
ഞാന്‍ തപ്പിത്തടയുമ്പോള്‍-
വളവില്പനകാരിയുടെ ശീല്കാരം-
നിന്റെ കൈവളകളെന്നും,
ആരോ തന്ന-
ഇത്തിരി ജലത്തില്‍-
നിന്റെ കരസ്പര്‍ശനമെന്നും,
ഏതോ നദി-
കരത്തില്‍ കാറ്റായി വഹിക്കും-
സുഗന്ധം നിന്റെതെന്നും,   
ഒക്കെ ഞാന്‍ മോഹിച്ചു പോകുന്നു.
ആര്‍ക്കു വേണ്ടിയോ-
നീയെന്നെ കാണാന്‍ മടിക്കുന്നു!
അതോ നീയും-
എന്നെ അകലങ്ങളില്‍-
തിരയുന്ന യാത്രക്കാരി!
നമ്മള്‍ മോഹപക്ഷികള്‍,
മോഹത്തിന്റെ മാറാപ്പില്‍-
മധുരവും കൈപും കാലവും ഒതുക്കിയവര്‍!

കടല്‍ ഘനീഭവിക്കുമ്പോള്‍

ഇനിയും ഞാനെഴുതുന്ന-
കവിതകള്‍ക്കായി-
കടല്‍ ഇരമ്പുകയാണ്!
ഞാനെന്റെ ദുഖത്തില്‍-
ചാലിച്ചെടുത്ത മധുരത്തെ-
ക്കുറിച്ച് എഴുതണം.
കണ്ണുകള്‍ നിറയുമ്പോള്‍-
കണ്ണുനീരല്ല-
കടല്‍ ജലമെന്നു എഴുതണം!
മനസ് നീറുന്നതു-
മുറിവില്‍ കടലുപ്പ്‌
ചേരുന്നത് കൊണ്ടെന്നെഴുതണം!
എല്ലാറ്റിലേക്കും ഒരു കടല്‍-
ഇറങ്ങി വരുന്നത് പോലെ..
എന്നെ വിഴുങ്ങുകയല്ല,
പെരുംകടല്‍-
ഒരു ഓളപ്പരപ്പായി എന്റെ-
നെഞ്ചകത്ത്  ഘനീഭവിക്കുന്നത്‌  പോലെ! 
.

Saturday, October 30, 2010

കറുത്തമഷിപേന

മഷി തീര്‍ന്നുപോയ-
കറുത്തമഷിപേന!
ഉപേഷിക്കാന്‍ തോന്നുന്നില്ല,
എഴുതിയെഴുതി-
കറുപ്പിനെ വല്ലാതെ സ്നേഹിച്ചിരിക്കുന്നു!
നീല മഷിപേന-
ടേബിളില്‍ ഇരുന്നു-
കണ്ണിറുക്കി കാണിക്കുന്നു,
കൊഞ്ഞനം കുത്തുന്നു,
അവള്‍ സുന്ദരിയാണ്, 
എന്റെ കറുത്ത പേന പോലെ തന്നെ!
പഴകുമ്പോള്‍-
സ്നേഹം നശിക്കുന്നുവെന്ന്-
പലരും പറയുന്നു!
പുതുമകളില്ലാതെ-
മധുവിധുവിനപ്പുറം നരകമാണെന്ന്.
ഒരുപക്ഷെ-
ഇത്രയും നാള്‍ നീലയില്‍ 
എഴുതിയിരുന്നേല്‍?
നീലയെക്കുറിച്ചാകുമീ കവിത!
പഴകുന്തോറും-
നന്നാവുന്നത് വീഞ്ഞ്!
കാത്തുവയ്പിന്റെ കാലങ്ങളിലെ-
കരുതല്‍-
അതിനു കൂട്ടുണ്ട്.
എനിക്കിഷ്ടമില്ലാത്തതിനെ-
ഉപേഷിക്കണം, എങ്കിലും-
ഞാന്‍ അതുമായി പഴകിയിരുന്നേല്‍....!
ഈ ചോദ്യങ്ങളിനി-
ഞാന്‍ ന്യൂറോസയന്സിനോട്  ചോദിക്കട്ടെ!

Friday, October 29, 2010

പച്ച കുത്ത് (Tattoo)

പച്ച വിരിയിട്ട-
മെത്തമേലവള്‍  വീണ്ടും-
പട്ടുറുമാല്മായെത്തി!
ചൊല്ലി തത്തമ്മേ പൂച്ച പൂച്ച!
അവളോ,
മയക്കിക്കിടത്തി-
കണ്ണിറുക്കി ചുണ്ടിറുക്കി-
പച്ചയാത്മാവില്‍,
ഹരിതവിപ്ലവം കുറിക്കുന്നവള്‍!
നീ വന്ന കാറ്റിനെ കാട്ടൂ-
കടം തീര്‍ക്കുവാനുണ്ട്!
ചോട്ടിലെ ചേറ്റില്‍-
നീയുമൂര്‍ന്നിറങ്ങൂ,
നമുക്കൊരു സ്നാനം-
തീര്‍ക്കുവാനുണ്ട്!
ആടിയുമുലഞ്ഞും-
ഒരു സ്വര്‍ണ്ണപാടം കൊയ്യുവാനുണ്ട്!
അവള്‍ ചൊല്ലി,
തത്തമ്മേ പൂച്ച പൂച്ച!
നീ‍,
എന്റെ ആത്മാവിലൊഴുകും-
രക്തവും വെട്ടവും!
മാറാവ്യാധിയില്‍  ‍ മരുന്നും,
കൊടും കാറ്റില്‍ തൂണും,
ഞാനെനിക്ക് നിറച്ചു-
വിളമ്പുന്നത്താഴത്തില്‍-
സ്നേഹം വിളമ്പും വിരുന്നുകാരിയും!
നിന്റെ ഓര്‍മ്മ-
പച്ചകുത്തി കിടക്കു-
മെക്കാലവുമീ മനുഷ്യന്റെ മാറില്‍!
നീ തൊട്ടതെല്ലാം പച്ചയാക്കും-
പച്ച പനംതത്ത!
തത്തമ്മേ പൂച്ച പൂച്ച!

Sunday, October 24, 2010

ഗതിയില്ലാത്തവര്‍ക്ക് ദൈവമുണ്ടോ?

അയല്‍പക്കത്ത്‌നിന്ന്, 
വായ്പ തന്ന-
മല്ലി, മുളക്, ഉപ്പ്, പഞ്ചസാര!


സര്‍ക്കാര്‍ വായ്പ പണം, 
പല്ലിളിച്ചു അച്ഛന്റെ-
ട്രങ്ക് പെട്ടിയില്‍!


ആദ്യം വലിയ-
ജേഴ്സി പശു!
അവള്‍ ദീനം വന്നു ചത്തു!
പിന്നെ പശുവൊന്നും വാഴുന്നില്ല!
പാലുകാപ്പിയില്ല-
പകരം കട്ടന്‍ കാപ്പി,
പാലുപാത്രവും സൈക്കിളും- 
ആക്രിക്കാരന്!
പലിശയും രൊക്കവും-
സമാസമം! 


നാണംകെട്ടു അയല്‍വീട്ടില്‍-
കൈനീട്ടുന്ന അമ്മ...!
ആപ്പീസറെ തൊഴുതു-
ദയവു യാചിക്കുന്ന അച്ഛന്‍...!
അവര്‍ അന്തിക്കെന്നെ-
ഊട്ടിയുറക്കി-
ആരോടോ പിറുപിറുക്കുന്നു!
'ഞങ്ങടെ മോനൊരിക്കലും 
ആര്‍ക്കും മുന്നില്‍ കൈനീട്ടല്ലേ...' 

Saturday, October 23, 2010

കുഞ്ഞ്‌മുകിലുകള്‍

കുഞ്ഞായി കിളിര്‍ത്തതും,
കുരുവിയായ് പറന്നതും,
അരുവിയായ് അലഞ്ഞതും,
കാറ്റ് കൊണ്ടുപോയതും,
കുഞ്ഞ്‌മുകിലുകള്‍!

എന്റെ പിഞ്ഞാണത്തില്‍-
ഒരുരുള-
ചോറുണ്ട് വളരേണ്ടവര്!

ഒരു വീട്ടില്‍,
ഒരു വിളക്കിന്‍ വെളിച്ചത്തില്‍,
തോളുരുമ്മി
ഒരു സ്വര്‍ഗ്ഗം തീര്‍ക്കേണ്ടോര്‍!

അവര്‍ മഴമേഘമാകുന്നത്,
എന്റെ പിതൃത്വത്തിലൊരുമിക്കും-   
ഒരായിരം പുരുഷ ബീജങ്ങളില്‍!

മറുപടി വിലാസം-
പതിച്ച കത്തുകള്‍ പോലെ-
ഇനി പെയ്യും ഈമണ്ണില്‍ 
വര്‍ണ്ണ മഴയായി!

Friday, October 22, 2010

പ്രതിഫലം

കറവ വറ്റിയ തള്ളപശുവിനെ-
അറവുകാരന്‍-
കൊണ്ടുപോകുന്നു! 
കഴുത്തിലെ മണി അഴിച്ചുവച്ച്,
പുതിയ കയറിട്ടു ആഞ്ഞുവലിച്ചു,
ആദ്യം അല്പം ബലപ്രയോഗം, പിന്നെ-
അവള്‍ തല കുനിച്ചു നിസ്സഹായയായി!

റബര്‍ മരങ്ങള്‍-
ഒത്തിരി പാല് തരുന്നത്-
കടുംവെട്ടില്‍!
പിന്നെ ഒരുനാള്‍...
ലോറികള്‍ ആളുകള്‍...!

അമ്മാമ്മയെ- 
ആശുപത്രിയില്‍ നിന്ന് കൊണ്ടുവന്നു..
കാതിലെ മേക്കാമോതിരം ഊരിമാറ്റി,
പുതിയ ചട്ടയും മുണ്ടും പിന്നെ- 
വെള്ള പുടവ!
മുറ്റത്തു ആള്‍ക്കൂട്ടം,
കാറില്‍ വന്നിറങ്ങിയത്-
പള്ളീലച്ചന്‍,
അവര്‍ പാട്ടുപാടിയും, 
കരഞ്ഞും കണ്ണെത്താ ദൂരത്തിലേക്ക്!

മരിക്കാന്‍ പാടില്ലാത്തതായിരുന്നു
അവരുടെ പ്രണയം!
അവള്‍ അവനെ ഒരിക്കലും പ്രണയിച്ചിരുന്നില്ല!-
പ്രണയം പഠിക്കുകയായിരുന്നു!
റ്റാ റ്റാ പറഞ്ഞു വെളുക്കെ ചിരിച്ചു-
തിരിഞ്ഞു നോക്കാതെ....
അവള്‍ പറന്നകന്നു-
അറബികളുടെ നാട്ടിലേക്ക്-
പുതിയ കൂട്ടുകാരനുവേണ്ടി! 

 

Thursday, October 21, 2010

നാടകം

കൊടുംതണുപ്പ്-
അസ്ഥികളെ പൊതിഞ്ഞപ്പോള്‍-
കമ്പിളി കുപ്പായവും കയ്യുറയും അണിഞ്ഞു-
വേദ പഠന ശാലയില്‍..
ചാരമായ അഗ്നിയെ
ഊതി ഉണര്‍ത്തണം!
'പ്രോമാത്യുസ്' ദേവന്റെ മുന്നില്‍-
മെഴുതിരി കത്തിച്ചു...!
അവന്‍ കൊണ്ടുവന്ന അഗ്നി 
തണുത്തുറഞ്ഞു ഇല്ലാതായിരിക്കുന്നു!
മെഴുക്‌ ഒലിച്ചിറങ്ങി കണ്ണീരു പോലെ..
നാടകം ഒരിക്കല്‍ കൂടി വായിച്ചു-
ആദ്യ സംഭാഷണം,
'ഞാന്‍ പ്രോമത്യുസ്'.
നാടക വസ്ത്രമണിഞ്ഞു-
അരങ്ങത്തു എത്തുമ്പോള്‍,
ജറുസലേം സ്ത്രീകളുടെ അലമുറ!
'ഞങ്ങളുടെ പ്രിയപ്പെട്ടവന്‍ 
അന്യായക്കാരുടെ കൈകളില്‍!'
...ഞാനവനെ അറിയും......
അടുത്ത 'ഡയലോഗില്‍' -
അവനെ അറിയില്ല എന്ന് പറയണമല്ലോ!
......അവര്‍ തീ കായുകയാണ്......
മുഖം മറച്ചു ശിരോവസ്ത്രമിട്ടു ഞാനും..
കരങ്ങള്‍ അഗ്നിയോടു സുഖം യാചിക്കുമ്പോള്‍...
നഗ്നനായ ഒരു യുവാവ്, 
മര്‍ദനമേറ്റ്  മുറിഞ്ഞവന്‍!
ഒരിക്കല്‍ അഗ്നിയെക്കുറിച്ച് എന്നോട് പറഞ്ഞവന്‍!
ഞാന്‍ ഒന്നും മിണ്ടാനാകാതെ...
പിറകില്‍ സംഭാഷണം ഓര്‍മ്മപ്പെടുത്തുന്ന
നാടകക്കാരന്‍,
'അവനെ അറിയില്ല എന്ന് പറയൂ!'

Monday, October 18, 2010

അമ്മിഞ്ഞ

ആരോ കളഞ്ഞിട്ടുപോയ-
'അനാഥമായ വാക്ക്'!
അമ്മിഞ്ഞയിലും അന്നത്തിലും-
അലിഞ്ഞ്‌,
മനുഷ്യാവതാരം കൊതിച്ച്‌-
ഗര്‍ഭപാത്രത്തില്‍!
അവളുടെ മടിശീലയില്‍-
മുറുക്കാന്‍ വെറ്റിലയ്ക്കും-
പുകലയ്ക്കുമൊപ്പം-
ഒരു നാരങ്ങാ മിട്ടായി!
പഴന്തുണി കെട്ടുകള്‍ക്കുള്ളില്‍-
പത്തു പൈസ തുട്ട്!
സ്വപ്‌നങ്ങള്‍ അട വയ്ക്കുന്നത്-
പുന്യാളച്ചന്റെ നേര്ച്ചപെട്ടിയില്‍!
പിന്നെ വിരിയുന്നതും കാത്ത്-
എല്ലാ ദിവസവും പള്ളിമണികള്കൊപ്പം!
ഓര്‍മ്മ പോകുന്നതും,
വാക്കുകള്‍ കൊഞ്ഞനം കുത്തുന്നതും,
കണ്ണില്‍ വെട്ടം കെടുന്നതും,
ആശകള്‍ വഴിമുട്ടി ഒന്നൊന്നായി-
പിരിഞ്ഞുപോകുന്നതും,
വഴിവിളക്കുകള്‍ അണയുന്നതും,
വഴിയമ്പലമില്ലാതാകുന്നതും,
മതിയാകാതെ-
മനുഷ്യാവതാരം കൊതിച്ച്‌,
ഇത്തിരി പ്രാണന്റെ കൊതിയില്‍,
വറുതിയില്‍- 
ചുവന്ന  അമ്മിഞ്ഞ പിഴിഞ്ഞ് 
കുഞ്ഞുചൊടിയില്‍- നുകരാന്‍ കൊടുക്കുകയാണവള്‍ ‍!

Friday, October 15, 2010

'റിയാലിറ്റി ഷോ'

തികട്ടി വരുന്ന 'റിയാലിറ്റി ഷോ'!
നമ്മള്‍ നൃത്തചുവടുകള്‍ പങ്കുവച്ചത്,
കാലത്തോട് പകവീട്ടല്‍ പോലെ-
നീ ഒരിക്കല്‍കൂടി ചിരിക്കാന്‍ ശ്രമിച്ചത്,
വിധിയെ വിസ്മരിക്കാന്‍-
നെറ്റിയിലെ സിന്ദൂരം മായിച്ചു,
വീണ്ടും കണ്ണെഴുതി വാലിട്ടു-
ചുവന്ന ചുംബനം ചൊടികള്‍ക്കേകിയത്  !
എല്ലാം തകര്‍ത്ത് -
അവര്‍ വിധിവാചകം ചൊല്ലിയപ്പോള്‍,
നീ നിര്‍വികാരയായി.......
ജീവിതം നിറം പിടിപ്പിക്കാനുള്ള 
ഇത്തിരി ആശ ആര് കണ്ടു?!
ചായം തേച്ച കുറെ 
ആട്ടക്കരെയാണ് അവര്‍ക്ക് വേണ്ടത്.
പത്തൊന്‍പതാം വയസ്സില്‍-
വിധവയാകുന്നത്
'റിയാലിറ്റി ഷോയില്‍' ഇല്ലല്ലോ! 
നിന്നോടിപ്പോള്‍ തോന്നുന്ന പ്രണയം-
വിധിയെ  വെല്ലുവിളിക്കുന്ന-
ഒരു ആണിന്റെ-
ചങ്കുറപ്പോ......?, 
ഉടലിന്റെ  ദാഹമോ.........? 
എന്റെ സങ്കടം നീ തീര്‍ത്തുതന്നത്......
'എന്റെ കുഞ്ഞില്‍-
എല്ലാ  പ്രണയവും നൃത്തവും-
എപ്പോഴോ ഞാന്‍  ഒളിപ്പിച്ചു വച്ചു കഴിഞ്ഞു...!'
എന്ന വേദനിപ്പിക്കുന്ന   കുസൃതി ചിരിയില്‍!   

കവിത മരിക്കുന്നത്

ഇലകള്‍ ശബ്ദിക്കാത്ത കാട്,
സൂര്യനുദിക്കാത്ത ഭൂമി,
ഒരു കിഴക്കന്‍ കാറ്റും കരുണ കാണിക്കുന്നില്ല,
കാട്ടിലെ പൂച്ചികള്‍ ഭയന്ന് മിണ്ടാതിരിക്കുന്നു,
പക്ഷികള്‍ പറക്കാനാകാതെ- 
തളര്‍ന്നു മാനം നോക്കി ഇരിക്കുന്നു! 
പകലും രാത്രിയും പകുത്തു
 പങ്കു വയ്ക്കുന്നത് 'ശൂന്യത'?!   
ആരും ആരോടും മിണ്ടാത്ത ലോകം,
കരയാനും ചിരിക്കാനും ആരുമില്ലാത്തവന്‍!
മനസിനെ വഞ്ചിക്കാന്‍,
ടെലിവിഷനും , ഇന്റര്‍നെറ്റും, ഫോണും,
സെക്സും, ബുക്കുമില്ലാതെ........
കണ്ട സ്വപ്‌നങ്ങള്‍ പലതവണ,
ആവര്‍ത്തന വിരസത...! പേക്കിനാവുകള്‍!
വിഷാദം...! മരണ കറുപ്പ് ഒലിച്ചിറങ്ങുന്ന
'കാന്‍വാസ്'!
അവള്‍ മറന്നിട്ടു പോയ കവിത.

Wednesday, October 6, 2010

ഉറക്കം

എന്റെ ഉറക്കം......
നിദ്രയില്‍ ശാന്തമാകാത്ത കടല്‍!,
കാത്തിരിപ്പില്‍ വിശപ്പറിയാത്ത-
പ്രണയം. 

സ്വപ്‌നങ്ങള്‍.......
കൂടുകൂട്ടി മുട്ടയിടുന്നു!
അടയിരിക്കുന്ന പക്ഷി-
കാലദൈര്‍ഘ്യം അറിയുന്നില്ല,
അവള്‍ക്കു നേരം പുലരുമ്പോള്‍-
കാല്‍ച്ചുവട്ടില്‍ പുതുമോഹങ്ങള്‍!
ഇതുവരെ ഉറങ്ങാത്ത ഉറക്കം 
ഇനി അവള്‍ വേണ്ടെന്നു വയ്ക്കും!

കുഞ്ഞ്‌ തിരിഞ്ഞു കിടന്നു 
എന്നെ വരിഞ്ഞു മുറുകുമ്പോള്‍-
കുഞ്ഞ്‌ ഉറങ്ങിയെന്ന വ്യാമോഹം
എന്നെ ഉണര്‍ത്തുന്നു!
ഉറക്കമില്ലാത്ത ഒറ്റയാകലുകളില്‍,
ഒറ്റയാകാന്‍വയ്യാത്ത ഞാന്‍ 
ഉറക്കം നടിക്കുന്നു. 

മരങ്ങളൊന്നും രാത്രിയായാലും ഉറങ്ങാത്തത്-
അവരെന്നും സ്വപ്നത്തിലാണ്-
ഒരു കാടും കത്തല്ലെ എന്ന പ്രാര്‍ഥനയിലും! 
ഞാന്‍ മരത്തെ അറിയുന്നത്-
എന്നെ വരിഞ്ഞു മുറുകുന്ന കുഞ്ഞ്‌-
ഒന്നല്ല ഒരു ഭൂമി നിറയെ എന്നറിയുമ്പോള്‍!

Saturday, October 2, 2010

സ്വര്‍ഗ്ഗവാതില്‍ പക്ഷി

കൊച്ചു മാലാഖേ!
സ്വര്‍ഗ്ഗവാതില്‍  തുറക്കുന്ന പക്ഷി!
നീ പറന്നെത്തിയെന്‍  നനഞ്ഞേ നശിക്കും- 
കിനാവിന്‍  കൊച്ചു പഞ്ചരം പതുക്കെ തുറക്കൂ.....!
തുറന്നിട്ട വാതിലിന്‍‍ കൈവഴികളില്‍,
മഴയില്‍ കുതിര്‍ന്നോരോ ജലകണവും-
ഒരായിരം ശിശുജന്മം പേറി,
അമൃതും മരുന്നുമായി-
ഒരായിരം കൈകള്‍ കണ്ട്‌,
വിറയാര്‍ന്ന മനമുരുകിയൊപ്പിട്ട-
നൂറു ജീവന്റെ ശേഷിക്കും കവിതകള്‍-
ചേര്‍ത്തു മാറണച്ചു നിന്റെ പെയ്ത്തിനായ്,
മഴമേഘങ്ങളെ പ്രാര്‍ത്ഥിച്ചു,
മെഴുതിരികളും ചുറ്റംബലങ്ങളും ജപിച്ചു,
കെട്ടുപോം  മിഴിചെരാതിന്‍ ഇത്തിരി -
വെട്ടവും, 
ഒലിച്ചിറങ്ങി തീര്‍ന്നുപോം  സൂര്യബാഷ്പങ്ങളും-
കൂട്ടിവച്ച്,
ഒരു തീ കാഞ്ഞ്, അത്മാവിന്നെതോ-
പഴയ പ്രണയം  കൊടുത്ത്,
നിന്റെ വരവിനായ്‌ കാത്തിരിപ്പൂ!


ഇനി 
മടിക്കാതെ പെയ്തിറങ്ങുക,
ഇവിടെ ആരോ മറന്നിട്ട- 
പഴന്തുണി പൈതങ്ങളെ ഉള്ളൂ -
വാവിട്ടുകരയുവാന്‍!  
ഇവര്‍ക്കിനി നീയേ തുണ!
അമ്മയാകുക, മുല ചുരത്തുക!
അന്നവും വിത്തവും വിളമ്പുക.
നീ സ്വര്‍ഗ്ഗ കാഴ്ചകള്‍ കാണാതെ-
കണ്ണ് പൊത്തല്ലേ!,
തീരാ തിമിരമാകല്ലേ.
കുഞ്ഞ്‌ കണ്‍കളില്‍
ഉറഞ്ഞു കൂടുന്നതിപ്പോള്‍-
കണ്ണുനീരോ നിന്റെ കാരുന്ന്യമോ!


എന്നെ മറന്നേക്കുക! പ്രിയ മാലാഖേ!
നിന്റെ പ്രണയവും പാട്ടും താരാട്ടും,
ചിറകടിച്ചുയരുന്ന  കാറ്റും സുഗന്ധവും,
കേട്ട് നമ്മുടെ കുഞ്ഞുമാലാഖമാര്‍ 
ഉറങ്ങട്ടെ!

Friday, September 24, 2010

അവളെ എന്റെ അമ്മ പ്രസവിച്ചിരുന്നു

എന്തിനു നീ 
ഒരു കുഞ്ഞ്‌ നനവായി 
എന്റെ കണ്പീലിയെ ഉമ്മ വയ്ക്കുന്നു?
ഒരു കുഞ്ഞുടുപ്പായി എന്റെ 
മനസിന്‍ ഇറയത്തില്‍ അഴ കെട്ടുന്നു? 
നിന്റെ കുസൃതിയില്‍ കണ്ണ് പൊത്തി-
കൊച്ചു കളിവീട്ടില്‍ മണ്ണപ്പം വാരി വാരി ചുടുമ്പോള്‍!-
അച്ഛനമ്മ കളിച്ചറിയാതെ ഒരു മോഹത്തിനു-
കുരുന്നു നാമ്പിടുമ്പോള്‍!     
എന്‍ ചെറുവിരല്‍ത്തുമ്പ്  ചോദിച്ചു-നീ 
കരുണക്കായി കൈകൂപ്പിയില്ലേ!.


വിറയാര്‍ന്നീ   കയ്യാല്‍ നിന്‍ പൊക്കിള്‍കൊടിയഗ്രം-
തേടി പിറപ്പവകാശമില്ലാ പൈതങ്ങള്‍ മദ്ധ്യേ-
കാശിനു മുലയൂട്ടും പെണ്ണിന്റെ കയ്യില്‍ നിന്നെ കൊടുത്തില്ലേ!
പിന്നെ അമ്മ കാക്കുന്നുവെന്നു ചൊല്ലി-
ധൃതിയില്‍ നടന്നകലുന്നത്.....


ഞാന്‍ നല്ല ശമരിയാക്കാരന്‍ വീടിന്‍ ജപമുറിയില്‍
അമ്മയെ ഓര്‍ക്കുന്നു ...
അവളേതോ നഷ്ടലോകത്ത്-
പെരും ഭ്രാന്തിയായി, മുലക്കണ്ണ് വീര്‍ത്തു-
പുത്തന്‍ അമ്മയായി ഏതോ  'മുലകുടിക്കാ കുഞ്ഞിനായ്'   കാത്തിരിപ്പോള്‍!.....

Saturday, September 18, 2010

മഞ്ഞു പ്രതിമ

നീ അഴകൊഴുകുന്ന മഞ്ഞു പ്രതിമ-
വലിയ ഇരുട്ട് ദിവസത്തിലെ എന്റെ ധ്യാനം!   
ഇരുട്ടുമ്പോള്‍-
നെഞ്ചിലെ പുകച്ചിലില്‍ ഒരു തടവറ-
കാരണമില്ലാത്ത നിശബ്ദത!
മഞ്ഞു കടലിനുള്ളില്‍-
മത്സ്യ കന്യക, ചുണ്ടിലോളിപ്പിച്ച മുത്തുമായി!
പ്രണയം കടംകൊണ്ട ചുണ്ടുകള്‍ ചേര്കാനായുമ്പോള്‍-
എന്റെ മുത്ത്‌ കാക്കുന്നവള്‍-
ഒഴിഞ്ഞാഴിയിലേക്ക് ഊളിയിടുന്നു!
എന്നെ ഏകാന്തതയുടെ തടവറയിലേക്കും!

ഉറഞ്ഞു കൂടുന്ന മഞ്ഞും മനസും-
മരവിച്ച സ്വപ്നങ്ങളുടെ രാത്രി!
അലകള്‍ നഷ്ടമായ കടലിന്റെ ആത്മനൊമ്പരം! 
  

ജമന്തി പൂക്കള്‍

എന്റെ മുറ്റത്തെ
ഇത്തിരിയിടത്ത്
മൊട്ടിട്ട ജമന്തി പൂവ്!
എന്റെ ചൂടും, ചൂരും  ചുംബനവും ഏറ്റവള്‍!
മനസിലെ ഒരു-പൂവ് വസന്തം!
നിന്നില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ-
ഞാന്‍ സ്വപ്നം കണ്ടിരുന്നു-
'ഒരു മുറ്റം നിറയെ കുഞ്ഞ്‌ ജമന്തികള്‍'!
പക്ഷെ......
എന്റെ ഉടഞ്ഞു പോയ പ്രണയ-
പാത്രം അള്‍ത്താര മുന്‍പില്‍ വയ്ക്കുമ്പോള്‍-
ജമന്തി പൂക്കള്‍ പല്ലിളിച്ചുവോ?!
അന്തിവേഴ്ച്ചക്കാരി തലയില്‍ ചൂടിയത്-
ജമന്തി പൂക്കള്‍!
മരണം കാത്തുകിടക്കുന്ന-
ശവ വണ്ടികള്‍ക്ക് ജമന്തി പൂവലങ്കാരം!
'റീത്തും പൂച്ചെണ്ടുമായി!'

ആരെയോ പറഞ്ഞു വിശ്വസിപ്പിക്കണം,
ഇവയൊന്നും ജമന്തി പൂക്കള്‍ അല്ലാ! 
എന്റെ ജമന്തിയില്‍ പിറക്കും-
ഒരു മുറ്റം നിറയെ ജീവനുള്ള 
ഒത്തിരി ജമന്തികള്‍! 

മേഴ്സി-കില്ലിംഗ്

മൊട്ടിട്ട ചെടിയെല്ലാം-
വിരിയാതെ വാടുമ്പോള്‍,
മുറ്റത്തെ മുല്ലയ്ക്ക്-
മണം ഇല്ലാതാകുമ്പോള്‍,
നിന്റെ മനസ്സില്‍-  
ക്രൂര ശിലകള്‍ ഉയിര്‍ക്കുമ്പോള്‍,
തെരുവിലെ പാട്ടില്‍-
പൊതിചോറ്    നിറയുമ്പോള്‍,
വെറുക്കപ്പെട്ട സ്നേഹം-
കുര്‍ബാന കാണുമ്പോള്‍,
കരച്ചിലിന്‍ പ്രളയം-
കാലം വിഴുങ്ങുമ്പോള്‍,
ചിരിക്കാത്ത മോഹങ്ങള്‍-
മരണത്തില്‍ ചിരിക്കുമ്പോള്‍,
അറിയാതെ എന്റെ പ്രണയവും-
മരണം മണക്കുന്നു! 

Friday, September 10, 2010

കിണറ്റിന്‍ കരയിലെ പെണ്ണ്

എന്തിനാണ് നീ എന്നെ തുറിച്ചു നോക്കുന്നത്?
കുറച്ചു കഴിയുമ്പോള്‍ നിന്റെ കണ്ണുകളില്‍ 
ഞാനൊരു നോക്കുത്തി ആകും തീര്‍ച്ച!
എനിക്ക് ഭയമാകുന്നു.......

അവന്‍ നോക്കിയത് അവളെ അല്ലായിരുന്നു-
അവള്‍ ജീവിക്കാതെ ജീവിച്ച ജീവിതത്തെ!

ഞാനിനിയും പഠിച്ചിട്ടില്ല! പരീക്ഷയില്‍ 
ഞാനെന്നോ തോറ്റുപോയി,
സ്ലേറ്റും പെന്‍സിലും ഉത്തരത്തില്‍ തൂക്കിയിട്ടിട്ടു-
കാലം ഒത്തിരിയായി.
ഒരു കുടം വെള്ളം കോരി കേറ്റുവാന്‍-
അത്ര പഠനം ഒന്നും വേണ്ട!
ഞാനെന്നും തല കുനിച്ചേ നടന്നിട്ടുള്ളൂ!
എന്റെ മുഖം കാണാനാവും 
നീയിപ്പോള്‍  വെള്ളം ചോദിക്കുന്നത്.....!?
പിന്നെ നിങ്ങള്‍ ആണുങ്ങള്‍ക്ക് വെറും
വെള്ളം കൊണ്ട് തൃപ്തിയാവോ.......?!

അവന്‍ അവളുടെ മുഖം എപ്പോഴെ-
കിണറ്റിലെ വെള്ളപ്പരപ്പില്‍ കണ്ടിരുന്നു!
അവന്‍ നോക്കിയത് കിണറ്റിലെ ആഴങ്ങളിലേക്കായിരുന്നു!

.............നീ ഒന്നുകൂടി എന്നെ തന്നെ നോക്കിയിരുന്നെങ്കില്‍.....
പലരേയും പിരിയേണ്ടി വന്നത് നിന്നെ-
ഇവിടെ കാണുന്നതിന്, അല്ലെ.......!?
ഇനി കൃഷ്ണാ.......... നിന്റെ പ്രിയ ഗോപികയായി............  
 

Wednesday, September 8, 2010

വല്ല്യ സ്കൂള്‍

ചോറ്റുപാത്രം, കുട, ബാഗ്‌
ഇന്‍സ്ട്രുമെന്റ് ബോക്സ്‌, മഷി നിറച്ച പേന-
പിന്നെ ബസ്‌ കൂലി!
ക്ലാസ്ടീച്ചര്‍ സ്നേഹമുള്ള ടീച്ചര്‍ ആയിരിക്കണേ,
കൂട്ടുകാര്‍ കുശുംബരാകരുതെ,
അടിയും ഇമ്പോസിഷനും വേണ്ട!
"മോനെ കപ്പേളയില്‍ നേര്ച്ച ഇട്ടിട്ടു പോടാ"........അപ്പച്ചന്‍
"മോനെ ചോറിനു ചമ്മന്തിയാണ് കേട്ടോ, നാളെ നല്ല
കറിയുണ്ടാക്കാം"......അമ്മ
അമ്മേ ബെല്‍റ്റ്‌ പൊട്ടി പോകുന്നു........
"ചേട്ടായിയുടെ ബെല്‍റ്റ്‌ കെട്ടി പോ"
ശേ ഈ കുടയില്‍ നിറച്ചു ഉറുമ്പ് കേറി.....
അവള് പഞ്ചാര കട്ട് തിന്നപ്പോ വീണതാ.
"ഈ കഞ്ഞി വെക്കെന്നു കോരികുടിച്ചിട്ടു പോ``
അപ്പച്ചാ  ബുക്ക്‌ മേടിക്കാന്‍ പൈസ........
അമ്മച്ചി യുണിഫോം അലക്കി വക്കണേ.....
ഇല്ലത്തെ പെണ്ണ് കൂടെ വരുന്നുണ്ടോ അമ്മെ?
"അവളെ കാക്കണ്ട, അവളച്ചന്റെ സ്കൂടരില്‍ പോകുവാ"  
"വല്ല്യ മഴ വരും മുന്‍പേ ന്റെ മോന്‍ പൊയ്ക്കോ"..........

ഞാന്‍ ഇന്ന് യുനിവേര്സിടിയില്‍ പോവാ,
എന്റെ ചോറ്റുപാത്രവും, കുടയും, ഒന്നും കാണുന്നില്ല,.....നിങ്ങളെയും!
വെറുതെ കരച്ചില്‍ വരുന്നു.........വലുതായിട്ടും!

ജേഷ്ടന്റെ കുഞ്ഞുമോള്‍ ചോദിച്ചത്-
"അപ്പായിക്ക് പനി വന്നിരുന്നോ?"
ന്താ അങ്ങനെ.. "അല്ല എനിക്ക് പനി വന്നിരുന്നു!"

അമ്മ ഇപ്പോള്‍ കരയുവാണോ?
"ന്താ അങ്ങനെ"....അല്ല എനിക്ക് കരച്ചില്‍......വരുന്നു!.

Monday, September 6, 2010

രാജകുമാരി

അവള്‍ ചുണ്ട് ചുവപ്പിച്ചു,
വിലയുള്ള നറുമണം തേച്ചു,
തൂവെള്ള പട്ടുടുപ്പില്‍ ഏതോ രാജകുമാരിയായി 
ഭക്ഷണ ശാലയുടെ ലക്ഷുറി ടേബിലിനരികില്‍ !


അവളുടെ കണ്ണുകള്‍ എന്റെ വിലകുറഞ്ഞ പാദുകത്തില്‍-
മുഷിഞ്ഞ പഴയ കോട്ടില്‍-
വെട്ടിയൊതുക്കാത്ത താടി രോമങ്ങളില്‍-
തയമ്പ് വീര്‍ത്ത കൈ വെള്ളയില്‍!


അവള്‍  ഒന്ന് നോകി പുഞ്ചിരിചിരിച്ചില്ല-
നന്ദി ചൊല്ലിയില്ല- 
ഒരു കുറ്റക്കാരനെ പോലെ, വിലകെട്ടവനെ പോലെ,
മുഖം തിരിച്ചു നടന്നകന്നു.
എന്റെ വിങ്ങല്‍ ആര് കണ്ടു...?

അവള്‍,
വിയര്‍പ്പും വിശപ്പും മറന്നു,
ഭോജന ശാലയിലെ മിച്ച പാത്രങ്ങള്‍ ചികഞ്ഞു-
അത്താഴമുണ്ട്  
വെയിലും മഞ്ഞും മഴയും 
എന്നെയും മറന്നു ഞാന്‍ ചേര്‍ത്തുവച്ച 
ഡോളറുകള്‍ -
പഠിപ്പിച്ചു  ഞാന്‍ വളര്‍ത്തും  എന്റെ അനുജത്തി!

വയ്യ!
തളരുന്നു, ഒന്നിനും ആവാതെ..........
സ്വയം പഴിച്ചു കൊണ്ട്........

അവസാനം " സാരമില്ല, അവള്‍ മിടുക്കിയായല്ലോ അത് മതി,
ഈ വിങ്ങല്‍ ആരും കാണാതിരിക്കട്ടെ-
അവള്‍ വയര്‍ നിറച്ചു കഴിച്ചോ ആവോ?"

രാപ്പനി

ഈ രാത്രിയും, തണുപ്പും
നിന്റെ വിറയലും എന്നെ ഭയപ്പെടുത്തുന്നു!
നിന്റെ പനികയിപില്‍ എന്റെ മധുരം
മധുരമാകുമോ?
പുതപ്പു ചൂടേകുമോ?
നിന്റെ വിറക്കും ദേഹം ഞാന്‍ എന്നില്‍ ചേര്‍ത്ത്ണക്കട്ടെ?


നീ പെണ്‍കുട്ടിയാണ്-
എന്നില്‍ ജനിക്കാത്ത കുഞ്ഞ്‌-
എന്റെ രക്തത്തില്‍ പിറക്കാതവള്‍!


ഈ രാത്രിയില്‍ നീ അച്ഛനും അമ്മയും ഇല്ലാതെ-
മരുന്നു മണമില്ലാതെ-
സന്ത്വനിപ്പിക്കും ഏതോ സ്ത്രീ രൂപവുമില്ലാതെ......
വിറച്ചും പനിയില്‍ പിച്ചും പേയും പറഞ്ഞു.........
തറയില്‍ തണുപ്പില്‍ തിരിഞ്ഞും മറിഞ്ഞും.........!


വേണ്ടാ, ശാന്തമായി ഉറങ്ങൂ, 
എന്റെ മടിയില്‍ തല ചായിച്ചു, 
മുകളില്‍ ഉറങ്ങും സൂര്യന്‍ അച്ഛനും, 
കീഴെ കയ്യാല്‍ താങ്ങും ഭൂമി അമ്മയും കാണ്‍കെ,


ഈ രാത്രി മാത്രം എനിക്കറിയാം-
നാളെ പുലരുമ്പോള്‍ കൊച്ചു കന്യകയ്ക്ക്
അവകാശകാര്‍ വരും!.......
എന്നിട്ട്...............?

ഡി എന്‍ എ (DNA)

നിങ്ങള്‍ വിശപ്പുകാര്‍!
ഞങ്ങള്‍ വിഷാദക്കാര്‍!
നിങ്ങള്‍ വിരഹത്തിന്റെ വെവരിയുന്നവര്‍,
ഞങ്ങള്‍ ഭയക്കുന്നവര്‍, അടുക്കും മുന്‍പേ അകലാന്‍ പഠിച്ചവര്‍!
നിങ്ങള്‍ തീയില്‍ കുരുത്തവര്‍,
ഞങ്ങള്‍ മഞ്ഞില്‍ മുളച്ചത്.
നിങ്ങള്‍ സ്വന്തമാക്കുന്നവര്‍,
ഞങ്ങള്‍ ഞങ്ങളെ മതിയെന്ന് ശഠിക്കുവോര്‍!
നിങ്ങള്‍ പ്രാര്‍ത്ഥനകാര്‍,
ഞങ്ങള്‍ ബുദ്ധിഉള്ളോര്‍!
നിങ്ങള്‍ ആണും പെണ്ണും,
ഞങ്ങള്‍ ആണും, പെണ്ണും, ആണ്‍പെണ്ണും,
ആണ്‍ആണും, പെണ്‍പെണ്ണും!
ഞാനപ്പോള്‍ ആരാണ്?
വിശപ്പും, വിഷാദവും, വിയര്‍പ്പും, വിരഹവും, വേവും
ഉടലിന്റെ വിളിയും മറന്നു മഞ്ഞില്‍
ഉറഞ്ഞു പോയത്!
ഉറയാത്ത ഇറ്റു കണ്ണ് നീര്‍ എന്റെ ഡി എന്‍ എ ! 

രതിഭാവങ്ങള്‍

എന്‍ പ്രിയ സന്ധ്യേ,
നിന്‍ കണ്ണില്‍ വെണ്ണിലാവിന്‍ തിളക്കം,
ഉടലില്‍ നിഴലും നൃത്തവും!
ചടുല വേഗം പറക്കും കാറ്റും-
കാതില്‍ രമിക്കും രാക്കിളി പാട്ടും!
മണക്കും നിശാപുശ്പങ്ങളും-
തണുവില്‍ വിറക്കും ചൊടിയില്‍ ഉതിര്‍ക്കും
പ്രേമരാഗങ്ങളും!
നിന്റെ പാതി മരവിച്ച ദേഹം 
എനിക്കായി കാത്തുവച്ച ചുടു നിശ്വാസവും!
എല്ലാം കണ്ടുകൊണ്ട്, എല്ലാം കേട്ടുകൊണ്ട്, 
എല്ലാമറിഞ്ഞു ഞാനീ ഊഷരഭൂവില്‍ 
എന്‍ ഉടലിന്‍ തിളപ്പില്‍-
അറിയാ സുഖത്തിന്‍ പൊരുള്‍ തേടി-
ഏതോ വിലക്കപ്പെട്ട കനി തേടി-
വില്പനകാര്കിടയില്‍ വിലപേശി,
തണുത്ത കയ്യാല്‍ രതി ചൊല്ലി,
ഞാന്‍ കൊട്ടിയടച്ച വാതിലിന്‍ ഉള്ളില്‍,
അവള്‍!
 മരിച്ച മനസ്,
ഇനിയും മരിക്കാത്ത ദേഹം- 
വിങ്ങലില്‍ വിറയാര്‍ന്നു വാരിപ്പുതച്ച -
സാരിതലപ്പിന്നുള്ളില്‍നിന്നൂര്‍ന്നു വീണു-
പോയ കുറിപ്പ്!
"എന്റെ പേര് സന്ധ്യ, ഇതെന്റെ അവസാന രാവ്‌-
എനിക്ക് വേദന മാത്രം തന്ന ഭൂമിയോട് വിട......"    

പെയ്തു തീരാത്തവന്‍

മാനം മഴക്കാറു കൊള്ളുമ്പോള്‍

മനസ് പെയ്തു തീരാന്‍ മോഹിക്കുന്നു!
പെയ്തു തീരാനാവാതെ മഴ!

കാറ്റിന്‍ കയ്യില്‍ പെയ്യാതെ വഴുതി പോകുന്ന മേഘം-
പെയ്തു തീരാന്‍ കൊതിക്കുന്നവര്‍കിടയിലെക്കിറങ്ങി പോകുന്നവള്‍!

പെയ്തു തീരാത്ത മനസ് മഴ പെയ്തിടങ്ങള്‍ തേടി അലയുന്ന-
ഭ്രാന്തന്‍ ചെറുക്കന്‍!
അവന്‍ പ്രണയ രോഗി-
ആസ്പത്രി വരാന്തകള്‍, വീട്ടു തിന്ണകള്‍, പള്ളിയംബലചുറ്റുകള്‍,
തടവ്‌ ഗൃഹങ്ങള്‍.............
നടന്നു തിരക്കുന്നു.......

"മഴയെല്ലാം പെയതോഴിഞ്ഞുവോ?!"

ക്രിസ്തു വിധിക്കുമ്പോള്‍

തെരുവില്‍ പട്ടിണികുട്ടികള്‍ കല്ലെറിയുന്നു,
പട്ടിയെ, അവരുടെ അന്നം കട്ട കശ്മലനെ!
ഞാനും കല്ലെറിയുന്നാ പട്ടിയെ, 
വൃത്തികെട്ട ജെന്തു പുഴുവരിക്കും തെരുവ് മൃഗം!
എനിക്ക് പിറകെ മനസ്സിന്‍ താളം തെറ്റിയോരുവന്‍
ചീറി അടുക്കുന്നുവെന്നെ കല്ലെറിയുന്നു-
ഞാന്‍ കല്ലെറിയുന്നതവന്റെ പട്ടിയെ!   

ക്രിസ്തു ചോദിക്കുന്നു, " ആരും നിന്നെ കല്ലെറിഞ്ഞില്ലേ?"
ഉണ്ടെന്നു ഞാന്‍- "ഒരു ഭ്രാന്തന്‍!"
ക്രിസ്തു മണ്ണിലെഴുതി, "ഞാനത് ശരി വയ്ക്കുന്നു,
ഇനി മേലില്‍ അപ്പം കക്കരുത്, പൊയ്ക്കൊള്ളുക!"

Tuesday, August 10, 2010

അദ്വൈതം

എന്റെ നോവിന്‍ കയിച്ച  കപ്പ്‌
നീ കുടിക്കുന്നു !
എന്റെ വിയര്‍പ്പിന്റെ വിഹിതം 
നീ എടുത്തു സ്തോത്രം ചെയ്യുന്നു !
എല്ലാവരും ഉറങ്ങുന്ന ഗത്സമെനിയില്‍ 
നീയും ഞാനും ഉറങ്ങാതിരിക്കുന്നു !
എന്റെ വറുതിയുടെ മുത്തില്‍
നീ ജപമാല കോര്‍ക്കുന്നു !
എന്റെ ഉടലിന്റെ വാഴ്വില്‍
നീ രക്തം വിയര്‍ക്കുന്നു!
ഞാന്‍ കൊട്ടിയടച്ച വാതിലിന്‍ പിന്പില്‍
നീ കുറ്റം വിധിക്കപ്പെടുന്നു!
എന്റെ സ്വപ്നങ്ങള്‍ക്ക് വേണ്ടി
നീ കണ്ണീരിന്‍ കാല്‍വരി കയറുന്നു!
ഞാന്‍ കരഞ്ഞു വീര്‍ത്തു കാല്‍വരിയില്‍ എത്തുമ്പോള്‍
നീ എനിക്ക് വേണ്ടി തൂങ്ങപ്പെട്ട രൂപം......!
അം .................മ്മേ..............!

Monday, August 2, 2010

അടുക്കള ഓര്‍മ്മകള്‍

അവള്‍ എനിക്ക് വേണ്ടി
ഉരുട്ടിയ ഉരുളയുമായി കാത്തിരിക്കുകയാവാം....

പ്യൂണ്‍ അന്തോണി 
ഒടുവിലത്തെ പീരിടിന്റെ മണിയടിക്കുന്നു....

 "അമ്മച്ചീ!........ഈ അമ്മിച്ചീ എവിടെ കിടക്കാ..."
ജനാലയിലൂടെ അരണ്ട വെളിച്ചം-
"അമ്മക്ക് പാടില്ലാ മോനെ, അടുക്കളയില്‍ ഇത്തിരി
ചോറുണ്ട്, എന്റെ മോന്‍ പോയി കഴിച്ചോ......"
കൂജയിലെ തണുത്ത വെള്ളത്തില്‍ നനച്ച
പഴയ പാവാടകഷണം നെറ്റിയില്‍ പതിപ്പിച്ചു-
കഴുത്തില്‍ ചൂട് നോക്കി, എന്റെ പുതപ്പില്‍ അമ്മയെ പുതപ്പിച്ചു-
അടുക്കളയില്‍ എത്തുമ്പോള്‍!
"അമ്മച്ചിയുടെ പൊട്ടപിഞ്ഞാനം അതില്‍ 
ഇത്തിരി പഴ്ന്ചോറും  ചമ്മന്തിയും......
ഉരുട്ടി തീരാത്ത ഒരു ഉരുളയും......!  

പല തുള്ളി പെരുവെള്ളം

ടെലിവിഷനില്‍
അന്നമില്ലാ കുഞ്ഞിന്റെ
മരണ രോദനം!

കണ്ണുതുടച്ച്‌ ഒരു ഫീലിംഗ് ജീവി! എന്ന്
ചുവര്‍ കണ്ണാടിയില്‍ നോക്കി
ആത്മഗതം ചെയ്തു കിടക്കയില്‍ അമരുമ്പോള്‍.....

പുറത്തു മഴ!
അവള്‍ കരയുകയാണ്-
ഞാന്‍ കരയാന്‍ മടിക്കുന്നവര്‍ക്ക് വേണ്ടി.
എന്റെ കണ്ണുകള്‍ നനഞ്ഞു...
ഞാന്‍ കരയാത്ത രാവുകളില്‍-
മഴ പെയ്തു, ഞാന്‍ അറിയാതെ ഒത്തിരി കൂടുതല്‍!
അത് വലിയ വിലാപമായി...
ആ ഒഴുക്കില്‍.....പിടിവിട്ടു പോയ
പരേതാല്മാക്കളുടെ ജലം തിന്നു വീര്‍ത്ത ദേഹങ്ങള്‍....
അവസാനം! എന്റെ പ്രിയാപ്പെട്ടവരെ കിടത്തിയ ശവവണ്ടി........!

അവള്‍ കരയുകയാണ്
കരയാനാകാത്തവന്‍ ഞാന്‍!.

Monday, July 19, 2010

ഹാന്‍ഡ്‌കെര്‍ചീഫ്

  നീ എപ്പോഴോ കളവും പറയാന്‍ തുട
 ങ്ങിയിരിക്കുന്നു!....


'നിന്റെ നെറ്റിയിലെ കറുത്ത പൊട്ടും, 
വാലിട്ടു കണ്ണെഴുതിയ കരിനീല കണ്മഷിയും,
ചൊടിയില്‍ തേച്ച ചായവും,
പുതിയ അത്തറിന്റെ ഗന്ധവും!' എല്ലാം.......   
നീ  കടമെടുതതല്ലേ.......?!


നീയിപ്പോള്‍ പറയും, എല്ലാം നീ എനിക്ക് വേണ്ടിയാണ്-
ചെയ്തതെന്ന്.
നിനക്കറിയാമോ?, ഞാന്‍ കണ്ടിരുന്ന സ്വപ്നങ്ങളിലെല്ലാം-
നീ ചായം പൂശാതവള്‍, അത്തറും ഇടാതവള്‍!
ആ നാള്‍ മുതല്‍ അമ്മ വീതം വച്ച് തന്ന
'കുഞ്ഞു തൂവാല' ഞാന്‍ പോക്കെറ്റില്‍ സൂക്ഷിച്ചിട്ടുണ്ട്-
സത്യമാണ്! കടം തന്നെ!


നിനക്കൊരിക്കലും ദൈന്യത്തിന്റെ വര്‍ണം 
അഴകാകാതിരികാന്‍......... 
തുടച്ചു മാച്ചു പുത്തന്‍ പൌഡര്‍ ഇട്ടു, അഞ്ജനം എഴുതി,
നമ്മുടെ സൊകാര്യതയില്‍-
നിന്റെയും എന്റെയും കണ്ണീരൊപ്പാന്‍......! 

അക്ഷരങ്ങള്‍

എഴുത്ത് വിരല്‍ത്തുമ്പ് നനച്ചു വച്ചിട്ട് ഞാന്‍
അക്ഷരങ്ങള്‍ അന്വേഷിക്കുകയാണ്!......
ഞാന്‍ നടക്കുന്നതും യാചിക്കുന്നതും,

അക്ഷരങ്ങള്‍ക്ക് വേണ്ടിയാണത്രേ!

കോടതി മുറിയില്‍ എന്റെ സാക്ഷി വിസ്താരം-
ജനനവും മരണവും സാക്ഷി!
'അമ്നെഷിയ' ബാധിച്ച ഞാന്‍ അവരെ !
തിരിച്ചറിയുന്നില്ല!
അവര്‍ക്കിടയില്‍ ആരെയോ തിരയുന്നു.......
മുഖം കണ്ടാലറിയുമോ? അറിയും!
ശബ്ദം കേട്ടാലോ.....? ...........ഉം!

ഏകാന്തതയുടെ ദൂരം ഒത്തിരി നീളുന്നതുപോലെ-
ഒറ്റപ്പെടലില്‍ ഓര്‍മ്മകള്‍ നഷ്ടപ്പെടും അല്ലെ?!
അക്ഷരങ്ങളും..........?!

Tuesday, July 6, 2010

തിരുക്കുടുംബം

രാത്രി എപ്പോഴോ  ഞാന്‍ ഞെട്ടിയുണരും,
വിശപ്പ്‌ വഴികാണിച്ചു തരും-
ഇറ്റു ചമ്മലോടെ കഞ്ഞിക്കലം മെല്ലെ തുറന്നു നോക്കും!


ഒരു ഉള്‍വിളി  എന്നോണം അമ്മയെ ഓര്‍ക്കും,
ഒരു പിടി അടുക്കള ഓര്‍മകളാണ് അമ്മ, പിന്നെ കുറെ സുഗന്ധങ്ങളും!

 
ഇത്തിരി കഞ്ഞി ഉപ്പിട്ട് മോന്തി കുടിക്കുമ്പോള്‍,
കണ്ണ് നിറയുന്നു- കഞ്ഞിയില്ലാ കിടാങ്ങളെ മനസ് മുലയൂട്ടുകയാണ്!
മുലക്കന്നു കടിച്ചു വലിക്കുന്നതുപോലെ ചങ്കില്‍ വേദന.


നിഴലുപോലെ അമ്മയുടെ രൂപം,
ഒട്ടിയ വയര്‍, പ്ലായിലയില്‍ കോരിത്തരുന്ന അല്പം പഴങ്കഞ്ഞി.
കണ്ണ് നിറയുന്നു-
വിതുമ്പലിന് അങ്ങേ അറ്റത്ത് കുറ്റബോധത്തിന്റെ ഏങ്ങലടി-
കഴിവില്ലാത്തവന്‍ എന്ന വിങ്ങിപ്പോട്ടല്‍-
ഇരുട്ടിന്‍ മറയിലേക്ക് നിസഹായതയുടെ നിഴല്‍ ഇറങ്ങി പോകുന്നു!
അരുതേ!.............


എന്റെ ഓര്‍മകളുടെ ബലം ഊര്‍ന്നു പോകുന്നതുപോലെ-
അത് ഇരുട്ടിനെ ഭയക്കുകയാണ്!
ഇനി ഓര്‍മകള്‍ക് പോകാനിടമില്ലാ......
എല്ലാറ്റിനെയും ഭയമാണ്!


ഇന്ന്  എനിക്ക് വിശക്കുമ്പോള്‍,
എന്റെ വിശപ്പിന്റെ ഓര്‍മകളെ തേടി അവരെത്തും!
എന്നിട്ട് അവര്‍ ഒരുമിച്ചു ഒട്ടിയ വയറും കൈ തയമ്പും
എന്നെ കാണിച്ചു കളിപ്പിച്ചു........

തിരുസരൂപത്തിനു   മുന്‍പില്‍...
'അന്നന്നതേക്ക് വേണ്ട അപ്പം ഇന്ന് ഞങ്ങള്‍ക്ക് നല്കണമേ'.

Monday, July 5, 2010

മണ്ണും മകനും

കര കരയുന്നു, വന്‍കര കത്തുന്നു!
കലങ്ങാതെ കഴലുകള്‍ കരിയാതെ കാക്കുവതാരീ.........
മണ്ണിന്റെ മരിക്കും മാറിലെ മിച്ച ജീവ ത്വരയെ
സ്മാരിക്കുവതാരമ്മേ, ഭൂമി മാതാവേ ?

ഈ വിണ്ടുണങ്ങികീറും വിധിയുടെ വേദനാഭൂമിയില്‍,
ഇവ്വിധം തലതല്ലി കേഴും ആത്മാവിന്നന്തരംഗ പിറുപിരുപ്പില്‍..
ചെടിയുടെ ആര്ദ്രമാവസാനശ്വാസകെടുതിയില്‍
ഒരു തീയായി ചുടലക്കളം തീര്‍ക്കും   വിഷലിപ്ത ശ്വാസനാളിയാം
പിഴവിന്റെ മേഘങ്ങളേ.....

പ്രാണനെ പ്രാകിയും ഇടനെഞ്ചിലീ പ്രവിന്നുടഞ്ഞ
പരിവേദന പാത്രത്തില്‍ ഇന്ന് നീ പൊഴിക്കും,
വിശപ്പിന്റെ ധാന്യ മണിയുണ്ട് ഞാന്‍ തീര്‍ക്കും
വിനയുടെ വിശുദ്ത്ത വാതിലെ ,

തുറക്കൂ തുറക്കൂ തിറ തെയ്യങ്ങള്‍ ആടിയെത്തൂ,
ഒരു വിനാശ പേമാരിയായി പെയ്തിറങ്ങി ഈ ധാരയുടെ
ഒടുങ്ങാത്ത വിലാപവുമോടുക്കൂ!

കരി മണ്ണിന്‍ കാക്കകള്‍ അന്ന്യോന്യം അറിയാകണ്ണുകള്‍ ചൂഴ്ന്നെടുതയ്യോ,
കോവിലില്‍ കാളിക്ക് കാല നൈവേദ്യം കഴിപ്പൂ!
കിഴക്കും പടിഞ്ഞാറും കുരുക്കിയിട്ടൂ, കാറ്റിന്കുരുവിയെ-
കൈകള്‍ അറ്റ്‌ മരിക്കുവാന്‍ വിട്ടു
വേനലിന്‍ വിഷവാത വൈര ഹസ്ത പ്രഹസനം!

ബീജമായി വേനലിന്‍ വ്യര്‍ത്ഥ സ്വപ്ന തപോവനത്തിലെവിടെയോ-
വിരിയുവാന്‍ കാക്കുന്ന കലിയോടു കാമിനി ചൊല്ലുക,
``വേണ്ട നീ വിരിയേണ്ട``
ലോകവും ദേഹവും വിരിയാതെ കാക്കണം എങ്കിലേയീ താപ-
രസലായനി ഒരിക്കലും ഒടുക്കത്തെ അത്തഴമുന്നാതിരിക്കൂ !

എന്റെ ഉണ്ണിയെ കാത്തോണം ഇറ്റുവെള്ളമാ ചൊടിയില്‍ എകണം ഇന്ന്
താനീ മരിക്കും മണ്ണിന്റെ വിഴുപ്പുമേന്തി
ഉഴ്റിയെതോ മറവിയുടെ ചെമന്ന ചില്ലയില്‍ തന്റെ
ഉണ്മയുടെ ആത്മാവിനെ മരിപ്പാന്‍ കൊടുത്തവള്‍-
മണ്ണിന്റെ ചെറുവായില്‍ അറ്റ മുലപ്പാലിന്‍ അവസാന കണവും
മരുന്നായിച്ചുരത്തിയോള്‍!
ഉടഞ്ഞ മുലക്കന്നമര്‍ത്തി ഈ ധരയുടെ മുറിഞ്ഞ ജീവ നാഭിയില്‍
ഉണങ്ങാത്ത മുറിവുകള്‍ ഉണക്കുവളെതോ മന്ത്രമീ മണ്ണിനെ പുതപ്പിച്ചോള്‍.....

മാറിലര്ബുധം ചളിച്ചും, നേരിന്‍ നീറ്റല്‍ അടക്കിയും,
മരുന്നിന്‍ മണികള്‍ ഉരുട്ടിയും, മുഖം അമര്ത്തിയുമല്ലോ മരിക്കുന്നൂ
മറവിയുടെ മാറാലയില്‍ എന്റെ മാതാവും !

പണിയാളുകള്‍ പഴിക്കുന്നു, ദാഹ ചൂടില്‍ പനിനീര് തേടും
പാതയില്‍ പതിഞ്ഞ ശാപ വാക്കുകലാലൊരു   മുള്‍മുടി തീര്‍ത്തു
നിന്റെ ശിരമകുടമായി കുത്തിയാഴ്തുന്നൂ!
മരണ വെപ്രാള പിടച്ചിലില്‍, ശിശുവിന്‍ അന്നത്വരയും
ദാഹവും ആര്‍ത്തനാദവും ഒരാഭിചാരമായിന്നു, നിന്നധരങ്ങലമ്മേ
ചൂഴ്നെടുത്തു ചടുല നൃത്തം ചവിട്ടുന്നു!

പോക നാമിനി കാലത്തിന്‍ കറുത്ത കൂനന്‍ പിശാചുക്കള്‍
പതിയിരിക്കും പിഴവിന്റെ അല്ത്താരയില്‍!

കാലദേഹവും മേഘവും കണ്ണീരിന്‍
കാഴ്ചയേകും വിനിദ്രമാം വിധിയുടെ മേച്ചില്‍ പുറങ്ങളില്‍ ഇവിടെ
കരുണയും കനിവും കിനിയാത്ത കരിങ്കല്‍ കണ്ണുകള്‍
കാക്കും കെടുതിയുടെ മിച്ചപാത്രത്തില്‍!

ജീവ വായുക്കള്‍ ആറും മുന്പവസാന ജലത്രുഷ്ണയോടുക്കുമീ  കനിവിന്‍
ജലരാശിയെ ജീര്‍ണ്ണിച്ച-
ദാഹം ഒടുങ്ങാ യക്ഷികലീവിധം ഊറ്റികുടിക്കുകില്‍ ,
ദീനമാം ആത്മാവിന്നലച്ചലില്‍ ഒടുവിലീ ഉറവയും വറ്റുകില്‍,
വിരിയാതെ വസന്ത ഹെമന്തമീ ഭൂവിനെ മറക്കയെങ്കിലും
പിറപ്പില്‍ പിഴചോരിവരമ്മേ
പാവമീ പൈതങ്ങള്‍ പിരിയാതെ കൂട്ടിരിക്കാം-

ഈ മടിയിലായ് തല ചായിച്ചു നിന്നധാരങ്ങള്‍ അമ്മേ തുറക്കുക, ചൊടിയില്‍
വിശ്വ പരംപോരുള്‍ കണ്ണ് തുറന്നേതോ വാഴ്വിന്റെ
വിശുദ്ത സന്ഗീര്‍ത്തനം എകട്ടെ ,
വിധിയുടെ ഉടയാചഷകങ്ങള്‍ ഉടയട്ടെ, അപമൃത്യുവിന്‍
വിഷ ധ്രംഷ്ടകള്‍ അടങ്ങട്ടെ, കരിമുകിലിന്‍ കരളു കുളിരട്ടെ-
ഇനിയൊരു പുതിയ അദ്വൈതമുയിര്‍ക്കട്ടെ!
 ഇപ്പാരിതൊരു ദൈവ വേദനയാകട്ടെ!
  

Sunday, July 4, 2010

മുളന്തണ്ടുകള്‍ മുരളിയാവുന്നത്........


നമ്മുക്ക് തണലേകിയ മരമെല്ലാം മുറിക്കപെട്ടിരിക്കുന്നു!
പരിചയക്കാര്‍ പാതിയടഞ്ഞ വാതിലിന്‍ പിന്പിലെ
നിസംകതയിലേക്ക് എത്തി നില്‍ക്കുന്നു!


നഗര നാഴിക വിരല്‍ ചലിക്കുന്നതും കാത്ത്‌
ഓളിയിടാന്‍ ഒരുകൂട്ടം ശ്വാനന്‍ മാര്‍ ,
അവര്‍ കിളിര്കാത്ത മരക്കാലുകളുടെയും, വെറുക്കപ്പെട്ട
മേഘങ്ങളുടെയും നെടുവീര്‍പ്പുകള്‍!


മൃദുല സംഗീതം സിരകള്‍ക്കു തണുപ്പാകുമ്പോള്‍,
നിലാവിന്‍ നിറ മുറ്റത്തു നീ ....
ഈ വിറയ്ക്കുന്ന രാവില്‍ ആരോ തന്ന കമ്പിളി കുപ്പായങ്ങളെ ഒള്ളൂ
ആരൊക്കെയോ വെറുതെ ദയ കാട്ടിയിരിക്കുന്നു.


ക്ഷീരപധവും, സൌരയൂധവും , ഭൂമിയും
എന്റേത് നീയെന്നും മറുതും പാരസ്പര്യം ഘോഷിക്കുന്നു
എന്നാല്‍ നമ്മള്‍ കഴിഞ്ഞാല്‍ അകലങ്ങലാണ്......
അകലങ്ങളോട് അടുക്കുകയാണ് നമ്മള്‍.
പക്ഷികള്‍ ചുണ്ടുരുമ്മുന്നത് ഇതിനു വേണ്ടിയത്രെ!
മുളന്തണ്ടുകള്‍ മുരളിയാകുന്നതും!


ഇവയെല്ലാം ഉണക്കിലും വെയിലിലും പറയാന്‍ മടിച്ച കഥകള്‍,
മുത്തശ്ശിമാര്‍ ഈ കഥയുരിയാടന്‍ മറ്റു കഥയെത്ര പറഞ്ഞു!
ഋതു ഭേതങ്ങളും, ദിനരാത്രങ്ങളും, നീയും ഞാനും
പറയാന്‍ വെമ്പുന്നതും ഈ കഥ


നമുക്ക് കണ്ണില്‍ തിളക്കം
നമ്മള്‍ നേരറിയാന്‍ തിരക്കുകൂട്ടുന്ന
കുസൃതി കുരുന്നുകള്‍........

കടത്തുവള്ളം യാത്രയാവുമ്പോള്‍

നമ്മളിപ്പോഴും നഗരത്തിലാണ്,
മഴ തോര്ന്നതെയുള്ളൂ !
കുഞ്ഞുങ്ങള്‍ ചളിപ്പിച്ച റോഡരുകിലെ,
ചാലിയിടങ്ങളിലെക് നമുക്ക് ഇറങ്ങി നില്‍കാം.
കടത്തുവള്ളം നമ്മെ കാത്തിരിക്കുകയാണ്
അവസാനത്തെ ആളും കടത്തു കടന്നു കഴിഞ്ഞിരിക്കുന്നു!

നഗരത്തില്‍ മഴ അവസാനിച്ചു,
മര്കുറി വെട്ടത്തിന്റെ ചോട്ടില്‍
ഈയലുകളുടെ തേര്‍വാഴ്ച!
നിഴലുകളുടെ തെരുവ് പോരുകള്‍ !
സംഗീതം, നുരഞ്ഞൊഴുകുന്ന വീഞ്ഞ്,
അറിയാതെ എരിയുന്ന സാംബ്രാണി തിരികള്‍!
ഉറങ്ങുന്നവരുടെ ഉണക്ക ഗന്ധം!

നീയെന്താണ് ഭയപ്പടുകൊണ്ട്
പിന്‍ കണ്ണ് എറിയുന്നത്?
പിറകിലാരെങ്കിലും!
നീയിപ്പോള്‍ എന്നെയും ഭയന്നിരിക്കുന്നുവോ?!

പക്ഷികളുടെ പ്രണയകാലം വഴി തെറ്റി വന്നതെന്ന് കാരണവര്‍,
അവരിനി തൂവലുകള്‍ ചീകി ഒതുക്കി പുതിയൊരു മഴയെ കാക്കണം!

പ്രണയാനന്തര കഥയില്‍ കടത്തുവള്ളം കരയനയും......
നീ പുഞ്ചിരിക്കുന്ന മുഖവുമായി യാത്രയാവും...
നമ്മളിനി അകലുന്നവര്‍ , ഒരിക്കലും അടുക്കുവാനാകാത്തതുപോലെ!
പുതിയ പ്രണയ കാലത്തിന്റെ ഭൂമി ശാസ്ത്രം!

വിതുമ്പല്‍

എവിടെയോ എനിക്ക് തെറ്റ് പറ്റിയിരിക്കുന്നു!

നിന്നിലേക്ക്‌ ഒരു ചക്രം ഉരുളുന്നു.....
എല്ലാം ചവിട്ടി മെതിച്ച്.....
നിന്റെ തരള യൌവ്വനത്തെ പോലും വക വയ്ക്കാതെ.


ഭ്രാന്തമായ ഏതോ ഒരു കുഴഞ്ഞ നാവ്....
പിതൃ ഹൃദയത്തിന്റെ പിച്ചും പേയും!


ഇത് നഗരം,
നീണ്ട റോഡുകള്‍ നിന്നിലെത്തി മുറിഞ്ഞു പോകുന്നു.
നിനക്ക് നേരറിവിനോടും ഒറ്റയ്ക്ക് പറക്കും പക്ഷിയോടും പ്രണയം!
ഉണക്ക മരങ്ങളെ മാറ് ചേര്‍ത്തവള്‍....
കലവറയില്ലാ കടലടര്‍ത്തി കൊടുക്കുവോള്‍ ........!


ഞാന്‍ നിനക്ക് മുഖമേതും   കല്പിചില്ലായിരുന്നു,
വിധിപ്പാടുകള്‍ വീണ മുഖം പോലും!

ഒരു മാത്ര, ശൈശവം ബാധിച്ചവനായി നിന്റെ മടിയില്‍ .....
ഗ്രഹാതുരത്വത്തിന്റെ ഗൂഡ സുഖം!

നിരത്തുകള്‍ നമ്മെ തോല്‍പ്പിച്ച് ഓടുകയാണ്,
നീയെല്ലാം മറന്നുറങ്ങുന്നു!
മനസിന്റെ മടിയില്‍ മയില്‍ പീലി വിരിയുന്നു,
ആകാശം കാറു കൊള്ളുന്നു ,
മയിലാട്ടക്കാര്‍ എത്തി കഴിഞ്ഞിരിക്കുന്നു!

ബസ്‌ സ്ടാന്റിലേക്ക് ഓരോ ബസും,
സ്കൂള്‍ കഴിഞ്ഞെത്തും കിടാവിനെപോള്‍........
ഉച്ച ഭാഷിണി ശബ്ദിക്കുന്നു.

നമ്മള്‍ അന്ന്യരെന്ന ബോധം അരിച്ചു കയറുന്നു ....
വേദനകള്‍ ആറുന്നു....
വെറുതെ വേര്‍പ്പോഴുക്കുന്നതാര്‍ക്ക് വേണ്ടി എന്ന 
ചന്ത കാളയുടെ വിതുമ്പല്‍!

ലഹരിയടങ്ങാ പിതാവ് നിന്നെ വച്ച് നീട്ടുന്നു,
ഒരപേക്ഷ പോലെ .........!

കുഞ്ഞനുജത്തി, തെറ്റ് തിരുത്തട്ടെ 
നമ്മളന്ന്യരല്ല!
ഒരു ഞെട്ടില്‍ എവിടെയോ വിരിയുവാന്‍ 
മറന്നവര്‍ മാത്രം .